എന്താ ഇന്ത്യയുടെ കളി, ആവേശകരം, എല്ലാ ക്രെഡിറ്റും ഐപിഎല്ലിന്; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് തരൂര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ടീമിന്റെ വിജയത്തില്‍ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് തരൂര്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചു. അതേസമയം തിരക്കിനിടയിലും തന്റെ ക്രിക്കറ്റിനോടുള്ള സ്‌നേഹവും അഭിനിവേശവുമാണ് കിരീടനേട്ടത്തിന് ശേഷം തരൂര്‍ പ്രകടിപ്പിച്ചത്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
മത്സരം പൂര്‍ണമായും തിരക്കുകള്‍ കാരണം കാണാന്‍ സാധിച്ചില്ലെന്ന് തരൂര്‍ പറയുന്നു. മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്ന പരിപാടിയുണ്ടായിരുന്നു. പക്ഷേ അവസാന ഓവറുകള്‍ തനിക്ക് കാണാനായിരുന്നു. വാക്കുകളാല്‍ വിവരിക്കാനാവാത്തതാണ് ആ നിമിഷങ്ങളെന്ന് തരൂര്‍ പറഞ്ഞു. കിരീട നേട്ടത്തില്‍ രോഹിത് ശര്‍മയെയും ടീമിനെയും അഭിനന്ദിക്കുന്നതായും തരൂര്‍ പറഞ്ഞു.

മത്സരത്തിലെ ആവേശകരമായ നിമിഷങ്ങളെ കുറിച്ചും തരൂര്‍ സംസാരിച്ചു. അക്ഷര്‍ പട്ടേലിന്റെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്തതിലൂടെ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ കടുപ്പമേറിയ ബൗളിംഗും, ഹര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറും,സൂര്യകുമാര്‍ യാദവിന്റെ നിര്‍ണായക ക്യാച്ചും മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
2007ലെ ഫൈനലില്‍ പാകിസ്താനെതിരെ നേടിയ ഇന്ത്യയുടെ വിജയവുമായി താരതമ്യം ചെയ്യാന്‍ പക്ഷേ തരൂര്‍ വിസമ്മതിച്ചു. ദക്ഷിണാഫ്രിക്ക നിര്‍ണായക സമയത്ത് സമ്മര്‍ദത്തില്‍ വീഴുന്നവരല്ല. അവര്‍ക്ക് മത്സരത്തില്‍ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യയുടെ ബൗളിംഗാണ് മത്സരം അനുകൂലമാക്കിയതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
വിജയത്തിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നല്‍കുന്നു. കളിക്കാരെല്ലാം ഫോമില്‍ നില്‍ക്കാന്‍ കാരണം ഐപിഎല്ലാണ്. അത് ലോകകപ്പ് ജയത്തിലേക്ക് നയിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം നിരവധി താരങ്ങള്‍ വൈകാതെ തന്നെ മറ്റ് ഫോര്‍മാറ്റുകളിലും വിരമിക്കുമെന്നും തരൂര്‍ പറഞ്ഞു. രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതയേറെയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കൂടുതല്‍ ഫോക്കസ് ചെയ്യുമെന്നും കോണ്‍ഗ്രസ് എംപി പറയുന്നു. ടി20 കരിയര്‍ മോശമാണെങ്കിലും ജഡേജ ഗംഭീര ടെസ്റ്റ് കളിക്കാരനാണ്. വിരാട് കോലിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. അവസാന ഓവറുകളില്‍ കോലി സ്‌കോര്‍ ഉയര്‍ത്തിയതാണ് വിജയത്തിന് മതിയായ റണ്‍സിലെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബുംറയുടെ ഗംഭീരമായ പതിനെട്ടാം ഓവറിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അതുപോലെ ഹര്‍ദിക് പാണ്ഡ്യയുടെ സംഭാവനകളും മികവുറ്റതാണ്. ഇന്ത്യന്‍ ടീമിന്റെ അടുത്ത ടി20 ക്യാപ്റ്റനായി ഹര്‍ദിക്കോ സഞ്ജു സാംസണോ വരണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തന്നെ തുടരണം. ഗൗതം ഗംഭീറിന്റെ സംഭാവനകളൊന്നും ചെറുതല്ലെന്നും, പക്ഷേ തന്റെ ആഗ്രഹം ദ്രാവിഡ് തുടരണമെന്നാണെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications