സിഎസ്കെയിൽ ധോണിയുടെ കൂട്ടാളി, ചിന്നത്തല എന്ന് വെറുതെ വിളിച്ചതല്ല; സുരേഷ് റെയ്‌നയുടെ ആസ്‌തി 250 കോടി?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം ധോണിക്ക് കീഴിൽ നേട്ടമുണ്ടാക്കിയത് പലപ്പോഴും ടീം വർക്കിലൂടെയാണ്. അതിൽ നിർണായക സ്ഥാനം വഹിച്ചവരിൽ ഒരാളാണ് സുരേഷ് റെയ്‌ന. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഇടംകൈയൻ ബാറ്റർമാരിൽ ഒരാളായിരുന്നു റെയ്‌ന. പലപ്പോഴും തകർച്ചയുടെ പടുകുഴിയിൽ നിന്നിരുന്ന ടീമിനെ മുന്നോട്ട് നയിച്ചതും ജയത്തിലേക്ക് കൊണ്ട് പോയതും സുരേഷ് റെയ്‌ന ആയതിനാൽ തൊണ്ണൂറുകളിൽ ജനിച്ചവർക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല.
പലപ്പോഴും മധ്യനിരയിൽ റെയ്‌ന ഉൾപ്പെടെയുള്ള താരങ്ങൾ മികവ് പുലർത്തിയതാണ് അന്നൊക്കെ ടീമിനെ ചായത്തിലേക്ക് എത്തിച്ചത്. ഐപിഎല്ലിൽ ചെന്നൈയിൽ എത്തിയപ്പോഴും ഇതേ മികവ് തുടരാൻ റെയ്‌നയ്ക്ക് കഴിഞ്ഞു. ടി20യിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സെഞ്ച്വറി നേടിയ താരം കൂടിയാണ് സുരേഷ് റെയ്‌ന എന്ന കാര്യം പലർക്കും അറിയില്ല.

ഇപ്പറഞ്ഞതൊക്കെ സുരേഷ് റെയ്‌നയുടെ കരിയറിലെ നേട്ടങ്ങൾ മാത്രമാണ്. എന്നാൽ തന്റെ പതിനഞ്ച് വർഷത്തോളം നീണ്ട കരിയറിൽ റെയ്‌ന ഉണ്ടാക്കിയെടുത്ത ആരാധകവൃന്ദം വളരെ വലുതാണ്. മിസ്‌റ്റർ പെർഫെക്റ്റ് എന്ന വിശേഷണവും താരത്തിന് സ്വന്തമായിരുന്നു. അതിനാലാണ് ധോണി ഇപ്പോഴും റെയ്‌നയെ ചേർത്തുനിർത്താൻ ശ്രമിച്ചത്.
ക്യാപ്റ്റൻ എന്ന നിലയിലും മികവ് പുലർത്തിയിട്ടുള്ള താരമാണ് സുരേഷ് റെയ്‌ന. ഇത്രയൊക്കെ ആണെങ്കിലും ഇപ്പോൾ താരം സജീവ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്ത്യൻ ദേശീയ ടീമിലും ഐപിഎല്ലിലും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ക്രിക്കറ്റും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് ഇപ്പോഴും റെയ്‌നയുടെ വരുമാനം മാർഗം.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വാർഷിക കരാറിൽ നിന്നും ഒപ്പം ഐപിഎല്ലിലെ പ്രതിഫലത്തിൽ നിന്നുമൊക്കെയായി കോടികളുട വരുമാനമാണ് സുരേഷ് റെയ്‌ന ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അത് പലപ്പോഴും നാം മനസിൽ കാണുന്ന തുകയ്ക്കും വളരെ മുകളിൽ ആണെന്നതാണ് യാഥാർഥ്യം.
താരത്തിന്റെ നിലവിലെ ആസ്‌തി ഏകദേശം 250 കോടിയോളം രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ സിംഹഭാഗവും ക്രിക്കറ്റിൽ നിന്ന് തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മത്സരങ്ങളും താരത്തിന്റെ വരുമാനത്തിന് കാരണമായി. ഒപ്പം പരസ്യങ്ങളും വിവിധ ബ്രാൻഡുകളും തമ്മിലുള്ള പങ്കാളിത്തവും അദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ ഘടകമാണ്.
നിലവിൽ 50 ലക്ഷത്തിൽ അധികം വരുമാനം മാസം താരത്തിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ അത് വാർഷിക കണക്കിൽ എടുക്കുമ്പോൾ 6 കോടിയോളം വരുമെന്നതാണ് പ്രത്യേകത. കൂടാതെ കുറെയധികം സീസണുകളിൽ നിന്നായി ഐപിഎല്ലിൽ വലിയൊരു വരുമാനം അദ്ദേഹം നേടിയെടുത്തിരുന്നു.
കൂടാതെ റെയ്‌നയുടെ സമ്പാദ്യത്തിൽ പ്രധാനമായും അദ്ദേഹത്തിന്റെ പതിനെട്ട് കോടിയോളം വില വരുന്ന ഗാസിയാബാദിലെ വസതിയും ഉൾപ്പെടുന്നു. അത്യാഢംബര സൗകര്യങ്ങൾ അടങ്ങിയതാണ് ഈ വീടെന്നാണ് ലഭ്യമായ വിവരം. വളരെക്കുറച്ച് കാറുകൾ മാത്രമാണ് താരത്തിന്റെ ഗ്യാരേജിൽ ഉൾപ്പെടുന്നത്, എങ്കിലും അവ വലിയ വിലയുള്ളത് തന്നെയാണ്. പോർഷെ ബോക്‌സ്റ്റർ എസ്, മെഴ്‌സിഡസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പക്കലുണ്ട്.












Click it and Unblock the Notifications