2023-24ൽ കൂടുതൽ ആദായനികുതി അടച്ച ക്രിക്കറ്റർ ആര്? കോഹ്‌ലിയും ധോണിയും മുന്നിൽ, സച്ചിൻ എത്രാമത്?
ഇന്ത്യയിൽ ഒരുപക്ഷേ മറ്റേതൊരു കായിക ഇനത്തേക്കാളും പ്രശസ്‌തി ഉള്ളതും അതിലേറെ പണക്കൊഴുപ്പ് ഉള്ളതുമായ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് താരങ്ങളോടുള്ള ആരാധന. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന കായിക താരങ്ങളുടെ പട്ടിക എടുത്താൽ അതിൽ ഭൂരിഭാഗവും ക്രിക്കറ്റർമാർ തന്നെയാവും ആദ്യ സ്ഥാനങ്ങളിൽ ഇടം നേടുക.
ക്രിക്കറ്റിന് അത്രയധികം വളക്കൂറുള്ള മണ്ണായ ഇന്ത്യയിൽ ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിന് പുറമേ ഐപിഎൽ എന്ന ഫ്രാഞ്ചൈസി ലീഗിന്റെ ആവിർഭാവവും ആ പണക്കൊഴുപ്പിന് വളമിട്ടിരുന്നു എന്ന് വേണം പറയാൻ. എന്തായാലും സമ്പാദ്യം എന്നത് പോലെ തന്നെ അതിൽ സർക്കാരിന്റെ നികുതി പണം നൽകുന്നതിലും ക്രിക്കറ്റർമാർ മാതൃകയാണെന്ന് നേരത്തെ തന്നെ പലപ്പോഴും അവർ തെളിയിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം ആദായനികുതി നൽകിയ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക എടുത്ത് പരിശോധിച്ചാൽ അതിൽ നമ്മൾ ഏറ്റവും അധികം ആരാധിക്കുന്ന മുൻനിര താരങ്ങൾ തന്നെയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ഒന്നും രണ്ടും കോടിയല്ല മറിച്ച് നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ഈ താരങ്ങളുടെ പലരുടെയും വരുമാനം. അതിന് അനുസരിച്ചുള്ള നികുതി അവർ രാജ്യത്തിന് നൽകിയേ മതിയാവൂ.
ആദായനികുതിയിൽ മുൻപിൽ ഈ താരം
ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട ഒരു റിപ്പോർട്ട് അനുസരിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നികുതി അടച്ച ഇന്ത്യൻ കായിക താരങ്ങളുടെ പട്ടികയിൽ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയാണ് ഒന്നാമതുള്ളത്. നിലവിൽ സജീവ ക്രിക്കറ്റിൽ നിന്ന് മാറി നിന്ന് ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന കോഹ്‌ലി ഏകദേശം 66 കോടി രൂപയോളം ആദായ നികുതിയായി ഒടുക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും അതിലുപരി ടീമിനെ ഒന്നിലധികം ഐസിസി കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്‌ത എംഎസ് ധോണിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 38 കോടി രൂപയോളം ധോണി ആദായനികുതിയായി അടച്ചുവെന്നാണ് ഫോർച്യൂൺ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ ഇപ്പോഴും താരം കളിക്കുന്നുണ്ട്.
എന്നാൽ പട്ടികയിൽ മൂന്നാമതുള്ളത് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒന്നായ സച്ചിൻ ടെണ്ടുൽക്കറാണ്. വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഐപിഎൽ നിർത്തിയിട്ട് കാലം ഒരുപാട് ആയെങ്കിലും സച്ചിൻ ഇപ്പോഴും വൻ തുക ആദായ നികുതിയായി ഒടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 28 കോടി രൂപയോളമാണ് സച്ചിൻ നൽകിയ ആദായനികുതി.
അവിടംകൊണ്ട് പട്ടിക തീരുന്നില്ല. വേറെയും പ്രമുഖ താരങ്ങൾ വൻ തുക ആദായനികുതി നൽകുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട സെലിബ്രിറ്റി നികുതിദായകരുടെ പട്ടികയിൽ 23 കോടി രൂപ നികുതി അടച്ച സൗരവ് ഗാംഗുലിയും 13 കോടി രൂപയോളം അടച്ച യുവതാരം ഹാർദിക് പാണ്ഡ്യയും ഉൾപ്പെടുന്നു.
പട്ടികയിൽ മുൻപിൽ ഷാരൂഖ് ഖാൻ
ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമ കൂടിയായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ആകെയുള്ള പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഷാരൂഖ് 92 കോടി രൂപ നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ പട്ടികയിൽ കായിക തരാമെന്ന നിലയിൽ വിരാട് കോഹ്ലി തന്നെയാണ് മുൻപന്തിയിൽ.












Click it and Unblock the Notifications