സഞ്ജുവിനെ ടെസ്‌റ്റിൽ കളിപ്പിച്ചുകൂടെ? പന്തിന് നേരെ ചോദ്യങ്ങൾ ഉയരുന്നു, ബിജിടിയിൽ ആ അത്ഭുതം നടക്കുമോ?
ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി കളിക്കുകയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ മത്സരത്തിൽ ഓസീസിനെതിരെ വമ്പൻ ജയം നേടിയ ഇന്ത്യക്ക് പക്ഷേ പിങ്ക് ബോൾ ടെസ്‌റ്റിൽ ഇതേ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ വരിഞ്ഞുമുറുകിയ ഓസീസ് പട മൂന്നാം ദിനം ഉച്ചയ്ക്ക് മുൻപ് തന്നെ മത്സരം തീർത്ത് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെ നിലയുറപ്പിക്കാൻ പോലും ഓസീസ് ബൗളർമാർ അനുവദിച്ചിരുന്നില്ല.
എന്നാൽ രണ്ടാം ടെസ്‌റ്റിലെ പരാജയം ഇന്ത്യൻ ടീമിന് നേരെ ഒരുപാട് വിമർശനങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. മുൻനിര താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും മോശം പ്രകടങ്ങൾ ചർച്ചയാവുമ്പോൾ റിഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങളും വിമർശനങ്ങൾ നേരിടുന്നുണ്ട്. താരങ്ങളുടെ മോശം പ്രകടനത്തിൽ ആരാധകർ ഒന്നടങ്കം നിരാശരുമാണ്.

ഈ ഘട്ടത്തിലാണ് അവസരം കാത്തു പുറത്തുനിൽക്കുന്ന യുവതാരങ്ങളെ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നത്. അതിൽ പ്രധാനപ്പെട്ട താരങ്ങളിലൊന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായ സഞ്ജു സാംസണാണ്. ടി20യിൽ പ്രകടിപ്പിച്ച അസാധ്യ മികവ് താരത്തിന്റെ സാധ്യതകൾ വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ സെഞ്ച്വറികൾ നേടി ഫോർമാറ്റിൽ സഞ്ജു തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു കഴിഞ്ഞു.
എന്നാൽ ടെസ്‌റ്റിൽ ഇതുവരെയും സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ഒരു മികച്ച വിക്കറ്റ് കീപ്പർ ബാറ്ററും നായകനുമായി മികവ് തെളിയിച്ചിട്ടുള്ള സഞ്ജുവിനെ എന്തുകൊണ്ട് ടെസ്‌റ്റ് ടീമിൽ ഉൾപ്പെടുത്തിക്കൂടാ എന്നാണ് പല ആരാധകരുടെയും ചോദ്യം. നിലവിലെ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന് സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ശക്തമാവുന്നത്.
രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നായകനായ സഞ്ജു സാംസൺ മികച്ച ട്രാക്ക് റെക്കോർഡുള്ള താരങ്ങളിൽ ഒരാളാണ്. എന്നിട്ടും സഞ്ജുവിനെ ഇതുവരെയും ദൈർഘ്യമേറിയ ഫോർമാറ്റിൽ പരീക്ഷിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഇതുവരെയും തയ്യാറായിട്ടില്ല. ഇത്തവണത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കാര്യമായ അഴിച്ചുപണി നടത്തണമെന്നാണ് ആരാധകരുടെ ആവശ്യം.
സഞ്ജു അടക്കമുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. നായകൻ രോഹിത് ശർമ്മയും മുതിർന്ന താരമായ വിരാട് കോലിയും കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഇരുവരുടെയും ഫോം വലിയ ചോദ്യ ചിഹ്നമാണ്. ടോപ്പ് ഓർഡറിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വയ്ക്കുന്ന കെഎൽ രാഹുൽ, ജയ്‌സ്വാൾ എന്നിവർക്കൊപ്പം സഞ്ജുവും ടീമിലേക്ക് എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ബിജിടിയിൽ ഒരുപക്ഷേ സഞ്ജുവിന് അവസരം നൽകാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സമീപഭാവിയിൽ തന്നെ താരം വെള്ളക്കുപ്പായത്തിൽ അരങ്ങേറുന്നത് കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ പ്രകടനത്തിന് അനുസരിച്ചിരിക്കും റിഷഭ് പന്തിന്റെ ഭാവി. താരത്തിന് ശേഷം സാധ്യത കൽപ്പിക്കപ്പെടുന്നത് സഞ്ജുവിനുമാണ്.












Click it and Unblock the Notifications