പാകിസ്താന് പെട്ടി പാക്ക് ചെയ്യാം, ഇന്ത്യ ഉറപ്പിച്ചോ? ടി20 ലോകകപ്പ് സൂപ്പര്‍ 8 സാധ്യതകള്‍ ഇങ്ങനെ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അത്ഭുത വിജയം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. പാകിസ്താനെതിരായ നിര്‍ണായക മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ സൂപ്പര്‍ 8 സാധ്യത സജീവമാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ പാകിസ്താനെ സംബന്ധിച്ച് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം പുറത്തായത് പോലെയാണ് അവരുടെ അവസ്ഥ. ആദ്യ രണ്ട് മത്സരങ്ങളും അവര്‍ തോറ്റിരിക്കുകയാണ്. അമേരിക്കയോട് ഞെട്ടിച്ച തോല്‍വിയാണ് പാകിസ്താന്‍ വഴങ്ങിയത്. ന്യൂയോര്‍ക്കിലെ സ്‌റ്റേഡിയത്തില്‍ പ്രവചിച്ചത് പോലെ തന്നെ യാതൊരു നിലവാരവുമില്ലായിരുന്നു. ഇരുടീമുകളും കളത്തില്‍ വിയര്‍ക്കുന്നതാണ് കണ്ടത്.

പാകിസ്താന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ ശരിക്കും വെള്ളം കുടിച്ചിരുന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തതോടെ ഇന്ത്യ 119 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ തോല്‍വി ഉറപ്പിച്ചതായിരുന്നു മത്സരത്തില്‍. എന്നാല്‍ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ മോശമായപ്പോള്‍ ജയം കൈവിടുകയായിരുന്നു.
അതിലുപരി ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ് ഇവിടെ എടുത്ത് പറയേണ്ടത്. ജസ്പ്രീത് ബുംറയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. റണ്‍സ് വഴങ്ങുന്നതില്‍ ബുംറ പിശുക്ക് കാണിച്ചു. ഇതേ തുടര്‍ന്നുണ്ടായ സമ്മര്‍ദം പാകിസ്താനെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു. പാക് ടീം ഒരിക്കലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.
സൂപ്പര്‍ എട്ടില്‍ കയറാനുള്ള പാകിസ്താന്റെ സാധ്യതയാണ് ഏകദേശം ഇല്ലാതായിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഗ്രൂപ്പില്‍ പോയിന്റേ ഇല്ലാതിരിക്കുന്ന ടീമാണ് പാകിസ്താന്‍. അമേരിക്കയ്ക്കും കാനഡയ്ക്കും പോയിന്റുകളുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ബാബര്‍ അസമിന്റെ ടീമിന് സൂപ്പര്‍ എട്ടില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ.
പക്ഷേ ഈ മത്സരങ്ങള്‍ ജയിച്ചാലും സൂപ്പര്‍ എട്ട് ഉറപ്പിക്കാന്‍ പാകിസ്താന്‍ ടീമിന് സാധിക്കില്ല. അമേരിക്കയോ കാനഡയോ ഇനിയുള്ള മത്സരങ്ങള്‍ ഒന്നും ജയിക്കാനും പാടില്ല എന്ന അവസ്ഥയുണ്ടാവണം. കാനഡ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരങ്ങള്‍. പാകിസ്താനെ സംബന്ധിച്ച് ഇവര്‍ രണ്ടും ദുര്‍ബലരായ ടീമുകളാണ്.
പാകിസ്താന്‍ അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും യുഎസ്എ അടുത്ത രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് നോക്കിയാണ് സൂപ്പര്‍ എട്ട് യോഗ്യത തീരമാനിക്കുക. രണ്ട് ടീമുകള്‍ക്കും ഒരേ പോയിന്റാണ് അതിലൂടെ വരിക. പക്ഷേ നിരവധി കാര്യങ്ങള്‍ ഇവിടെ പാകിസ്താന് അനുകൂലമായി വരേണ്ടതുണ്ട്.
കാനഡ പ്രതീക്ഷിച്ച അത്ര ദുര്‍ബലരായ ടീമല്ല. അവര്‍ നേരത്തെ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയതാണ്. അതുകൊണ്ട പാകിസ്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ആരെയും അട്ടിമറിക്കുന്ന ടീമായ അമേരിക്ക ഇന്ത്യയെ അട്ടിമറിച്ചാല്‍ അതോടെ പാകിസ്താന്റെ സാധ്യതയും അസ്തമിക്കും.












Click it and Unblock the Notifications