ടി20 ലോകകപ്പ്; ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ ആര് ജേതാക്കളാകും കമ്രാന്‍ അക്മലിന്റെ പ്രവചനം വൈറല്‍
ഇസ്ലാമാബാദ്: ടി20 ലോകകപ്പ് പോരാട്ടം നാളെ ആരംഭിക്കുകയാണ്. ആരാകും ജേതാക്കളെന്ന കാര്യത്തില്‍ നിരവധി പ്രവചനങ്ങള്‍ നടക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്ക കാനഡയെ ഡാല്ലസില്‍ വെച്ച് നേരിടും. അതേസമയം ആരാധകര്‍ ഇന്ത്യയുടെ മത്സരത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അയര്‍ലന്‍ഡിനെതിരെയാണ് പോരാട്ടം. ഇത്തവണയും ഇന്ത്യ ഫേവറിറ്റുകളുടെ ലിസ്റ്റിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പിച്ച ടൂര്‍ണമെന്റായിരുന്നു ഇത്. ഈ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യക്ക് ഇത്തവണ കിരീടം ആവശ്യമാണ്.

ഇത്തവണ പതിവ് പോലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ആവേശം ഏറെയാണ്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യ പാകിസ്താന്‍ മത്സരം നടക്കുന്നുണ്ട്. ജൂണ്‍ ഒന്‍പതിനാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്. അടുത്തിടെ ഇന്ത്യ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതും പാകിസ്താനെ നേരിടാനാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ മിന്നും പ്രകടനത്തിലായിരുന്നു ഇന്ത്യ വിജയിച്ചത്.
എന്നാല്‍ ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മത്സരിക്കുന്നത് ഐസിസി വേദികളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ആവേശം ഇരട്ടിയാണ്. ഇരു രാജ്യത്തെയും കാണികള്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമുകള്‍ തമ്മിലുള്ള മത്സരം അതുകൊണ്ട് ലോകകപ്പിലോ അതല്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയിലോ മാത്രമേ കാണാന്‍ സാധിക്കൂ. 2021ലായിരുന്നു ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.
അതേസമയം ഇരുടീമുകളും ഇപ്പോള്‍ ഫോമില്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ ആരാകും ഇത്തവണത്തെ മത്സരത്തില്‍ വിജയിക്കുക. മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മല്‍ അക്കാര്യത്തില്‍ പ്രവചനം നടത്തിയിരിക്കുകയാണ്. തീര്‍ത്തും അമ്പരപ്പിക്കുന്ന പ്രവചനമാണ് താരം നടത്തിയിരിക്കുന്നത്. ഇന്ത്യ ഇത്തവണയും വിജയിക്കുമെന്നാണ് കമ്രാന്റെ പ്രവചനം. ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു കമ്രാന്റെ പ്രതികരണം.
ഇംഗ്ലണ്ട് ടീം ഇപ്പോള്‍ പാകിസ്താനെതിരെ ടി20 പരമ്പര കളിച്ചിരുന്നു. അത് ആവശ്യം ഇല്ലായിരുന്നു. പകരം എല്ലാ ഇംഗ്ലീഷ് താരങ്ങളും ഐപിഎല്‍ കളിക്കണമായിരുന്നു. അത് ഇംഗ്ലണ്ടിന് ഗുണം ചെയ്യുമായിരുന്നുവെന്ന് കമ്രാന്‍ പറഞ്ഞു. ഇക്കാര്യം നേരത്തെ മൈക്കിള്‍ വോന്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും കമ്രാന്‍ പറഞ്ഞു.
പാകിസ്താനെതിരെ നാല് മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിച്ചത്. ഇതില്‍ രണ്ടെണ്ണം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ അനായാസം ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. പാകിസ്താന്‍ ക്രിക്കറ്റിനെ ഇത്ര ഗൗരവമില്ലാതെ വോന്‍ കാണുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അത് വളരെ വേദനാജനകമായിരുന്നു. എന്നാല്‍ വോന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. പാകിസ്താന്‍ ക്രിക്കറ്റിന്റെ നിലവാരം എന്താണെന്ന് എല്ലാവര്‍ക്കും അറിയില്ല.
അയര്‍ലന്‍ഡിനോട് പോലും നമ്മള്‍ തോല്‍ക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ പാകിസ്താനെതിരെയുള്ള മത്സരം കഠിനമേയല്ല. പ്രശ്‌നം പാകിസ്താന്‍ ക്രിക്കറ്റിന്റേതാണ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ ടീമുകളാണെങ്കില്‍ വോന്‍ ഇത് പറയുമായിരുന്നില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. ഐപിഎല്ലില്‍ ഏറ്റവും മികച്ച ബൗളര്‍മാരും ബാറ്റര്‍മാരുാണ് കളിക്കുന്നത്. അവിടെ മികച്ചമത്സരങ്ങളാണ് നടക്കുന്നതെന്നും കമ്രാന്‍ പറഞ്ഞു.












Click it and Unblock the Notifications