ചരിത്ര നേട്ടത്തിനരികെ സഞ്ജു സാംസൺ; സൂപ്പർ എട്ടിൽ കളിച്ചാൽ ഈ റെക്കോർഡ് നേടാം, സാധ്യത ഇങ്ങനെ
ന്യൂഡൽഹി: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശ പോരാട്ടങ്ങൾക്ക് ശേഷം സൂപ്പർ ഏട്ടിലെ കൂടുതൽ കടുപ്പമേറിയ മത്സരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നേരിടാനുള്ളത് അഫ്‌ഗാനിസ്ഥാനെയാണ്. ഇന്ന് ബാർബഡോസിൽ വച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം കൂടിയേ തീരൂ. ഇത്തവണ ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത താരമാണ് സഞ്ജു സാംസൺ.
പതിനഞ്ചംഗ ടീമിൽ ഇടം നേടിയ സഞ്ജുവിന് പക്ഷേ കഴിഞ്ഞ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പോലും അവസരം നൽകിയിരുന്നില്ല. ഇനി സൂപ്പർ എട്ടിൽ ആകെയുള്ളത് മൂന്ന് മത്സരങ്ങളാണ്. അതിൽ സഞ്ജുവിനെ ഇറക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കാരണം ചരിത്ര നേട്ടത്തിന് അരികിലാണ് മലയാളികളുടെ പ്രിയ താരമുള്ളത്.

ടി20 ക്രിക്കറ്റിൽ മുന്നൂറ് സിക്‌സറുകൾ നേടുക എന്ന വലിയ നേട്ടത്തിന് തൊട്ടടുത്ത് നിൽക്കുകയാണ് സഞ്ജു ഇപ്പോൾ. സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ സഞ്ജുവിന് അവസരം കിട്ടിയാൽ താരം ഈ റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. എങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമായിരിക്കും സഞ്ജു.
273 മത്സരങ്ങൾ കളിച്ച സഞ്ജു ഇതുവരെ 298 സിക്‌സറുകളാണ് നേടിയത്. ആകെ 261 ഇന്നിംഗ്‌സുകൾ കളിച്ച സഞ്ജു സാംസൺ മൂന്ന് സെഞ്ച്വറികളും 45 അർധ സെഞ്ച്വറികളും ഉൾപ്പെടെ നേടിയിരുന്നു. ആകെ 6721 റൺസാണ് താരത്തിന്റെ പേരിലുള്ളത്. നിലവിൽ ഇന്ത്യൻ ടീമിൽ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കുന്നത്.
ഇതോടെ സഞ്ജുവിന്റെ ടീം പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എന്തെന്നാൽ ടീമിൽ മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റ് ഒരുങ്ങാത്തത് തന്നെയാണ് പ്രധാന കാരണം. ഓപ്പണിംഗിൽ വിരാട് കോഹ്ലി നിരന്തരം പരാജയപ്പെടുമ്പോഴും താരത്തെ ടോപ് ഓർഡറിൽ പിന്നിലേക്ക് ഇറക്കാതെ പരീക്ഷണം തുടരുകയാണ് ടീം.
കൂടാതെ മോശം പ്രകടനം കാഴ്‌ച വയ്ക്കുന്ന ശിവം ദുബെക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഐപിഎല്ലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്‌ചവച്ച സഞ്ജുവിന് ലോകകപ്പിൽ കളിയ്ക്കാൻ കഴിയില്ലേ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, അഫ്‌ഗാനിസ്ഥാന് എതിരെ നടക്കുന്ന ആദ്യ മത്സരത്തോടെ സൂപ്പർ എട്ട് ക്യാമ്പയിൻ ആരംഭിക്കുന്ന ഇന്ത്യക്ക് പിന്നീട് കരുത്തരായ ഓസ്‌ട്രേലിയ ഉൾപ്പെടെയാണ് എതിരാളികൾ. ഇതിന് പുറമെ ബംഗ്ലാദേശിന് എതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യയുള്ളത്.
ഇവരിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, യുഎസ്എ, വെസ്‌റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഉള്ളത്. ജൂൺ 26, 27 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലാണ് മത്സരങ്ങൾ നടക്കുക.
സൂപ്പർ എട്ടിൽ ഇന്ത്യയുടെ അടുത്ത മത്സരം ഏഷ്യൻ വമ്പന്മാരായ ബംഗ്ലാദേശിന് എതിരെയാണ്. ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. ഇതിന് ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സൂപ്പർ എട്ട് പോരാട്ടം. സെന്റ്. ലൂസിയയിലെ ഡാരൻ സമി സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.












Click it and Unblock the Notifications