തല ധോണി മുതൽ ഗബ്ബാർ വരെ; ഐപിഎല്ലിൽ അവസാന ആട്ടത്തിന് ഇറങ്ങുന്നവർ ഇവരൊക്കെ...
ഐപിഎൽ ആവേശത്തിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി എത്തുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തിന് ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ ടീമിലും, ഐപിഎല്ലിലെ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളാണ് ഇത്തവണ വിടപറയുക.
അതിൽ ഇതിഹാസ താരങ്ങളുണ്ട്, ഐപിഎല്ലിൽ മികവ് തെളിയിച്ചവരുമുണ്ട്. ഒരുപക്ഷേ നമ്മുടെ മുൻ ധാരണകളെ തെറ്റിച്ചു കൊണ്ട് ഇനിയൊരു അങ്കത്തിന് കൂടി അവർ ഇറങ്ങാൻ തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല, ഉദാഹരണം മഹേന്ദ്ര സിംഗ് ധോണി തന്നെ. തന്റെ വിരമിക്കലിനെ കുറിച്ച് യാതൊരു സൂചനയും നൽകാതെ ഓരോ വട്ടവും ആരാധകരെ ഞെട്ടിക്കുകയാണ് താരം.

മഹേന്ദ്ര സിംഗ് ധോണി
ഐപിഎൽ ഒന്നാം സീസൺ മുതൽ കളിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ആദ്യ സീസണിൽ വമ്പൻ തുകയ്ക്ക് സിഎസ്കെയിലെത്തിയ താരം ആ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. ഇടക്കാലത്ത് വാതുവെപ്പ് കേസിൽ ടീമിന് വിലക്ക്നേരിട്ട സീസണുകളിൽ ഒഴികെ ധോണി സിഎസ്‌കെയിൽ തന്നെയായിരുന്നു കളിച്ചത്. ഐപിഎല്ലിൽ 250 മത്സരങ്ങൾ കളിച്ച ധോണിക്ക് 5082 റൺസ് സ്വാന്തമായുണ്ട്. ഇക്കുറി ധോണി വിരമിക്കുകയാണെങ്കിൽ ഒരു യുഗം തന്നെ അവസാനിച്ചു എന്ന് വേണം പറയാൻ.
അമിത് മിശ്ര
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച സ്‌പിന്നർമാരിൽ ഒരാളാണ് അമിത് മിശ്ര. 41കാരനായ മിശ്ര കഴിഞ്ഞ സീസണിൽ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇത് താരത്തിന്റെ അവസാന സീസൺ ആയിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഐപിഎല്ലിൽ ഇതുവരെ 161 മത്സരങ്ങൾ കളിച്ച താരം 173 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
വൃദ്ധിമാൻ സാഹ
ഐപിഎല്ലിൽ വലിയ തറപൊലിമ ഇല്ലാതിരുന്നിട്ട് കൂടി സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച വെച്ചിരുന്ന താരമാണ് സാഹ. 2008 മുതൽ സാഹയും ഐപിഎല്ലിന്റെ ഭാഗമാണ്. ഇക്കുറി താരവും ഐപിഎല്ലിനോട് വിട പറയുമെന്നാണ് കരുതുന്നത്. 161 മത്സരങ്ങൾ കളിച്ച സാഹ 2798 റൺസും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സെഞ്ച്വറി നേടിയ താരം കൂടിയാണ് വൃദ്ധിമാൻ സാഹ.
ദിനേശ് കാർത്തിക്
ഐപിഎല്ലിൽ നിന്ന് ഇക്കുറി വിരമിച്ചേക്കാവുന്ന മറ്റൊരു പ്രമുഖ താരമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്. 2008 മുതൽ ഐപിഎല്ലിന്റെ ഭാഗമാണ് ദിനേശ് കാർത്തിക്. ആകെ 242 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. അതിൽ 4516 റൺസും നേടിയിട്ടുണ്ട്. അകെ 20 അർധ സെഞ്ചുറികളാണ് ദിനേശ് കാർത്തിക് നേടിയത്.
ശിഖർ ധവാൻ
ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ശിഖർ ധവാൻ. മികച്ച റെക്കോർഡാണ് അദ്ദേഹത്തിന് ലീഗിലുള്ളത്. 217 മത്സരങ്ങൾ കളിച്ച അദ്ദേഹം 6617 റൺസാണ് നേടിയത്. രണ്ട് ഐപിഎൽ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. ധോണിക്കൊപ്പം തന്നെ ഇക്കുറി വിടവാങ്ങുന്ന മറ്റൊരു ഇതിഹാസ താരമായിരിക്കും ധവാനും.












Click it and Unblock the Notifications