സഹതാരങ്ങൾക്ക് കൂടുതൽ വിശ്വാസം സൂര്യയെ; ഹർദിക് ക്യാപ്റ്റൻ ആവാത്തത് ഗംഭീർ കാരണമല്ല, പിന്നെ..?
ഇന്ത്യൻ ക്രിക്കറ്റിന് പുതിയ മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന പരമ്പരയാണ് വരാനിരിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ ഈ പരമ്പരയോട് കൂടി പുതിയ ചില പരിഷ്‌കാരങ്ങളും ചുമതല ഏറ്റെടുക്കലുകളും ഒക്കെ ഉണ്ടാവും. മുൻ ഇന്ത്യൻ താരമായിരുന്ന ഗൗതം ഗംഭീർ പരിശീലകനായി ചുമതല ഏറ്റെടുക്കുന്നതിനോടൊപ്പം ക്യാപ്റ്റൻസിയിലും ചില അപ്രതീക്ഷിത തീരുമാനങ്ങൾ പരമ്പരയിൽ ഉണ്ടായിട്ടുണ്ട്.
രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സ്വാഭാവികമായി ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെ ഒക്കെ കടപുഴക്കി കൊണ്ടാണ് ചെറിയ ഫോർമാറ്റിൽ പുതിയ നായകനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടി20 സൂപ്പർ സ്‌റ്റാറും ഐപിഎല്ലിൽ പാണ്ഡ്യയുടെ സഹതാരവുമായ സൂര്യകുമാർ യാദവ് ആണ് ഈ താരം.

ഞെട്ടിച്ച തീരുമാനം എന്തെന്നാൽ ഹർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ പോലും അല്ല ടീമിൽ എന്നതാണ്. ഫിറ്റ്നസ് വിഷയങ്ങളാണ് പാണ്ഡ്യയുടെ തഴയലിന് കാരണമായി പറയുന്നതെങ്കിലും യഥാർത്ഥ കാരണം അതല്ലെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരങ്ങളുടെ വിശ്വാസം നേടിയെടുത്തതാണ് സൂര്യകുമാർ യാദവിന് തുണയായത് എന്നാണ് റിപ്പോർട്ട്.
താരങ്ങൾ പാണ്ഡ്യയെക്കാൾ സൂര്യകുമാർ യാദവിനെ വിശ്വസിച്ചുവെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടില്ലെന്നും ബിസിസിഐക്ക് ലഭിച്ച 'ഫീഡ്‌ബാക്ക്' റിപ്പോർട്ടിൽ അവകാശപ്പെട്ടു. രണ്ട് ദിവസങ്ങളിലായി നടന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമായി ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വേദിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ സൂര്യകുമാർ യാദവിന്റെ ഇടപെടൽ രീതിയും കാര്യങ്ങൾ കൃത്യമായി നിർവഹിക്കാനുള്ള ശേഷിയും ബിസിസിഐ സെലക്‌ടർമാരെ ആകർഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇഷാൻ കിഷൻ പാതിവഴിയിൽ ഇന്ത്യൻ ക്യാമ്പ് വിടാനൊരുങ്ങിയപ്പോൾ സൂര്യകുമാർ യാദവാണ് താരത്തെ പിടിച്ചുനിർത്തിയത്.
ഇതിന് പുറമെ സഹ താരങ്ങളുമായി ആശയ വിനിമയം നടത്തുന്നതിൽ രോഹിത് ശർമ്മയുടേതിന് സമാനമായ രീതിയാണ് സൂര്യകുമാർ യാദവും വച്ചു പുലർത്തുന്നതെന്നും അത് ടീമിന് ഗുണകരമാവുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഇതൊക്കെയും ഹർദിക് പാണ്ഡ്യയെ പിന്നിലേക്ക് വലിക്കുന്ന ഘടകങ്ങളായി പ്രവർത്തിച്ചുവെന്ന് വേണം കരുതാൻ.
ഗംഭീറിന്റെ മാത്രം താൽപര്യമല്ല പാണ്ഡ്യയുടെ സ്ഥാനചലനം എന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്. രണ്ട് ഫോർമാറ്റുകളിലും ശ്രീലങ്കയിലേക്ക് വണ്ടി കയറുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഗിൽ ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹർദിക് പാണ്ഡ്യയ്ക്ക് അപ്പുറത്തേക്ക് ക്യാപ്റ്റൻസിയിൽ ബിസിസിഐ കൂടുതൽ സാധ്യത തേടുന്നു എന്നതാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്.
ഹർദിക് പാണ്ഡ്യയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായത് തുടർച്ചയായ പരിക്കുകൾ തന്നെയായിരുന്നു. 2022 ജനുവരി 1 മുതൽ 79 ടി20 മത്സരങ്ങളിൽ 46 കളികൾ മാത്രമാണ് അദ്ദേഹം കളിച്ചത്. ഈ കാലയളവിൽ സൂര്യകുമാറിന് കുറച്ച് കളികൾ മാത്രമേ നഷ്‌ടമായിട്ടുള്ളൂ, അതും സ്പോർർട്‌സ് ഹെർണിയ ശസ്ത്രക്രിയ കാരണം. അതൊക്കെയും പാണ്ഡ്യായുടെ സാധ്യതകൾ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളായി എന്ന് വേണം കരുതാൻ.












Click it and Unblock the Notifications