പ്രതിഫല കാര്യത്തിൽ കോഹ്‌ലിയെ തഴഞ്ഞ് ആർസിബി..? ഈ ഓസീസ് താരത്തിന് കണക്കില്ലാത്ത പണവും..!
ഐപിഎൽ താരലേലം കഴിഞ്ഞ ദിവസമാണ് നടന്നത്. അപ്രതീക്ഷിത സംഭവ വികാസങ്ങൾ തന്നെയായിരുന്നു ലേല വേദിയിൽ നടന്നത്. മിച്ചൽ സ്‌റ്റാർക്ക് വിലയേറിയ താരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 20 കോടി എന്ന മാന്ത്രിക സംഖ്യ കടക്കുമെന്ന് ആരും കരുതിയതല്ല. എന്നാൽ അതുണ്ടായി, സ്‌റ്റാർക്ക് മാത്രമല്ല മറ്റൊരു ഓസീസ് താരമായ കമ്മിൻസും ആ നാഴികക്കല്ല് പിന്നിട്ട് ചരിത്രം കുറിച്ചു.
ഇപ്പോഴിതാ മുൻനിര ടീമുകളിലെ ഏതാണ്ട് താര നിര വ്യക്തമായി കഴിഞ്ഞു. ഇക്കുറി മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്‌സും ലേല വേദിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല, വിരാട് കോഹ്‌ലിയുടെ ആർസിബിയും അങ്ങനെ തന്നെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾ അപ്രതീക്ഷിത മുന്നേറ്റം നടത്തി.

വെസ്‌റ്റ് ഇൻഡീസ് ബൗളർ അൽസരി ജോസഫ്, ന്യൂസിലൻഡ് താരമായ ലോക്കി ഫെർഗൂസൻ, ഓൾറൗണ്ടർ ടോം കറൻ, യഷ് ദയാൽ എന്നിവരായിരുന്നു ഇത്തവണ ആർസിബി ലേലത്തിൽ നിന്ന് പൊക്കിയ താരങ്ങൾ. വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളെ ആർസിബി നേരത്തെ നിലനിർത്തിയിരുന്നു. ഇപ്പോഴിതാ ആർസിബിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിക്ക് അല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത്തവണ ആർസിബിയിൽ കോഹ്‌ലിയേക്കാൾ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഓസ്‌ട്രേലിയൻ സെൻസേഷണൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് മുൻപിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ലേലത്തിന് മുൻപ് തന്നെ ആർസിബി താരത്തെ സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യൻസിൽ നിന്ന് താരത്തെ 17.5 കോടി രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലിയുടെ ഇത്തവണത്തെ പ്രതിഫലം ആവട്ടെ, 17 കോടി രൂപയാണ്.ടീമിന് കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി കോഹ്ലി പ്രതിഫലം കുറച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ വിരാട് കോഹ്‍ലിയെക്കാൾ അരക്കോടി രൂപ അധികം പ്രതിഫലമാണ് കാമറൂൺ ഗ്രീനിന് ലഭിക്കുക.
നിലവിൽ ഐപിഎല്ലിലെ ഈ എഡിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ അഞ്ചാം സ്ഥാനത്താണ് കോഹ്ലി. അതിൽ നാല് പേരും വിദേശ താരങ്ങളാണ് എന്നതാണ് കൗതുകകരമായ വസ്‌തുത. മിച്ചൽ സ്‌റ്റാർക്ക്, പാറ്റ് കമ്മിൻസ്, സാം കറൻ,കാമറൂൺ ഗ്രീൻ എന്നിവരാണ് കോഹ്‍ലിയെക്കാൾ പ്രതിഫല വാങ്ങുന്ന താരങ്ങൾ.












Click it and Unblock the Notifications