ഓസ്‌ട്രേലിയയില്‍ ആഡംബര വീട്, ഐപിഎല്ലില്‍ കിട്ടുന്നത് 8 കോടി; ശിഖര്‍ ധവാന്റെ ആസ്തി എത്രയെന്നറിയുമോ?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണറായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. കുറച്ചുകാലമായി ധവാന്‍ ടീമിന് പുറത്തായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് മറ്റ് യുവതാരങ്ങള്‍ ഓപ്പണറായി വന്നതും ധവാന്റെ ഫോമൗട്ടുമായിരുന്നു പ്രധാന കാരണം. പക്ഷേ രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ധവാന്റെ ഓപ്പണിംഗ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗുകളില്‍ ഒന്നായിരുന്നു.
വമ്പന്‍ ടൂര്‍ണമെന്റുകളില്‍ തിളങ്ങുന്നതായിരുന്നു ധവാന്റെ ശൈലി. ഐസിസി ട്രോഫികളില്‍ അതുകൊണ്ട് ധവാന്‍ എപ്പോഴും താരമായിരുന്നു. ഐപിഎല്ലില്‍ സജീവമായി തന്നെ ധവാന്‍ കളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പെട്ടെന്നുള്ള ഈ വിരമിക്കല്‍ പലരെയും ഞെട്ടിച്ചിരുന്നു.

2010ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. പക്ഷേ 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ധവാനെ താരമാക്കുന്നത്. ഇന്ത്യ കിരീടം നേടുന്നതിന് പ്രധാന കാരണക്കാരന്‍ ധവാനായിരുന്നു. 167 ഏകദിനങ്ങള്‍, 68 ടി20 മത്സരങ്ങള്‍, 34 ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് ധവാന്റെ കരിയറിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24 സെഞ്ച്വറികളാണ് താരത്തിനുള്ളത്. ഇതില്‍ 17 എണ്ണം ഏകദിനത്തിലും ഏഴെണ്ണം ടെസ്റ്റിലുമാണ്. മൊത്തം 269 അന്താരാഷ്ട്ര മത്സരങ്ങളാണ് ദവാന്‍ കളിച്ചത്. നാല്‍പ്പതിന് മുകളില്‍ ശരാശരിയും, 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി 5000 റണ്‍സിന് മുകളില്‍ നേടിയ എട്ട് ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ധവാന്റെ സ്ഥാനം.
ക്രിക്കറ്റില്‍ അരങ്ങേറിയ കാലം മുതല്‍ ധവാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കാറുണ്ട്. ആഡംബര ജീവിതം, വിവാഹ മോചനം, എന്നിങ്ങനെ ധവാന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും മാധ്യമശ്രദ്ധ നേടാറുണ്ടായിരുന്നു. അതേസമയം ധവാന്‍ കളത്തില്‍ ഇല്ലെങ്കിലും ആഡംബര ജീവിതമാണ് നയിക്കുന്നത്. 2022ലാണ് താരം അവസാനമായി ഏകദിന മത്സരം കളിച്ചത്.
താരത്തിന്റെ ആസ്തി 15 മില്യണ്‍ യുഎസ് ഡോളറാണ്. ഇത് 125 കോടി രൂപ വരും. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ എ ഗ്രേഡിലായിരുന്നു ധവാന്‍. ഇതിലൂടെ വര്‍ഷത്തില്‍ അഞ്ച് കോടി രൂപ പ്രതിഫലമായും താരത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമേ മാച്ച് ഫീയായിട്ടും വലിയൊരു തുക തന്നെ താരത്തിന് ലഭിക്കാറുണ്ടായിരുന്നു.
ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷവും, ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവുമാണ് ധവാന് മാച്ച് ഫീയായി ലഭിക്കാറുള്ളത്. 2015ല്‍ ഓസ്‌ട്രേലിയയില്‍ ഒരു വീടും ധവാന്‍ വാങ്ങിയിരുന്നു. 7.3 ലക്ഷം ഡോളറിനാണ് ഈ വീട് വാങ്ങിയത്. ഡല്‍ഹിയിലും താരത്തിന് ആഡംബര വീടുണ്ട്. അഞ്ച് കോടി രൂപയ്ക്കാണ് ഈ വീട് വാങ്ങിയത്.
ആഡംബര വാച്ചുകളുടെ വലിയ ശേഖരവും ധവാനുണ്ട്. കോറം, ടാഗ് ഹിയര്‍, എന്നിവ ധവാന്റെ കളക്ഷനിലുണ്ട്. വജ്രം പതിപ്പിച്ച ഓഡേമാര്‍സ് പിക്വെറ്റ് റോയല്‍ ഓക് ഓഫ്‌ഷോര്‍ വാച്ചും ധവാനുണ്ട്. 72 ലക്ഷമാണ് ഇതിന്റെ വില.
മേഴ്‌സിഡസ് ജിഎല്‍350 സിഡിഐ, ഓഡി, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ്, സുസുക്കി ഹയാബൂസ, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ കവാസാക്കി നിഞ്ച സെഡ്എക്‌സ് 14ആര്‍ എന്നിവയും താരത്തിനുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് 8.25 കോടിയാണ് ധവാന് പ്രതിഫലമായി നല്‍കുന്നത്.












Click it and Unblock the Notifications