നെഹ്റയ്ക്ക് പകരം ഗുജറാത്തിന് പുതിയ സൂപ്പർ സ്‌റ്റാർ പരിശീലകൻ; യുവി എത്തുമോ? സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്ത് യുവരാജ് സിംഗ് എന്ന താരമുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഐപിഎല്ലിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേശീയ ടീമിന് വേണ്ടി ചെറിയ ഫോർമാറ്റിൽ യുവരാജ് നേടിയ റെക്കോർഡുകൾ പലർക്കും ഇന്നും സ്വപ്‌നം മാത്രമാണ്, പ്രത്യേകിച്ച് ഇന്ത്യ കന്നി ടി20 കിരീടം നേടിയ സമയത്തെ യുവിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് രോഗബാധിതനായ യുവരാജ് സിംഗ് കളിക്കളത്തിൽ നിന്ന് വിട്ടു നിന്നു. അധികം വൈകാതെ തിരിച്ചു വന്നെങ്കിലും ഐപിഎല്ലിലും ഇന്ത്യൻ ടീമിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞതുമില്ല. ഈ പറഞ്ഞതൊക്കെ ഇപ്പോൾ പഴങ്കഥയായ കാര്യങ്ങളാണ്, ഇനി യുവരാജിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്.

ഐപിഎല്ലിലെ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ കോച്ചായി യുവി എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് അധിക നാളുകൾ ഒന്നും ആയിട്ടില്ല. നിലവിലെ പരിശീലകനായ ആശിഷ് നെഹ്റയും ക്രിക്കറ്റ് ഡയറക്‌ടർ വിക്രം സോളങ്കിയും ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ഒഴിവിലേക്കാണ് യുവരാജ് സിംഗിനെ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നെഹ്‌റയും സോളങ്കിയും ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ടീം കിരീടം നേടിയ 2022 മുതൽ ഇരുവരും ഗുജറാത്ത് ടൈറ്റൻസിന് ഒപ്പം തന്നെയുണ്ട്. ഇവർ പോവുമെന്ന് ഉറപ്പായതോടെയാണ് യുവരാജുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
അടുത്ത വർഷത്തെ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാ ലേലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ടീം ഉടമകൾ ജൂലൈ 30 അല്ലെങ്കിൽ 31ന് ബിസിസിഐ അധികൃതരെ കാണുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണം, ഇംപാക്റ്റ് പ്ലെയർ റൂൾ, ശമ്പള ഘടന എന്നിവ തീരുമാനിക്കുന്നതായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടകൾ.
നിലവിൽ പാകിസ്ഥാന്റെ പരിമിത ഓവർ ടീമുകളുടെ മുഖ്യ പരിശീലകൻ ഗാരി കിർസ്‌റ്റൺ ആയതിനാൽ മറ്റ് സ്‌റ്റാഫുകളുടെ കാര്യത്തിലും ഗുജറാത്തിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായതിനാൽ അദ്ദേഹം മെന്റർ റോളിൽ ഗുജറാത്തിനൊപ്പം ഇക്കുറി ഉണ്ടാവാൻ ഇടയില്ല.
ഐപിഎല്ലിൽ ഭേദപ്പെട്ട കരിയർ മാത്രമാണ് യുവരാജ് സിംഗിന് അവകാശപ്പെടാനുള്ളത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 2019ൽ അവസാന മത്സരം കളിച്ച യുവരാജ് പണക്കൊഴുപ്പിന്റെ ലീഗിൽ 132 മത്സരങ്ങൾ കളിച്ച മത്സര പരിചയം കൈമുതലായുള്ള വ്യക്തിയാണ്. 13 അർധസെഞ്ചുറികളടക്കം 24.77 ശരാശരിയിൽ 2750 റൺസാണ് ഓൾറൗണ്ടറുടെ സമ്പാദ്യം. രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 36 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു.












Click it and Unblock the Notifications