ഇംഗ്ലീഷുകാർ കരുതിയിരുന്നോ; ഏകദിനത്തിൽ സഞ്ജുവിനെ ഇറക്കുമോ? അത് നടന്നാൽ ഡബിൾ സെഞ്ചറി ഉറപ്പ്
ഇന്ത്യൻ ക്രിക്കറ്റിൽ സമീപ കാലത്ത് സെൻസേഷണലായ മൂന്ന് ടി20 സെഞ്ച്വറികളുമായി കളം പിടിക്കുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. ഗൗതം ഗംഭീർ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നായക പദവിയിൽ എത്തിയ സൂര്യകുമാറിന്റെ ശക്തമായ പിന്തുണയോട് കൂടിയാണ് സഞ്ജു കുട്ടി ക്രിക്കറ്റിൽ അതിരുകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിക്കൊണ്ട് ഒരിക്കൽ കൂടി വിമർശകരുടെ വായടിപ്പിച്ചിരിക്കയാണ് താരം. സ്ഥിരത ഇല്ലായ്‌മയുടെ പേരിൽ നിരന്തരം ടീമിൽ നിന്ന് മാറ്റി നിർത്തുക എന്ന പതിവ് കാഴ്‌ച മാറി രണ്ട് മത്സരങ്ങളിൽ തുടർച്ചയായി സംപൂജ്യനായി പുറത്തായിട്ടും വീണ്ടും അവസരം നൽകിയ സൂര്യകുമാറിനും ഗംഭീറിനും ഇക്കാര്യത്തിൽ നല്ല പങ്കുണ്ട്.

എന്നാൽ ടി20 മത്സരങ്ങളുടെ സീസൺ തൽക്കാലത്തേക്ക് അവസാനിച്ചു കഴിഞ്ഞു. ഇനി ഓസീസിനെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയും ഇംഗ്ലണ്ടുമായുള്ള പോരാട്ടവും ഒക്കെയാണ് വരാനിരിക്കുന്നത്. നിലവിൽ ടെസ്‌റ്റ് ടീമിൽ സഞ്ജുവിന് ഇടം നേടാൻ കഴിയുന്നതിന് വിദൂര സാധ്യത പോലുമില്ല എന്നതാണ് യാഥാർഥ്യം. അത് അംഗീകരിക്കുക തന്നെ വേണം.
പക്ഷേ ഏകദിനത്തിൽ ഏത് നിമിഷവും ഒരു വിളി പ്രതീക്ഷിച്ച് ഇരിപ്പാണ് സഞ്ജു സാംസൺ. കാരണം ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ശേഷം ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് വരുന്നുണ്ട്. അവർ ഇവിടെ ഏകദിന പരമ്പര കളിക്കുന്നുമുണ്ട്. ഇതോടെയാണ് സഞ്ജു ഈ ഫോർമാറ്റിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യം ആരാധകർ ഒന്നടങ്കം ഉയർത്തുന്നത്.
സഞ്ജുവിന്റെ ഏകദിനത്തിലേക്കുള്ള മടങ്ങിവരവിന് തടസങ്ങൾ ഏറെയുണ്ട് എന്നത് വാസ്‌തവമാണ്, എന്നാൽ അതൊരിക്കലും അസാധ്യമല്ല. കാരണം നേരത്തെ സഞ്ജുവിനെ എഴുതിത്തള്ളിയ ഫോർമാറ്റ് ആയിരുന്നു ടി20, ഐപിഎല്ലിലെ പ്രകടനം ഒഴിച്ചുനിർത്തിയാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാത്ത ഇടത്ത് നിന്ന് തുടർച്ചയായ സെഞ്ച്വറികളുമായി താരം തിരിച്ചുവന്നു.
അതുകൊണ്ട് തന്നെയാണ് സഞ്ജുവിനെ ഒരുപക്ഷേ ഏകദിനത്തിലേക്ക് കൂടി പരിഗണിക്കാനുള്ള സാധ്യതകൾ പലരും മുന്നോട്ട് വയ്ക്കുന്നത്. അതിന്റെ കാരണം സഞ്ജുവിന്റെ മികച്ച റെക്കോർഡ് തന്നെയാണ്. ഏകദിനത്തിൽ ഒരുപക്ഷേ ടി20യെക്കാളും ഒരുപടി മുകളിലാണ് സഞ്ജുവിന്റെ കണക്കുകൾ ഉള്ളത്. അത് തന്നെയാണ് താരത്തെ ഈ ഫോർമാറ്റിൽ ഫേവറൈറ്റ് ആക്കുന്നതും.
സഞ്ജു ഇതുവരെ 16 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഈ കാലയളവിൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 56.66 ശരാശരിയിൽ 510 റൺസ് താരം നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ റെക്കോർഡ് താരത്തിന് തുണയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
മറ്റൊരു കാര്യം ആരാധകർ പറയുന്നത് എന്തെന്നാൽ സഞ്ജു ഏകദിനത്തിൽ ഇറങ്ങിയാൽ ഉറപ്പായും ഡബിൾ സെഞ്ച്വറി അടിക്കുമെന്നാണ്. ടി20 അതിവേഗ ഇന്നിംഗ്‌സ് കളിക്കുന്ന സഞ്ജുവിന് അതേപാത പിന്തുടർന്ന് ഓപ്പണിംഗിൽ ഇറക്കിയാൽ ഉറപ്പായും താരം ഡബിൾ സെഞ്ച്വറി നേടുമെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ സ്ട്രൈക്ക് റേറ്റും അവർ അതിന് കാരണമായി വിലയിരുത്തുന്നു.












Click it and Unblock the Notifications