118 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന നിങ്ങളെ പിന്നെ പുകഴ്ത്തണോ? വിരാട് കോലിയെ പറപ്പിച്ച് ഗവാസ്‌കര്‍
ന്യൂഡല്‍ഹി: വിരാട് കോലി ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ്. എന്നാല്‍ കോലി ഇതൊന്നും കാര്യമാക്കിയെടുത്തില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഷയം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വിരാട് കോലി സ്‌ട്രൈക്ക് റേറ്റ് വിമര്‍ശനത്തില്‍ കമന്റേറ്റര്‍മാര്‍ക്കെതിരെ അടക്കം രംഗത്തെത്തിയതാണ് പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്.
തന്നെ വിമര്‍ശിക്കുന്നത് കമന്റേറ്റര്‍മാരാണെന്നും, പതിനഞ്ച് വര്‍ഷത്തോളമായി താന്‍ മത്സരം ഫിനിഷ് ചെയ്യുന്നുണ്ടെന്നും, അതുകൊണ്ട് വിമര്‍ശനം ഒന്നും തന്നെ കാര്യമായി ബാധിക്കില്ലെന്നും വിരാട് കോലി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വിമര്‍ശനത്തെയും താരം തള്ളിയിരുന്നു.

ഇപ്പോഴിതാ വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തന്നെ വിമര്‍ശിക്കുന്നത് കാര്യമാക്കുന്നില്ല എന്ന കോലിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. അങ്ങനെ കാര്യമായി എടുക്കുന്നില്ലെങ്കില്‍ എന്തിനാണ് മറുപടിയുമായി എത്തിയതെന്നും കോലിയോട് ഗവാസ്‌കര്‍ ചോദിച്ചു.
കോലിക്കെതിരെയുള്ള വിമര്‍ശനം അര്‍ഹിക്കുന്നതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വെറും 118 ആയിരുന്നപ്പോഴാണ് കമന്റേറ്റര്‍മാര്‍ അദ്ദേഹത്തെ വിമര്‍ശിച്ചതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഗുജറാത്തിനെതിരായ ആര്‍സിബിയുടെ മത്സരത്തിന് മുമ്പായിരുന്നു ഗവാസ്‌കറിന്റെ രൂക്ഷ വിമര്‍ശനം.
എന്താണ് മറ്റ് കമന്റേറ്റര്‍മാര്‍ പറഞ്ഞത് എന്ന് എനിക്കറിയില്ല. കാരണം ഒരുപാട് മത്സരങ്ങള്‍ ഞാന്‍ കാണാറില്ല അതുകൊണ്ട് മറ്റുള്ളവര്‍ പറഞ്ഞതിനെ കുറിച്ചറിയില്ല. എന്നാല്‍ നിങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും, 118 സ്‌ട്രൈക്ക് റേറ്റുമാണ് ഉള്ളതെങ്കില്‍ എങ്ങനെ ന്യായീകരിക്കാനാവും.
അതും ഈ സ്‌ട്രൈക്ക് റേറ്റും വെച്ച് പതിനാലാം ഓവറിലോ പതിനഞ്ചാം ഓവറിലോ ആണ് നിങ്ങള്‍ പുറത്താവുന്നത്. അത് എങ്ങനെ നല്ല ബാറ്റിംഗാവും. അതിന് നിങ്ങള്‍ക്ക് പ്രശംസ വേണമെങ്കില്‍ എന്തുപറയാനാണ്. ഇവരെല്ലാം പറയുക പുറത്തുനിന്ന് ആര് വിമര്‍ശിച്ചാലും പ്രശ്‌നമില്ലെന്നാണ്. എങ്കില്‍ നിങ്ങളെന്തിനാണ് അതിനെല്ലാം മറുപടി പറയാന്‍ പോകുന്നതെന്നും ഗവാസ്‌കര്‍ ചോദിച്ചു.
ഞങ്ങളെല്ലാം കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഒരുപാട് ഒന്നും കളിച്ചെന്ന് പറയുന്നില്ല. എന്നാല്‍ കമന്റേറ്റര്‍മാര്‍ക്ക് അജണ്ടകള്‍ ഒന്നുമില്ല. എന്താണ് കാണുന്നത്, അതിനെ കുറിച്ചാണ് ഞങ്ങള്‍ പറയുക. പ്രത്യേക ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഞങ്ങള്‍ക്കില്ല. ഇനി അതുണ്ടായാലും എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും ഗാവസ്‌കര്‍ പറഞ്ഞു.
കോലി കമന്റേറ്റര്‍മാരെ വിമര്‍ശിക്കുന്നത് ചാനലുകള്‍ തുടരെ സംപ്രേഷണം ചെയ്യുന്നത് ശരിയല്ല. വളരെ നിരാശപ്പെടുത്തുന്നതാണിത്. അതും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരാണിത്. കോലി അവരുടെ തന്നെ കമന്റേറ്റര്‍മാരെ മോശമാക്കി കാണിക്കുമ്പോള്‍ അത് തുടരെ സംപ്രേഷണം ചെയ്യുന്നത് മോശമായ കാര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.












Click it and Unblock the Notifications