മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയത് വെറും 5 റൺസ്; എന്നിട്ടും കോഹ്‌ലിയെ ന്യായീകരിച്ച് ബാറ്റിങ് കോച്ച്, കാരണം
ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയെങ്കിലും ആശങ്കപ്പെടുത്തുന്ന ഘടകങ്ങൾ ഒട്ടേറെ ഉയർത്തുന്നുണ്ട് എന്നതാണ് വാസ്‌തവം. അതിൽ പ്രധാനപ്പെട്ട കാര്യമാണ് വിരാട് കോഹ്‌ലിയുടെ മോശം ഫോം. ഐപിഎല്ലിലെ മിന്നുന്ന പ്രകടനവുമായി യുഎസിലേക്ക് വണ്ടി കയറിയ കോഹ്‌ലിക്ക് പക്ഷേ അതേ നിലവാരം ലോകകപ്പ് വേദിയിൽ പുലർത്താൻ കഴിഞ്ഞില്ല.
ഇതോടെ പലഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരുകയാണ്. മൂന്ന് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ കോഹ്‌ലിക്ക് ഓപ്പണിംഗിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല രണ്ടക്കം കടക്കാൻ പോലും കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും അഞ്ച് റൺസ് മാത്രമാണ് താരം നേടിയത്.

ഇപ്പോഴിതാ താരത്തെ പ്രതിരോധിക്കുകയാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോർ. കോഹ്‌ലിയുടെ ഫോം ടീമിനെ ബാധിക്കുന്നില്ലെന്നാണ് റാത്തോറിന്റെ പക്ഷം. "ഞാൻ ഇങ്ങനെ വരുമ്പോഴെല്ലാം വിരാട് കോഹ്‌ലി നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം ഉയരുന്നത് എനിക്ക് ഇഷ്‌ടമുള്ള കാര്യമാണ്. ഒഅദ്ദേഹത്തിന്റെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല" റാത്തോർ പറഞ്ഞു.
അദ്ദേഹം താൻ കഴിഞ്ഞുവന്ന ടൂർണമെന്റിൽ (ഐപിഎൽ) മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു. ഇവിടെ രണ്ട് തവണ പുറത്തായെന്ന് വെച്ച് ഒന്നും മാറില്ല. അദ്ദേഹം ശരിക്കും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്." റാത്തോർ പറയുന്നു. കൂടാതെ ഇന്ത്യയ്ക്ക് ഏറ്റവും അധികം ആവശ്യമുള്ള സമയത്ത് അദ്ദേഹം ഫോമിലേക്ക് തിരിച്ചു വരുമെന്നാണ് റാത്തോർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
"ചില നല്ല കളികൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, നമ്മൾ അദ്ദേഹത്തിൽ നിന്ന് ചില മികച്ച ഇന്നിംഗ്‌സുകൾ കണ്ടതാണ്." അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ ശിവം ദുബെയും അക്‌സർ പട്ടേലും ഉൾപ്പെടെ നാല് ഓൾറൗണ്ടർമാരെ കളത്തിലിറക്കുന്നത് ഗുണം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് വിക്രം റാത്തോർ ഒഴിഞ്ഞുമാറി.
അതേസമയം, ഇത്തവണ ലോകകപ്പിൽ രോഹിത് ശർമ്മയ്ക്ക് ഒപ്പം ഓപ്പണിംഗിലാണ് വിരാട് കോഹ്ലി കളിക്കുന്നത്. നേരത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന് വേണ്ടി ഓപ്പണറായാണ് കോഹ്ലി കളിച്ചിരുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കോഹ്‌ലിയെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ കോഹ്‍ലിക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതോടെ പല മുതിർന്ന താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കോഹ്‍ലിയുടെ സ്വതസിദ്ധമായ ശൈലിയിൽ കളിയ്ക്കാൻ താരത്തെ മൂന്നാം നമ്പറിൽ ഇറക്കണമെന്നായിരുന്നു ചില മുൻ താരങ്ങളുടെ ആവശ്യം. എന്നാൽ നിലവിലെ ഫോർമേഷനിൽ കാര്യമായ മാറ്റം വരുത്താൻ ഇന്ത്യൻ ടീം മുതിരില്ലെന്നാണ് സൂചന.












Click it and Unblock the Notifications