'ഗംഭീറിന് ഇത്രയധികം തരംതാഴാന്‍ എങ്ങനെയാണ് കഴിയുക?' വിവാദത്തില്‍ മറുപടി നല്‍കി ശ്രീശാന്തിന്റെ ഭാര്യ
കൊച്ചി: മുന്‍ ഇന്ത്യന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോരിന് പിന്നാലെ മറുപടിയുമായി ശ്രീശാന്തിന്റെ ഭാര്യ.ഗംഭീറിന്റെ മറുപടി വളരെ തരം താണുപോയെന്നാണ് ശ്രീയുടെ ഭാര്യ ഭുവനേശ്വരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയായിരുന്നു വിവാദ സംഭവങ്ങളുണ്ടായത്. മത്സര ശേഷം ഗംഭീറിനെതിരെ ശ്രീശാന്ത് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
തന്നെ ഒത്തുകളിക്കാരന്‍ എന്ന് ഗംഭീര്‍ വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഗംഭീര്‍ ഈ വിഷയത്തില്‍ നേരിട്ട് മറുപടിയൊന്നും നല്‍കിയിട്ടില്ല. ഇതിനിടയിലാണ് ശ്രീശാന്തിന്റെ ഭാര്യയും വിമര്‍ശനം ഉന്നയിച്ചത്. വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ച ഒരു സഹതാരത്തിന് ഇത്രയധികം തരംതാഴാന്‍ കഴിയുന്നു. ശ്രീശാന്ത് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും അത് തുടരുകയാണ്. നമ്മള്‍ എന്താണ് ജീവിതത്തില്‍ പഠിച്ചത് എന്നതാണ് പ്രധാനം. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥ സ്വഭാവം പുറത്തുവരുമെന്നും ഭുവനേശ്വരി പറഞ്ഞു.

ശ്രീശാന്തിന്റെ പോസ്റ്റിന് താഴെയായിരുന്നു ഭുവനേശ്വരി കമന്റിട്ടത്. അതേസമയം തന്നെ തുടര്‍ച്ചയായി ഫിക്‌സര്‍ എന്ന് വിളിച്ചത് കൊണ്ട് മാത്രമാണ് പ്രതികരിച്ചതെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഗംഭീറിന്റെ പരാമര്‍ശം തന്നെയും കുടുംബത്തെയും എല്ലാം വേദനിപ്പിച്ചതായും ശ്രീശാന്ത് പറഞ്ഞു.അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് സംഭവം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരാണ്. ഇതില്‍ ഇന്റേണലായിട്ടുള്ള ഒരു അന്വേഷണം നടത്തും. തീര്‍ച്ചയായും ക്രിക്കറ്റിലെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. നിയമലഘംഘര്‍ക്കെതിരെ ലീഗിന്റെ എത്തിക്‌സ് കമ്മിറ്റി അടക്കമുള്ളവര് എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കുമെന്നും എല്‍എല്‍സി പറഞ്ഞു. അന്വേഷണം വന്നാല്‍ ഇരുതാരങ്ങള്‍ക്കും തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
കളത്തിലെ മാന്യതയില്ലാതെ പ്രവര്‍ത്തനത്തിന് ഗംഭീറിനും അതുപോലെ വാക്കേറ്റത്തിന് ശ്രീശാന്തിനും വിലക്ക് വന്നേക്കാം.ഗംഭീറിനെതിരെ നിരവധി ആരോപണങ്ങള്‍ വേറെയും ശ്രീശാന്ത് ഉന്നയിച്ചിരുന്നു. ഗംഭീര്‍ സീനിയര്‍ താരങ്ങളെ ഒരിക്കലും ബഹുമാനിക്കാത്തയാളാണ്. തനിക്കൊപ്പം ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനെ പോലും അദ്ദേഹം ബഹുമാനിച്ചിട്ടില്ല.
എല്ലാ സഹതാരങ്ങളോടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നയാളാണ് ഗംഭീര്‍. വിരാട് കോലിയോടുള്ള പ്രശ്‌നങ്ങള്‍ കാരണം കമന്ററിക്കിടെ അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലും ഗംഭീര്‍ തയ്യാറാവാറില്ലെന്നും ശ്രീശാന്ത് ആരോപിച്ചിരുന്നു. അതേസമയം ശ്രീശാന്ത് മത്സരത്തില്‍ മൂന്നോവർ എറിഞ്ഞപ്പോള്‍ 35 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റുമെടുത്തു. ഇന്ത്യ ക്യാപിറ്റല്‍സ് പക്ഷേ മത്സരത്തില്‍ 12 റണ്‍സിന് വിജയിക്കുകയായിരുന്നു.












Click it and Unblock the Notifications