ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക് കിട്ടിയ സമ്മാനതുക 20 കോടിക്ക് മുകളിലോ? ദക്ഷിണാഫ്രിക്കയ്ക്ക് 10 കോടി കിട്ടി
ന്യൂയോർക്ക്: നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടമെന്ന ഇന്ത്യയുടെ ആഗ്രഹത്തിന് ഒടുവിൽ അവസാനമായിരിക്കുകയാണ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ചരിത്രം കുറിച്ചപ്പോൾ തോൽവി ഏറ്റുവാങ്ങിയത് ദക്ഷിണാഫ്രിക്കയാണ്. എന്നാൽ കിരീട വിജയികളായ ഇന്ത്യയ്‌ക്കൊപ്പം തന്നെ കിട്ടിയ സമ്മാനതുകയുടെ കാര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്കും സന്തോഷിക്കാനുള്ള വകുപ്പുണ്ട്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇരുടീമുകൾക്കും വൻ തുക തന്നെ പ്രൈസ് മണി ആയി ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് തന്നെയാണ് നേട്ടം. ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഏകദേശം 2.45 മില്യൺ ഡോളർ അഥവാ ഇരുപത് കോടി രൂപയോളം കിട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഐസിസി തന്നെയാണ് ഈ സമ്മാനതുക സ്പോൺസർ ചെയ്യുന്നത്. പതിനഞ്ചംഗ ടീമാണ് ലോകകപ്പിന് എത്തിയത്, എന്തായാലും ഓരോ താരത്തിനും കുറഞ്ഞത് ഒരു കോടിയെങ്കിലും കിട്ടാനുള്ള തുക ഉണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയും നേട്ടമുണ്ടാക്കി എന്നതാണ് യാഥാർഥ്യം. ഇവർക്ക് 1.28 മില്യൺ ഡോളർ അഥവാ പത്ത് കോടിയിലധികം രൂപ സമ്മാനമായി കിട്ടി. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ സെമിഫൈനലിൽപ്രവേശിച്ച മറ്റ് രണ്ട് ടീമുകളായ അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടിനും മോശമല്ലാത്ത തുക തന്നെയാണ് ഐസിസി നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും 787,500 ഡോളർ വീതം അതായത് ഏകദേശം 6.56 കോടി രൂപയോളം രൂപ സമ്മാനമായി കൈപ്പറ്റിയെന്നാണ് കണക്കുകൾ. ഇതോടെ ടൂർണമെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് വേണ്ടി മാത്രം ഐസിസി ചിലവാക്കിയ തുക കേട്ടാൽ ആരായാലും ഞെട്ടും. ഏതാണ്ട് 44 കോടിയോളം രൂപ വരും ഇതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കയെ ആവേശകരമായ മത്സരത്തിൽ തകർത്താണ് ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടനേട്ടം ആഘോഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും ഒന്നും കാര്യമായ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാതിരുന്ന വിരാട് കോഹ്‌ലി കലാശപ്പോരിൽ തന്റെ പ്രതിഭ കാണിച്ചു. ഇതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.സീ ലോകകപ്പിലെ കോഹ്‌ലിയുടെ ആദ്യ അർധ സെഞ്ച്വറിയും ഇന്നലെയാണ് പിറന്നത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും ക്വിന്റൺ ഡികോക്കും സ്‌റ്റബ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അവർ ജയം ഉറപ്പിച്ചിരുന്നു. പിന്നാലെ എത്തിയ ക്ലാസൻ അവർക്ക് വ്യക്തമായ മുൻതൂക്കം നൽകിയെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യ അവരെ വരിഞ്ഞുമുറുക്കി. ഒടുവിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
ജയത്തിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ രോഹിത് ശർമ്മയും ടി20യിൽ നിന്ന് വിടവാങ്ങുകയാണെന്ന് അറിയിച്ചു. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ട് ബാറ്റർമാരാണ് ചെറു ഫോർമാറ്റിൽ നിന്ന് പടിയിറങ്ങുന്നത്.












Click it and Unblock the Notifications