97ലെ ബാർബഡോസ് ടെസ്‌റ്റ് ഓർമ്മയുണ്ടോയെന്ന് റിപ്പോർട്ടർ; സംയമനം കൈവിട്ട് ദ്രാവിഡ്, എന്താണ് അന്ന് നടന്നത്?
ന്യൂഡൽഹി: ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുന്നത് ഏഷ്യൻ ടീമുകളിലെ ഉയർന്നുവരുന്ന സംഘമായ അഫ്‌ഗാനിസ്ഥാനെയാണ്. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മുൻപൊരിക്കലും ഇല്ലാത്ത വിധം ഒരു സംഭവം അരങ്ങേറുകയുണ്ടായി.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിൽ പ്രകോപിതനാവുന്ന ദൃശ്യമായിരുന്നു ഇത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദ്രാവിഡിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സൗമ്യനായ വ്യക്തിത്വത്തിന് ഉടമ എന്ന വിശേഷണമുള്ള ആളാണ് രാഹുൽ ദ്രാവിഡ്.

അക്കാര്യം മുൻപ് പലവട്ടം കളിക്കളത്തിലും പുറത്തും രാഹുൽ ദ്രാവിഡ് തെളിയിച്ചതാണ്. എന്നാൽ 1997 ബാർബഡോസ് ടെസ്‌റ്റിനെ കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യം ദ്രാവിഡിനെ പ്രകോപിതനാക്കിയതിന് കാരണങ്ങൾ പലതാണ്. വർഷം 27 പിന്നിട്ടിട്ടും രാഹുൽ ദ്രാവിഡ് മറക്കാൻ ആഗ്രഹിക്കുന്ന ബാർബഡോസ് ടെസ്‌റ്റിനെ കുറിച്ചറിയാം.
ബാർബഡോസിലെ തോൽവിയും അതിന്റെ നഷ്‌ടങ്ങളും
1997ൽ ബാർബഡോസിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ പതനം അപ്രതീക്ഷിതമായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം വെസ്‌റ്റ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്‌റ്റ് വിജയിക്കാനുള്ള സുവർണ്ണാവസരം ഇന്ത്യ പാഴാക്കുകയായിരുന്നു. രണ്ട് ദിവസം ശേഷിക്കെ 120 റൺസ് പിന്തുടർന്ന് ഗ്രൗണ്ടിൽ ഇറങ്ങിയ ഇന്ത്യ കേവലം 81 റൺസിന് പുറത്താവുകയായിരുന്നു.
മത്സരത്തിൽ രാഹുൽ ദ്രാവിഡ് 78ഉം രണ്ടും റൺസാണ് രണ്ട് ഇന്നിങ്‌സുകളിലായി എടുത്തത്. മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ, 1976ന് ശേഷം വെസ്‌റ്റ് ഇൻഡീസിൽ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് വിജയമാകുമായിരുന്നു ഇത്. വെസ്‌റ്റ് ഇൻഡീസ് പരമ്പര 1-0ന് സ്വന്തമാക്കുകയായിരുന്നു. 1971ന് ശേഷം അവിടെ ആദ്യ പരമ്പര സ്വന്തമാക്കാനുള്ള അവസരവും ഇന്ത്യ കളഞ്ഞു കുളിച്ചിരുന്നു.
ഇന്ത്യ-അഫ്‌ഗാൻ പോരാട്ടം
യഥാർത്ഥത്തിൽ രണ്ട് കാരണങ്ങളാണ് ദ്രാവിഡിനെ ഈ ചോദ്യത്തിൽ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. പ്രധാനമായും ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം പിന്നിട്ട ഇന്ത്യയുടെ വലിയ തോൽവിയെ കുറിച്ചുള്ള തോൽവി മനപൂർവം ചോദിച്ചതിലുള്ള അതൃപ്‌തിയാണ് അതിലൊന്ന്. കാരണം അന്നത്തെ മത്സരത്തിൽ ദ്രാവിഡും ഒരു ഭാഗമായിരുന്നു.
രണ്ടാമത്തെ കാര്യം ടി20 ലോകകപ്പിൽ ഇന്ത്യയും അഫ്‌ഗാസ്ഥാനും തമ്മിൽ നടക്കുന്ന മത്സരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള ശ്രമത്തിന് എതിരായ മുന്നറിയിപ്പ് കൂടിയാണ് ദ്രാവിഡിന്റെ മറുപടി എന്ന് കൂട്ടി വായിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങാൻ ആഗ്രഹിക്കുന്ന ദ്രാവിഡിന് മറ്റ് വിഷയങ്ങൾ വലിച്ചിഴച്ചതിൽ ഉണ്ടായ അതൃപ്‌തിയാണ് പ്രകടമായത്.
അതേസമയം, ഇന്ത്യൻ ടീം പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഈ നടപ്പ് ലോകകപ്പ് ടൂർണമെന്റോടെ ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകരം ചുമതല ഏറ്റെടുക്കുക മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ആയിരിക്കുമെന്നാണ് സൂചന. താരം ഇതുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിൽ അന്തിമ തീരുമാനം വൈകാതെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ ഐപിഎല്ലിൽ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചതിൽ ഗംഭീറിന് നിർണായക പങ്കുണ്ടായിരുന്നു. ടീമിന്റെ ഉപദേശകനായി പ്രവർത്തിച്ച ഗംഭീറിന്റെ സാന്നിധ്യം അവരുടെ കിരീട നേട്ടത്തിൽ നിർണായകമായിരുന്നു.












Click it and Unblock the Notifications