ടി20 ലോകകപ്പിൽ ആരാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ..? സഞ്ജുവിനും സാധ്യത, കിഷനും രാഹുലും ചുമ്മാ വന്നവരല്ല...
അടുത്ത വർഷം ജൂണിൽ യുഎസിലും, വെസ്‌റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തേക്ക് പോയ ഇന്ത്യയ്ക്ക് തീർക്കാൻ കണക്കുകൾ ഏറെയുണ്ട്. ഒപ്പം ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി മറക്കാൻ മറ്റൊരു കിരീടം കൊണ്ട് പ്രായശ്ചിത്തം ചെയ്യാനാവുമെന്ന ബോധ്യവും അവർക്കുണ്ട്.
ടീം മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ ഇപ്പോഴും പല പൊസിഷനുകളിലും വിശ്വസ്‌തരായ താരങ്ങളുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. പ്രത്യേകിച്ച് കോഹ്ലിയും രോഹിതും ടൂർണമെന്റിൽ കളിക്കുമോയെന്ന കാര്യം അറിയാത്ത സാഹചര്യത്തിൽ അവർക്കുള്ള പകരക്കാരെയും കണ്ടെത്തി വയ്‌ക്കേണ്ടതുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റർ റോളിൽ ധോണിക്ക് ശേഷം ഇന്ത്യയ്ക്ക് അതുപോലെയോ, അതിനടുത്ത് എത്തുന്നത് പോലെയോ വിശ്വസിക്കാൻ പറ്റുന്ന താരങ്ങൾ അധികമുണ്ടായിട്ടില്ല. കെഎൽ രാഹുൽ ഏകദിന ലോകകപ്പിൽ കീപ്പിങ്ങിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും ബാറ്റിങിലെ തണുപ്പൻ സമീപനവും, ഇഴയുന്ന സ്കോറിങ് രീതിയും കൊണ്ട് ഏറെ വിമർശനങ്ങളും നേരിട്ടിരുന്നു.
ഏകദിന ക്രിക്കറ്റിൽ പോലും റൺ റേറ്റ് ഉയർത്താൻ കഴിയാത്ത രാഹുലിനെ ടി20 ലോകകപ്പ് പോലെയൊരു വലിയ വേദിയിൽ പരീക്ഷിക്കാൻ നിൽക്കരുതെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ പകരമാര് എന്ന ചോദ്യമാണ് പ്രസക്തം. നിലവിൽ ഇഷാൻ കിഷൻ തന്നെയാണ് ഇന്ത്യയുടെ പ്രഥമ ഓപ്‌ഷൻ എന്ന് ടീം മാനേജ്‌മെന്റിന്റെ നിലപാടിൽ നിന്ന് വ്യക്തമാണ്.
എങ്കിലും കിഷന്റെ പരിചയക്കുറവും, എടുത്തുചാടിയുള്ള ബാറ്റിങും ലോകകപ്പ് വേദിയിൽ ഇന്ത്യയെ ഏത് വിധത്തിൽ സ്വാധീനിക്കും എന്ന് കണ്ടറിയണം. പിന്നെയുള്ള ഓപ്‌ഷൻ സഞ്ജു സാംസണാണ്. ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള താരത്തിന് പക്ഷേ ടി20 അത്ര മികച്ച അനുഭവമല്ല. അതിനാൽ ഇക്കാര്യത്തിൽ മാനേജ്‌മെന്റ് ഒരു പരീക്ഷണത്തിന് തയ്യാറാവാൻ ഇടയില്ല.
അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ ഇഷാൻ കിഷനെയും, ജിതേഷ് ശർമയെയും ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാൽ ഇരുവർക്കും ശരാശരി പ്രകടനം മാത്രമേ പുറത്തെടുക്കാൻ കഴിഞ്ഞുള്ളു എന്നത് മാനേജ്‌മെന്റിനെ ചിന്തിപ്പിക്കുന്ന ഘടകമാണ്.
എങ്കിലും നിലവിൽ സാഹചര്യത്തിൽ സഞ്ജുവിന് ടീമിൽ ഇടം നേടുക ബുദ്ധിമുട്ടാവും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും, ഓസ്‌ട്രേലിയൻ പരമ്പരയിലും ടി20 ടീമിൽ സഞ്ജുവിന് ഇടം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇഷാൻ കിഷനെയും, ജിതേഷ് ശർമ്മയേയും തന്നെയാണ് ടീം ഭാവിയിലേക്ക് ഒരുക്കുന്നതെന്ന് വ്യക്തം. രാഹുൽ തന്നെയായിരിക്കും ഏകദിന-ടെസ്‌റ്റ് ടീമുകളിൽ വിക്കറ്റ് കീപ്പറായി ഇറങ്ങുക എന്നത് ഏറെക്കുറെ ഉറപ്പായ കാര്യമാണ്.












Click it and Unblock the Notifications