ആ വീക്ക്‌നെസ് വീണ്ടും ചതിച്ചു, വിരാടിനെ ട്രാപ്പില്‍ വീഴ്ത്തി; റബാദ വിക്കറ്റ് വീഴ്ത്തിയത് ഇങ്ങനെ
ലോകത്തിലെ ഏറ്റവും മികവുറ്റ സമ്പൂര്‍ണ ബാറ്റ്‌സ്മാനാണ് വിരാട് കോലി എന്നാണ് എപ്പോഴുമുള്ള വിശേഷണം. എന്നാല്‍ ഇത് വാസ്തവമല്ല. എല്ലാ ബാറ്റ്‌സ്മാന്‍മാരെയും പോലെ കോലിക്കും വീക്ക്‌നെസ്സുകളുണ്ട്. അത് മറച്ചുപിടിക്കാന്‍ കോലി മറ്റുള്ളവരേക്കാള്‍ ശ്രമിക്കാറുണ്ട് എന്നതാണ് താരത്തിന്റെ മികവ്. എന്നാല്‍ മികവുറ്റ അന്താരാഷ്ട്ര ബൗളര്‍മാര്‍ കോലിയുടെ ഈ വീക്ക്‌നെസ് മുതലെടുക്കാറുമുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കോലി പുറത്തായത് ഈ ദൗര്‍ബല്യം പുറത്തേക്ക് വന്നത് കൊണ്ടാണ്. ആത്മവിശ്വാസത്തോടെയാണ് കോലി ബാറ്റ് ചെയ്ത് തുടങ്ങിയത്. പക്ഷേ ഒരൊറ്റ പന്തിലൂടെയാണ് ആ ആത്മവിശ്വാസത്തിന്റെ കോട്ട കഗിസോ റബാദ തകര്‍ത്തത്. കോലി ഒരിക്കല്‍ കൂടി ഡിഫന്‍സീവ് ഷോട്ടിലായിരുന്നു ശ്രമിച്ചത്. 63 പന്തില്‍ 38 റണ്‍സുമായി നില്‍ക്കുകയായിരുന്നു കോലി.

വലിയ ഇന്നിംഗ്‌സ് കോലിയില്‍ നിന്നുണ്ടാവുമെന്ന് കരുതിയ നിമിഷമായിരുന്നു അത്. 31ാം ഓവറായിരുന്നു അത്. എന്നാല്‍ ഷോര്‍ട്ട് പിച്ചില്‍ എറിഞ്ഞ റബാദയുടെ അതിവേഗത്തില്‍ സ്വിംഗ് ചെയ്ത് കോലിയുടെ ബാറ്റില്‍ ചെറുതായൊന്ന് തട്ടി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. ആ പന്തിന് വമ്പന്‍ ഷോട്ട് കളിക്കുക അസാധ്യമായിരുന്നു. എന്നാല്‍ കോലിക്ക് പന്തിനെ ഒഴിവാക്കി വിടാമായിരുന്നു.
എന്നാല്‍ ബാറ്റ് വെച്ച് ഡിഫന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പന്തായിരുന്നു അത്. കോലിയുടെ വീക്ക്‌നെസ് തുടക്കം മുതല്‍ തന്നെ മത്സരത്തില്‍ കാണാമായിരുന്നു. ഓഫ് സൈഡില്‍ കോലിയുടെ ഒരു ക്യാച്ച് മത്സരത്തില്‍ കൈവിട്ടിരുന്നു. ഓഫ് സൈഡില്‍ സ്വിംഗ് ചെയ്യുന്ന പന്തുകള്‍ കോലിയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കോലി ഓഫ് സൈഡ് പന്തുകള്‍ മനോഹരമായി ബൗണ്ടറി കടത്താറുണ്ടെങ്കിലും, വിദേശ പിച്ചുകളില്‍ അടക്കം കോലിയുടെ ദൗര്‍ബല്യവും ഈ ഷോട്ടുകളാണ്.
ഓഫ് സൈഡ് പന്തുകള്‍ പുഷ് ചെയ്യാന്‍ കോലി നന്നായി ബുദ്ധിമുട്ടാറുണ്ട്. ഒരു ബൗളര്‍ക്ക് കോലിക്കെതിരെയുള്ള ഏറ്റവും വലിയ ആയുധവും ഇത് തന്നെയാണ്. ശരീരത്തില്‍ നിന്ന് അകന്ന് വേഗത്തില്‍ സ്വിംഗ് ചെയ്യുന്ന പന്തുകള്‍ കോലി ഷോട്ടിന് പലപ്പോഴും ശ്രമിക്കാറുണ്ട്. ഔട്ട്‌സൈഡ് എഡ്ജില്‍ താരം പുറത്താവാറുമുണ്ട്. ഒന്നുകില്‍ ബാറ്റിന്റെ എഡ്ജില്‍ തട്ടി സ്റ്റമ്പ് തെറിക്കുകയോ ഇല്ലെങ്കില്‍ സ്ലിപ്പിന് ക്യാച്ച് നല്‍കുകയോ സ്ഥിരമായി സംഭവിക്കുന്ന കാര്യവുമാണ്.
അടുത്ത കാലത്തായി മറ്റ് പല ഷോട്ടുകളിലേക്കും ശ്രദ്ധിച്ചത് കൊണ്ട് ഈ ദൗര്‍ബല്യം പുറത്തുകാണാറില്ലായിരുന്നു. ഒരിക്കല്‍ കൂടി അത് പുറത്തുവന്നിരിക്കുകയാണ്. പുറത്തായ ശേഷം ആ പന്തിനെ കുറിച്ച് അത്ഭുതപ്പെട്ടാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. അതേസമയം കോലിയെ പുറത്താക്കിയ വണ്ടര്‍ ബോളിനെ കുറിച്ച് റബാദ തുറന്നുപറഞ്ഞിരിക്കുകയാണ്. ആ പന്ത് വളരെ വൈകിയാണ് സ്വിംഗ് ചെയ്തതെന്ന് റബാദ പറയുന്നു.
ഇന്‍സ്വിംഗിനാണ് കോലി കളിച്ചതെന്നും, എന്നാല്‍ പന്തിന്റെ ഗതി മാറിയതാണ് വിരാട് പുറത്താവാന്‍ കാരണം. സാധാരണ കോലി അത്തരം ഷോട്ട് കളിക്കുമ്പോള്‍ മിസാവാറുണ്ട്. പക്ഷേ ബാറ്റില്‍ തട്ടാറില്ല. വിരാടിനെ പുറത്താക്കാന്‍ നമ്മള്‍ എല്ലാ പന്തിലും ജാഗ്രത പാലിക്കണം. അതിന് തനിക്ക് സാധിച്ചുവെന്നും റബാദ പറഞ്ഞു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് റബാദ. എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ.












Click it and Unblock the Notifications