ജഡേജയ്ക്ക് പുറത്തേക്കുള്ള വഴി തെളിയുന്നു; കുൽദീപിനെ പരീക്ഷിക്കുമോ ഇന്ത്യ, പുതിയ നീക്കങ്ങൾ ഇങ്ങനെ
ടി20 ലോകകപ്പിൽ ഇക്കുറി രണ്ട് മത്സരങ്ങൾ പിന്നിടുമ്പോഴേക്കും തന്നെ സുപ്രധാന ചോദ്യങ്ങൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഉയരുന്നുണ്ട്. ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്തത് ആധികാരികമായി തന്നെയെന്ന് പറയാമെങ്കിലും രണ്ടാം മത്സരത്തിലെ പാകിസ്ഥാനെതിരായ ആറ് റൺസ് ജയം സന്തോഷത്തിലുപരി ഒട്ടേറെ ആശങ്കൾക്ക് ഇട നൽകുന്നതാണ്.
പ്രത്യേകിച്ച് ബൗളിങ് യൂണിറ്റിലെ, സ്‌പിൻ നിരയുടെ സ്ഥിരത ഇല്ലായ്‌മ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങുമെന്ന ഇന്ത്യ പ്രതീക്ഷിച്ച ജഡേജ പക്ഷേ തന്റെ ഫോമിന്റെ ഏഴയലത്ത് പോലുമില്ല എന്നതാണ് സത്യം. അത് ഇന്ത്യൻ ടീമിന് സൃഷ്‌ടിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്.

ഇതിനായി പലരും മുന്നോട്ട് വയ്ക്കുന്ന ഫോർമുല കുൽദീപ് യാദവിനെ കൊണ്ട് വരിക എന്നതാണ്. സ്‌പിൻ യൂണിറ്റിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുക എന്നത് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നത് ഉറപ്പാണെങ്കിലും ആരെ പുറത്തിരുത്തും എന്ന പ്രസക്തമായ ചോദ്യമാണ് ഇതിനെ ചുറ്റിപറ്റി ഉയരുന്നത്.
നിലവിൽ കളത്തിൽ ഇറങ്ങുന്നവരിൽ ജഡേജ തന്നെയാവും ഇതിനായി ബലി കഴിക്കേണ്ടി വരിക. എന്തെന്നാൽ ഈ ലോകകപ്പിൽ പറയത്തക്ക പ്രകടനങ്ങൾ ഒന്നും തന്നെ ജഡേജയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് നോക്കുമ്പോൾ ഒരു സ്‌പിൻ ഓൾറൗണ്ടറായ ജഡേജയെ പുറത്തിരുത്തുക മാത്രമാവും കുൽദീപിനെ ഇറക്കാനുള്ള ഏക വഴി.
രണ്ടാം സ്‌പിന്നർ അക്‌സർ പട്ടേലിനെ ടീമിൽ നിലനിർത്തേണ്ടത് അനിവാര്യമായി മാറുകയും ചെയ്‌തിട്ടുണ്ട്, പാകിസ്ഥാനെതിരെ താരത്തിന് നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതും അദ്ദേഹത്തിൻ്റെ ബൗളിംഗ് കണക്കുകൾ ടി20യിലെ ജഡേജയേക്കാൾ മികച്ചതാണെന്നതും താരത്തെ ടീമിൽ നിലനിർത്താൻ മതിയായ ഘടകങ്ങൾ ആവും.
ജഡേജയേക്കാൾ മികച്ച സ്‌ട്രൈക്ക് ബൗളറാണ് കുൽദീപ് എന്നതിൽ തർക്കമില്ല. ഈ അവസരത്തിൽ അക്‌സർ പട്ടേലിനൊപ്പം കുൽദീപിനെ പരീക്ഷിക്കാനാവും ടീം മാനേജ്‌മെന്റിന്റെ താത്പര്യം. മത്സരങ്ങൾ വെസ്‌റ്റ് ഇൻഡീസിലേക്ക് മാറുമ്പോൾ കാര്യങ്ങൾ ഈ നിലയ്ക്ക് പുരോഗമിക്കുന്നത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യില്ല എന്നതാണ് യാഥാർഥ്യം.
അവിടെ വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ള സ്‌പിന്നറുടെ അഭാവം ടീമിന് തിരിച്ചടിയാവും. അതുകൂടി കണക്കിലെടുത്താവും കുൽദീപിന്റെ വരവ്. നാളെ യുഎസ്എക്ക് എതിരെ നടക്കുന്ന മത്സരത്തോടെ ജയം ഉറപ്പിച്ച സൂപ്പർ എട്ടിലേക്ക് കുതിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ തുടർന്നുള്ള മത്സരങ്ങളിലേക്ക് വേണ്ട ഒരു മികച്ച ഇലവനെ തിരഞ്ഞെടുക്കാൻ കൂടിയാവും നാളത്തെ വേദി.
എങ്കിൽ കുൽദീപ് ടീമിലേക്ക് വരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ബാറ്റിങ് യൂണിറ്റിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. യുഎസിനെതിരെ നടക്കുന്ന മത്സരം ടീം കോമ്പിനേഷൻ കണ്ടെത്താനുള്ള അവസരമായി ഉപയോഗിക്കുമോ ഇന്ത്യ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications