ലോകകപ്പ് ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെത്തിയ നരേന്ദ്ര മോദി എന്താണ് ചെയ്‌തത്..? വെളിപ്പെടുത്തി മുഹമ്മദ് ഷമി
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായി മികച്ച പ്രകടനം കാഴ്‌ചവെച്ച താരമായിരുന്നു മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾ പുറത്തിരുന്ന താരം ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ആദ്യമായി ടീമിൽ ഉൾപ്പെട്ടത്. പിന്നീട് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ഷമി ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഇപ്പോഴിതാ ലോകകപ്പിലെ പ്രകടനത്തെ കുറിച്ചും, ഫൈനലിലെ തോൽവിയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മുഹമ്മദ് ഷമി. ഇന്ത്യ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ആജ് തക് അജണ്ട പരിപാടിയിൽ സംസാരിക്കവേയാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഫൈനൽ തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിൽ എത്തിയതിനെ കുറിച്ചും ഷമി സംസാരിച്ചു.

ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി മോദി താരങ്ങളുമായി സംസാരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. തോൽവിക്ക് ശേഷം ഡ്രസിങ് റൂമിൽ കടുത്ത നിരാശയിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഇവിടേക്ക് കടന്നുവന്ന് എല്ലാവരെയും ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു.
ഇത്തവണ നിങ്ങൾ നന്നായി കളിച്ചുവെന്ന് ഷമിയോട് പ്രധാനമന്ത്രി പറയുന്നതും, താരത്തെ കെട്ടിപ്പിടിച്ച പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതും ഒക്കെ അടങ്ങിയ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ കണ്ടുമുട്ടലിനെ കുറിച്ചാണ് ഷമി ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പങ്കുവച്ചത്.
'എനിക്ക് അദ്ദേഹത്തോട് ഒരു നന്ദി പറയാൻ പോലും കഴിഞ്ഞില്ല. ഞങ്ങൾ എല്ലാവരും തകർന്നിരിക്കുകയായിരുന്നു. രണ്ട് മാസത്തെ കഠിനാധ്വാനമായിരുന്നു അത്, ഞങ്ങൾ മികച്ച രീതിയിൽ കളിച്ചു, പക്ഷേ ഒരു ദിവസത്തെ മോശം കളി എല്ലാത്തിനെയും നശിപ്പിച്ചു' ഷമി വെളിപ്പെടുത്തി.
'പ്രധാനമന്ത്രി വരുമ്പോൾ അദ്ദേഹത്തിന് ബഹുമാനം നൽകണം. അതൊരു അമ്പരപ്പിക്കുന്ന സംഭവമായിരുന്നു. പ്രധാനമന്ത്രി വരുമെന്ന് പോലും ആരും പറഞ്ഞിരുന്നില്ല. അദ്ദേഹം വരുമ്പോൾ എല്ലാവരും അതേ നിലയിൽ തുടരുകയായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. പിന്നീട് പരസ്‌പരം സംസാരിച്ച ഞങ്ങൾക്ക് മുന്നോട്ട് പോവണമെന്ന് മനസിലായി. എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് വളരെ പ്രധാനമായിരുന്നു' ഷമി കൂട്ടിച്ചേർത്തു.
അതേസമയം, ഏകദിന ലോകകപ്പിൽ കേവലം ഏഴ് മത്സരങ്ങൾ മാത്രം കളിച്ച ഷമി ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് മടങ്ങിയത്. 24 വിക്കറ്റുകളുമായാണ് ഷമി ഈ നേട്ടം കൈവരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒൻപത് മത്സരങ്ങളും, സെമിഫൈനലും ഉൾപ്പെടെ പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഓസ്‌ട്രേലിയക്ക് മുൻപിൽ പതറുകയായിരുന്നു.












Click it and Unblock the Notifications