ഹൈദരാബാദിന്റെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് കാവ്യാ മാരന്‍, കെകെആറിന് കൈയ്യടി; വീഡിയോ വൈറല്‍
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പ് കിരീടം നേടിയതിന് പിന്നാലെ വന്‍ ആഘോഷത്തിലായിരുന്നു. എന്നാല്‍ മറുപക്ഷത്ത് തീര്‍ത്തും വേദനിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു കാണാനായത്. ഈ സീസണില്‍ ഏറ്റവും ഗംഭീര പ്രകടനങ്ങള്‍ നടത്തി ഫൈനലില്‍ എത്തിയ ഹൈദരാബാദിന് ഒരിക്കല്‍ കൂടി കെകെആറിന് മുന്നില്‍ മുട്ടുമടക്കാനായിരുന്നു വിധി.
തീര്‍ത്തും ഏകപക്ഷീയമായിരുന്നു മത്സരം. ഹൈദരാബാദ് ടീമിന്റെ ഉടമ കാവ്യ മാരന് തോല്‍വി ഒട്ടും താങ്ങാനാവുന്നതായിരുന്നില്ല. അവര്‍ തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരയുകയായിരുന്നു. മാധ്യമങ്ങള്‍ കാണാതിരിക്കാന്‍ കരച്ചില്‍ അടക്കിപ്പിടിക്കാനും അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തോല്‍വിയുടെ വേദന കൃത്യമായി തന്നെ അവരുടെ മുഖത്ത് കാണാനാവുമായിരുന്നു.

ഹൈദരാബാദിന്റെ ആരാധകരെ നോക്കി വിഷമത്തോടെ അവര്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം കാവ്യ മാരന്‍ വിഷമത്തോടെ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം ബ്രോഡ്കാസ്റ്റര്‍മാരുടെ ഇടയിലേക്ക് വരാന്‍ പോലും കാവ്യ തയ്യാറായില്ല.
എവിടെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ സാന്നിധ്യം പോലും ഇല്ലായിരുന്നു. അതേസമയം കൊല്‍ക്കത്ത ടീമിന്റെ വിജയത്തിന് ശേഷം അവര്‍ക്ക് വേണ്ടി കൈയ്യടിക്കുന്ന കാവ്യ മാരന്റെ വീഡിയോയും വൈറലായിട്ടുണ്ട്. കടുത്ത വിഷമത്തിലും കാവ്യയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
അതേസമയം കെകെആര്‍ ക്യാമ്പില്‍ പക്ഷേ ആഘോഷങ്ങളായിരുന്നു കാണാന്‍ കഴിഞ്ഞത്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയാണ് ഐപിഎല്ലില്‍ കാണാന്‍ കഴിഞ്ഞത്. ടീമിന് പത്ത് വര്‍ഷമായി കിട്ടാതിരുന്ന ഐപിഎല്‍ കിരീടമാണ് കെകെആറിനെ തേടിവന്നത്. തന്റെ ഐക്കോണിക്ക് പോസും ഇതിനിടെ ഷാരൂഖ് ഖാന്‍ കാണികളുമായി പങ്കുവെച്ചു.
കുടുംബത്തോടൊപ്പം സ്റ്റേഡിയത്തില്‍ വലംവെച്ച ഷാരൂഖ് ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് നേരെ അദ്ദേഹം കൈവീശുകയും ചെയ്തു. നിരവധി ആരാധകരാണ് ഷാരൂഖ് ഖാന്‍ എന്ന ബ്രാന്‍ഡിന്റെ തിരിച്ചുവരവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2023ല്‍ മൂന്ന് വമ്പന്‍ ഹിറ്റുകളാണ് ഷാരൂഖിനെ തേടിയെത്തിയത്. അഞ്ച് വര്‍ഷത്തോളം ഇടവേള എടുത്ത ശേഷമായിരുന്നു ഷാരൂഖ് ബോക്‌സോഫീസ് തിരിച്ചുവരവ്. പഠാനിലൂടെ ആയിരം കോടി ക്ലബില്‍ കയറിയ ഷാരുഖ്, ജവാനിലും അത് ആവര്‍ത്തിച്ചു.
വര്‍ഷവാസാനം ഡങ്കിയിലൂടെ മറ്റൊരു വിജയവും ഷാരൂഖ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം സിനിമകളില്ലെങ്കിലും കൊല്‍ക്കത്ത ടീമിനൊപ്പം തന്നെ ഷാരൂഖ് ഉണ്ടായിരുന്നു. വന്‍ വിജയം ഷാരൂഖിന് കൂടി അര്‍ഹതപ്പെട്ടതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ടീമിനെ പ്രചോദിപ്പിക്കാനായി പലപ്പോഴും ഷാരൂഖ് സ്‌റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.












Click it and Unblock the Notifications