കരയുന്ന കുഞ്ഞിനേ പാലുള്ളൂ; ഇതിനപ്പുറം എന്താണ് സഞ്ജു ചെയ്യേണ്ടത്? എന്നിട്ടും പിന്തുണയ്ക്കാതെ മുൻ താരങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീം ഐപിഎൽ തിരക്കുകൾക്ക് ഇടയിലും കാര്യമായ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് ഓസീസിന് മുൻപിൽ അടിയറവ് വച്ച ലോക കിരീടം എന്ന സ്വപ്‌നം നേടിയെടുക്കാൻ ഒരു അവസരം കൂടി അവർക്ക് മുൻപിൽ എത്തുകയാണ്. ഇത്തവണ ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിലാണ് ലോകകപ്പ് മാമാങ്കം നടക്കുക.
എന്നാൽ ടീം തിരഞ്ഞെടുപ്പ് എന്നത് എല്ലാ കാലത്തെയും പോലെ ബിസിസിഐയെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയായി തന്നെ അവശേഷിക്കുകയാണ്. ഐപിഎല്ലിന്റെ ആവിർഭാവത്തോടെ അതിൽ ഊന്നിയാവും ഇന്നത്തെ കാലത്തെ മുഴുവൻ സെലക്ഷൻ പ്രക്രിയ എന്നുറപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്.

എങ്കിലും സഞ്ജുവിന്റെ കാര്യത്തിൽ ആരാധകർ ഏറെനാളായി അതൃപ്‌തരാണ്. അതിന്റെ പ്രധാന കാരണം ക്യാപ്റ്റൻ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും കൂടി ഒരേപോലെ തിളങ്ങാൻ കെൽപ്പുള്ള സഞ്ജുവിനെ ബിസിസിഐ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല എന്നതാണ്. അതിൽ ഒരൽപം കാര്യമുണ്ടെന്നത് തന്നെയാണ് സമീപകാല കാര്യങ്ങൾ തെളിയിക്കുന്നത്.
ഐപിഎല്ലിൽ മിന്നും ഫോമിലാണ് താരം. അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ സഞ്ജു കഴിഞ്ഞ മത്സരത്തിൽ ജയം ഉറപ്പാക്കി പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞുവെന്നതാണ് പ്രധാനപ്പെട്ട സംഗതി. എന്നിട്ടും മുൻ ഇന്ത്യൻ താരങ്ങളുടെയോ, മറ്റ് ഐപിഎൽ വിശകലനം ചെയ്യുന്ന താരങ്ങളുടെയോ ഗുഡ് ബുക്കിൽ ഇടം നേടാൻ സഞ്ജുവിന് കഴിഞ്ഞില്ലെന്നതാണ് നിർഭാഗ്യം.
എങ്കിലും മാത്യു ഹെയ്‌ഡൻ, കെവിൻ പീറ്റേഴ്‌സൺ പോലെയുള്ള ലെജൻഡറി താരങ്ങൾ ഒരേ സ്വരത്തിൽ ആണയിട്ട് പറയുന്നു, ഞങ്ങളുടെ ആദ്യം ചോയ്‌സ് സഞ്ജു ആണെന്ന്. പക്ഷേ ബിസിസിഐയെ സംബന്ധിച്ച് പന്ത് തന്നെയാവും ആദ്യ പരിഗണന എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തെന്നാൽ കരിയറിന്റെ പല ഘട്ടത്തിലും പന്തിന് അത്തരത്തിൽ ഒരു പിന്തുണ അവർ കൊടുത്തിട്ടുണ്ട്.
എന്നാൽ സഞ്ജുവിന് മാനസികമായോ മറ്റെന്തെങ്കിലും തരത്തിലുള്ള പിന്തുണ ബിസിസിഐ ഒരുകാലത്തും നൽകിയിട്ടില്ലെന്ന് ആരാധകർ ആണയിട്ട് പറയുന്നു. ഏറ്റവും ഒടുവിൽ മുൻ ഓസീസ് താരം ടോം മൂഡി തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിൽ സഞ്ജുവും ഗില്ലും ഒന്നും ഉണ്ടായിരുന്നില്ല.
ഫോമിന്റെ അത്യുന്നതിയിൽ നിന്നിട്ടും എന്ത് കൊണ്ടാണ് നിരന്തരം സഞ്ജു തഴയപ്പെടുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്തവണയും നറുക്ക് വീണില്ലെങ്കിൽ പിന്നെ ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ഭാവി എന്തെന്നും അവർ സ്വയം ചോദിക്കുന്നു.












Click it and Unblock the Notifications