രോഹിത് ശർമ്മയെ കൈവിടുമോ മുംബൈ? നിലനിർത്താൻ സാധ്യതയില്ല, പകരം പോവുക ഈ ടീമിലേക്ക്?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കങ്ങളിൽ ഒന്നായാണ് ഐപിഎൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ അതിന്റെ നിറപ്പകിട്ടും പണക്കൊഴുപ്പും ഒക്കെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ ഐപിഎൽ പലപ്പോഴും അനിശ്ചിതത്വത്തിന്റേത് കൂടിയാണ്. മുൻ സീസണുകളിൽ എന്ന പോലെ തന്നെ ഇത്തവണയും ചില താരങ്ങളുടെ കാര്യത്തിൽ കൃത്യമായ ഒരുത്തരം ആർക്കും നൽകാൻ കഴിയില്ല എന്നതാണ് വാസ്‌തവം.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെ ഉദാഹരണം. കഴിഞ്ഞോ ഒന്നോ രണ്ടോ സീസണുകളായി ധോണിയുടെ വിരമിക്കൽ ചർച്ചകൾ പലവഴിക്ക് പുരോഗമിക്കുന്നുണ്ട്. എന്നാൽ താരം ഓരോ സീസണിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കളത്തിൽ ഇറങ്ങാറാണ് പതിവ്. ഇക്കുറിയും അത് തന്നെ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും കഴിഞ്ഞ സീസൺ മുതൽ നേരിടുന്നത്.

താരത്തിന്റെ വിരമിക്കൽ അല്ല ഇവിടുത്തെ വിഷയം എന്നത് മാത്രമേ ഉള്ളൂ വ്യത്യാസം. രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടുമെന്നും മറ്റൊരു ടീമിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഒരു വർഷത്തോളം പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സീസണിൽ യാതൊരു കൂടിയാലോചനകളും കൂടാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്ന നിമിഷം മുതൽ ഈ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
ഹർദിക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്ന് മുംബൈയിൽ എത്തിച്ച ടീം മാനേജ്‌മെന്റ് ദീർഘകാല അടിസ്ഥാനത്തിലുള്ള തങ്ങളുടെ പദ്ധതി പറയാതെ പറയുകയായിരുന്നു. പാണ്ഡ്യയെ നായകനായി നിയമിച്ചതോടെ രോഹിതിന് മുംബൈയിലുള്ള പ്രാധാന്യം കുറഞ്ഞു എന്നതായിരുന്നു പല സ്ഥിരീകരിക്കാത്ത വാർത്തകളുടെയും മൂലകാരണം.
എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്‌തമാണെന്നാണ് സൂചന. രോഹിതിനെ മുംബൈ കൈവിട്ടേക്കും. ആറ് താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ എന്നതിനാൽ മുംബൈ റിസ്‌ക് എടുക്കാൻ സാധ്യതയില്ല. അങ്ങനെ ടീം വിടുകയാണെങ്കിൽ രോഹിത് എവിടേക്ക് കൂടുമാറുമെന്നതാണ് മറ്റൊരു ചോദ്യം. ലക്‌നൗ സൂപ്പർ ജയന്റിസിന്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഇത് നടക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇക്കുറി ഐപിഎല്ലിൽ വലിയ മാറ്റങ്ങൾ വേറെയും വരുന്നുണ്ട്. ഇനി ഐപിഎൽ താര ലേലത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരം വർത്തകൾ പുറത്ത് വരുന്നുണ്ട്. രോഹിത് ശർമ്മയ്ക്ക് പുറമേ ഇന്ത്യൻ താരം കെഎൽ രാഹുലും ടീം മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്‌നവിലേക്ക് രോഹിത് ശർമ്മ വരികയാണെങ്കിലും അല്ലെങ്കിലും രാഹുൽ ടീം വിട്ടേക്കുമെന്നാണ് ലഭ്യമായ വിവരം.
ഈ സീസണിൽ ലക്‌നൗ പുതിയ നായകനെ തേടുന്ന സാഹചര്യത്തിലാണ് ഇത്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ടീം വിട്ടാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ ചേക്കേറുമെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കൂടുമാറ്റം നടത്താൻ ഒരുങ്ങുന്ന മറ്റൊരു മുതിർന്ന താരം ഫാഫ് ഡുപ്ലെസിയാണ്, ആർസിബിയിൽ വളരെ മോശം സീസൺ ആയതിനാൽ തന്നെ താരം ടീം വിട്ടേക്കുമെന്നാണ് വിവരം.
ഇവർക്ക് പുറമേ വേറെയും ഒന്ന് രണ്ട് താരങ്ങൾ ഉറച്ച ടീം മാറ്റത്തിന് ഒരുങ്ങുന്നുണ്ട്. അതിലൊന്ന് ഓസീസ് വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്‌സ്‌വെൽ ആണ്. മാക്‌സ്‌വെൽ ഇക്കുറി ആർസിബി വിടുമെന്നാണ് വിവരം. പുതിയ ടീം ഏതെന്ന് വ്യക്തമായിട്ടില്ല. കൂടാതെ വെങ്കിടേഷ് അയ്യർ ഉൾപ്പെടെയുള്ള താരങ്ങളും പുതിയ സീസണിൽ ടീം മാറ്റത്തിന് ഒരുങ്ങുന്നുണ്ട്.












Click it and Unblock the Notifications