ടി20 ലോകകപ്പ് ആര് നേടും? രോഹിത്തിന് ഭാഗ്യമുണ്ടാവില്ല; ജേതാക്കള്‍ ആ ടീമാണെന്ന് യുവരാജ് സിംഗ്
ഇന്ത്യന്‍ ടീമിന് ഐസിസി കിരീടം നേടുക എന്ന വലിയൊരു കടമ്പ കുറേ കാലമായി ബാക്കി കിടക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി അത്തരമൊരു കിരീടങ്ങളൊന്നും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായപ്പോള്‍ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതാണ് അവസാനത്തെ നേട്ടം. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കിരീടം അടിച്ചത് ഓസ്‌ട്രേലിയയായിരുന്നു.
ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ഐസിസി ടി20 ലോകകപ്പാണ്. രോഹിത് ശര്‍മയെ സംബന്ധിച്ച് ഐസിസി കിരീടം നേടാനുള്ള അവസരം കൂടിയാണിത്. ആരായിരിക്കും ഇപ്പോള്‍ ടി20 ലോകകപ്പ് നേടുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ടി20 ലോകകപ്പില്‍ കിരീടം നേടുക ഇന്ത്യയല്ലെന്ന് പ്രവചിക്കുകയാണ് യുവരാജ് സിംഗ്. ഇതേ അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്ന് ഗൗതം ഗംഭീറും പറഞ്ഞു.

ജൂണ്‍ മാസത്തില്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. രോഹിത് ശര്‍മയ്ക്ക് ഐസിസി കിരീടത്തോടെ പടിയിറങ്ങാനുള്ള അവസരം ലഭിക്കില്ലെന്നാണ് ഇരുതാരങ്ങളും സൂചിപ്പിക്കുന്നത്. സമീപകാലത്ത് ഐസിസി ട്രോഫികളില്‍ ഇന്ത്യയുടെ പ്രകടനവും ഇരുവരുടെയും പ്രതികരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സെഷനിലായിരുന്നു ഗംഭീറും യുവരാജും നിലപാട് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയാണ് ഇത്തവണ ടി20 ലോകകപ്പ് നേടാന്‍ സാധ്യത ഏറെയുള്ള ടീം എന്ന് യുവരാജ് പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മികവുറ്റ ടീമുണ്ട്. അവരാണ് ടി20 ലോകകപ്പിലെ ഫേവറിറ്റുകള്‍. പാകിസ്താനും കിരീടം നേടാന്‍ സാധ്യതയുള്ള ശക്തമായ ടീമാണെന്ന് യുവരാജ് വ്യക്തമാക്കി. അതേസമയം ഗംഭീര്‍ തന്റെ ഫേവറിറ്റുകള്‍ ആരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഇന്ത്യ ശരിക്കും വെള്ളം കുടിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകളാണ്. അഫ്ഗാനിസ്ഥാന്‍ സര്‍പ്രൈസ് ടീമാണ്. ഇന്ത്യയെ അവര്‍ പരാജയപ്പെടുത്താന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പ് നടക്കുന്ന രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതാണെന്ന് ഗംഭീര്‍ പറയുന്നു.
ഓസ്‌ട്രേലിയ ഐസിസി ടൂര്‍ണമെന്റുകളിലെ രാജാവാണ്. അവര്‍ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുമെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയക്ക് ധാരാളം ഇംപാക്ട് കളിക്കാരുണ്ട്. കളിയുടെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും അവര്‍ കളി മാറ്റി മറിക്കും. ഇംഗ്ലണ്ടും അതുപോലൊരു ടീമാണെന്ന് ഗംഭീര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക ഇതുവരെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയിച്ചിട്ടില്ല. 50 ഓവര്‍ ക്രിക്കറ്റില്‍ അവരുടെ മുന്നേറ്റം കാണുമ്പോള്‍ ടി20 ലോകകപ്പ് അവര്‍ തന്നെയാണെന്ന് തോന്നുന്നുണ്ടെന്നും യുവരാജ് പറഞ്ഞു.












Click it and Unblock the Notifications