'മഹി ഭായ് കാലിലെ പരിക്ക് എങ്ങനെയുണ്ട്?'; സ്‌നേഹപൂര്‍വം ആരാധകന്റെ ചോദ്യം, ധോണിയുടെ മറുപടി വൈറൽ
ചെന്നൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ആരാധകരുടെ കാര്യത്തില്‍ ഇപ്പോഴും മുന്നിലാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയിലെവിടെയും അദ്ദേഹത്തിന്റെ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ധാരാളമായി വരാറുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലാണെങ്കില്‍ ഈ ആരാധനയ്ക്ക് ഒരു പരിധിയും ഉണ്ടാവാറില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനെന്ന നിലയിലാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരുണ്ടാവാന്‍ കാരണം.
കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ധോണിയെ ആരാധകരുടെ വന്‍ നിരയാണ് കാത്തിരുന്നത്. ഇതിനിടയില്‍ ഒരു ആരാധകന്റെ ചോദ്യവും, ധോണിയുടെ പ്രതികരണവുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ധോണി കരിയറിലെ പുതിയൊരു സംരംഭത്തിന് വേണ്ടിയാണ് ചെന്നൈയില്‍ എത്തിയത്. സിനിമാ മേഖലയിലേക്കാണ് ധോണി എത്തിയിരിക്കുന്നത്. പുതിയൊരു നിര്‍മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.

ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനി പുതിയൊരു തമിഴ് സിനിമ നിര്‍മിക്കുന്നുണ്ട്. എല്‍ജിഎം എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭാര്യ സാക്ഷിക്കൊപ്പം ഈ സിനിമ ലോഞ്ചിംഗിനാണ് ധോണി എത്തിയത്. ഇതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആരാധകര്‍ വളഞ്ഞത്. ഇതിനിടയിലായിരുന്നു ആരാധകന്റെ ചോദ്യം. ധോണിയുടെ കാലിന് കുറച്ചു കാലമായി പരിക്കുണ്ട്. അതിനെ കുറിച്ചായിരുന്നു ആരാധകന്റെ ചോദ്യം.
മഹിഭായ് മുട്ടുകാലിന്റെ പരിക്ക് എങ്ങനെയുണ്ടെന്നായിരുന്നു ആരാധകന്‍ ധോണിയോട് ചോദിച്ചു. എന്നാല്‍ ഈ ചോദ്യം വിമാനത്താവളത്തിലെ തിരക്കിനിടയില്‍ ധോണി കേട്ടില്ല. പക്ഷേ ആരാധകനെ നോക്കി കൈവീശി കാണിച്ചാണ് ധോണി പുറത്തേക്ക് പോയത്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ധോണിക്ക് ദീര്‍ഘകാലമായി ഉള്ളതായിരുന്നു ഈ പരിക്ക്. ഐപിഎല്ലില്‍ ധോണി കളിച്ചതും ഈ പരിക്ക് വെച്ചായിരുന്നു.
വിക്കറ്റിനിടയിലെ ഓട്ടത്തെ ഇത് ബാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലേക്ക് നയിച്ച ശേഷം മാത്രമായിരുന്നു. ധോണി മുംബൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.അതേസമയം ധോണിയുടെ നിര്‍മാണ കമ്പനിയുടെ ചിത്രത്തില്‍ നടന്‍ യോഗി ബാബുവും എത്തിയിരുന്നു. അദ്ദേഹത്തിന്റെ രസകരമായ ചോദ്യവും ആരാധകര്‍ ഏറ്റെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാനായി തന്നെയും ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നായിരുന്നു യോഗി ബാബുവിന്റെ ചോദ്യം.
അമ്പാട്ടി റായിഡു വിരമിച്ച് കഴിഞ്ഞു. സിഎസ്‌കെയില്‍ ഒരു ബാറ്റ്‌സ്മാന്റെ ഒഴിവുണ്ട്. ഞാന്‍ മാനേജ്‌മെന്റിനോട് സംസാരിക്കാം. പക്ഷേ നിങ്ങള്‍ സിനിമയില്‍ വലിയ തിരക്കല്ലേ. നിങ്ങള്‍ സ്ഥിരതയോടെ കളിക്കണം. അവര്‍ വലിയ വേഗതയിലാണ് പന്തെറിയുക. പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ധോണിയുടെ രസകരമായ മറുപടി.












Click it and Unblock the Notifications