വിരാട് കോലിയോ ബാബര്‍ അസമോ: 2024ല്‍ ആര് മികച്ചതാക്കും; നാസര്‍ ഹുസൈന്റെ പ്രവചനം ഇങ്ങനെ
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായിട്ടാണ് വിരാട് കോലിയെയും ബാബര്‍ അസമിനെയും കാണുന്നത്. ഇതിഹാസ താരങ്ങളില്‍ പലരും ഇവരെ തമ്മില്‍ താരതമ്യം ചെയ്യാറുണ്ട്. അതേസമയം 2024ല്‍ ഇവര്‍ എങ്ങനെയായിരിക്കും കളിക്കുക എന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ നാസ്സര്‍ ഹുസൈന്‍.
ഇരുതാരങ്ങള്‍ക്കും 2024 ഗംഭീര സീസണായിരിക്കുമെന്ന് പറയുകയാണ് നാസ്സര്‍ ഹുസൈന്‍. പക്ഷേ ഇതില്‍ തന്റെ ഫസ്റ്റ് ചോയ്‌സ് കോലിയായിരിക്കുമെന്ന് പറയുകയാണ് ഹുസൈന്‍. 2023ല്‍ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയതില്‍ നാസര്‍ ഹുസൈന്‍ കോലിയെ അഭിനന്ദിക്കുകയും ചെയ്തു.

വിരാട് കോലി റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത വര്‍ഷമാണ് 2023. എത്ര മികച്ച രീതിയില്‍ അദ്ദേഹം ബാറ്റ് ചെയ്തു എന്ന കാര്യത്തില്‍ ആരും ഫോക്കസ് ചെയ്തിട്ടില്ല. സാങ്കേതികപരമായി വിരാട് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. ബാറ്റിന്റെ ശബ്ദം തന്നെ അദ്ദേഹത്തിന്റെ കളി മികവ് കാണിക്കുന്നതാണ്.
മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. എന്തൊരു ഇന്നിംഗ്‌സാണത്. വിരാട് മികച്ച ബാറ്റിംഗ് പൊസിഷനില്‍ നിന്നുകൊണ്ട് കളിച്ച അഞ്ച് ഇന്നിംഗ്‌സുകള്‍ എനിക്ക് പറയാനാവും. അത് വിരാടിനെ സംബന്ധിച്ച് മികച്ച ലക്ഷണങ്ങളാണ്. ഇന്ത്യന്‍ ടീമിനും, വിരാട് ആരാധകര്‍ക്കും അത് ശുഭസൂചനയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
വിരാട് കളിക്കുന്നത് നല്ലൊരു മെന്‍ഡല്‍ സ്‌പേസില്‍ നിന്നാണ്. അതുകൊണ്ട് നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഐസിസി പുറത്തിറക്കിയ വീഡിയോയില്‍ നാസര്‍ ഹുസൈന്‍ പറയുന്നു. രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ ഫോമില്ലായ്മയില്‍ നിന്ന് പഴയ ഫോമിലേക്ക് വിരാട് കോലി തിരിച്ചുവന്ന വര്‍ഷം കൂടിയാണ് 2023.
35 അന്താരാഷ്ട്ര മത്സരങ്ങളില്‍ 2048 റണ്‍സാണ് കോലി 2023ല്‍ അടിച്ചെടുത്തത്. 66.06 ആണ് ബാറ്റിംഗ് ശരാശരി. എട്ട് സെഞ്ച്വറികളും, പത്ത് ഫിഫ്റ്റികളുമാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ലോകകപ്പില്‍ മാത്രം 11 ഇന്നിംഗ്‌സില്‍ നിന്നായി 765 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലി പ്ലെയര്‍ ഓഫര്‍ ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം ബാബര്‍ അസം നന്നായി തന്നെ 2024ല്‍ പെര്‍ഫോം ചെയ്യേണ്ടതുണ്ടെന്ന് പറയുകയാണ് നാസ്സര്‍ ഹുസൈന്‍. വരാനിരിക്കുന്നത് ടി20 ലോകകപ്പാണ്. പാകിസ്താനും ബാബറിനും പുതുവത്സരം ഗംഭീരമായ കാര്യങ്ങള്‍ സംഭവിക്കുന്ന വര്‍ഷമായിരിക്കും. ബാബര്‍ ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് കഴിഞ്ഞു. അത് സമ്മര്‍ദത്തെ ഇല്ലാതാക്കാന്‍ സഹായിച്ചേക്കും. പാകിസ്താന് വേണ്ടി റണ്‍സടിക്കുകയാണ് ഇനി ചെയ്യേണ്ട കാര്യം. ഇത്തവണ മുന്നേറാന്‍ ബാബറില്‍ നിന്ന് ഗംഭീര പ്രകടനം ആവശ്യമാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.












Click it and Unblock the Notifications