ഇവരെ ഇനിയും മതിയായില്ലേ? രോഹിതിനെയും കോഹ്‍ലിയെയും എടുത്തുകുടഞ്ഞ് മഞ്ജരേക്കർ, കാരണം ഇത്
ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ അതൃപ്‌തി പരസ്യമാക്കി മറ്റൊരു മുൻ താരം കൂടി രംഗത്ത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ് മുതിർന്ന താരങ്ങളെ ഉൾപ്പെടെ ശക്തമായി വിമർശിച്ചത്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരെയാണ് മഞ്ജരേക്കർ കടുത്ത ഭാഷയിൽ വിമർശിച്ചത്.
മുതിർന്ന താരങ്ങളെ കുത്തി നിറയ്ക്കുന്നതിന് പകരം കഴിവുള്ള യുവതാരങ്ങളെ വേണം ടീമിൽ ഉൾപ്പെടുത്താൻ എന്നാണ് സഞ്ജയ് മഞ്ജരേക്കൾ അഭിപ്രായപ്പെട്ടത്. മുൻകാലങ്ങളിൽ മുതിർന്ന താരങ്ങൾ മോശം പ്രകടനം നടത്തിയതും വമ്പൻ ടൂർണമെന്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതും ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കറുടെ വിമർശനം.

നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമ്മയെ വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പണിംഗ് സ്ലോട്ടിൽ കളിപ്പിക്കുകയല്ലാതെ ഇപ്പോൾ ഇന്ത്യക്ക് മുൻപിൽ മറ്റ് വഴികളില്ലെന്നും മഞ്ജരേക്കർ പറയുകയുണ്ടായി. ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇന്ത്യൻ ടീം ക്യാപ്റ്റനെയും മറ്റൊരു സൂപ്പർതാരത്തെയും വിമർശിച്ചു കൊണ്ട് മഞ്ജരേക്കർ രംഗത്ത് വന്നത്.
മഞ്ജരേക്കറുടെ അഭിപ്രായത്തിൽ ഓപ്പണിംഗ് സ്ലോട്ടിൽ യശസ്വി ജയ്‌സ്വാൾ വരേണ്ടതായിരുന്നു, എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോഹ്‌ലിയെ ഓപ്പൺ ചെയ്യിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നേരത്തെ കോഹ്ലി ഇക്കുറി ഓപ്പണിംഗിൽ കളിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
കൂടുതൽ ചെറുപ്പമായ താരങ്ങളെ ഉൾപ്പെടുത്താനാണ് താൻ ആഗ്രഹിക്കുകയെന്നും എന്നാൽ സെലക്റ്റർമാർ ഇവരിൽ അർപ്പിച്ചതിനാൽ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറയുന്നു. മൂന്നാം നമ്പറിൽ ബാറ്റ് വീശാൻ കോഹ്‌ലിക്ക് സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ രണ്ട് വലംകൈയൻ ബാറ്റർമാരെ ഓപ്പണിംഗ് ഇറക്കുക എന്ന തീരുമാനത്തിലേക്ക് ഇന്ത്യ നീങ്ങേണ്ടി വരുമെന്നുമാണ് മഞ്ജരേക്കർ പറയുന്നത്.
ജയ്‌സ്വാളിന് അന്തിമ ഇലവനിൽ സ്ഥാനം ഉണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കാര്യമായ നേട്ടം ഉണ്ടാക്കാത്ത മുതിർന്ന താരങ്ങളിൽ ഇത്തവണയും ഇന്ത്യ വിശ്വാസം അർപ്പിച്ച സാഹചര്യത്തിൽ ഇക്കുറി അതിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും സഞ്ജയ് മഞ്ജരേക്കർ പറയുന്നു.
അതേസമയം, അന്താരാഷ്ട്ര ടി20യിൽ നിന്ന് ഏറെക്കാലമായി വിട്ടു നിൽകുകയായിരുന്നു രോഹിതും കോഹ്‌ലിയും. ഐപിഎല്ലിൽ കളി തുടരുമ്പോഴും രണ്ട് പേരും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് കുഞ്ഞൻ ഫോർമാറ്റിൽ കളിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യൻ ടീം സെലക്റ്റർമാർ ഇരുവർക്കും അവസരം നൽകുകയായിരുന്നു. ഇതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications