ഇത്ര അസൂയ പാടില്ല; തന്നെ ചൊറിഞ്ഞ മുൻ പാക് താരത്തിന് ഷമിയുടെ കിടിലൻ മറുപടി...
ലോകകപ്പിലെ തന്റെ പ്രകടനത്തിൽ സംശയം പ്രകടിപ്പിച്ച പാകിസ്ഥാൻ താരങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് ഷമി രംഗത്ത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ടോപ് സ്കോററായി വിരാട് കോഹ്‌ലിയും, വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമിയുമായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഇതിന് പിന്നാലെ ഷമിയുടെ ബൗളിംഗിൽ സംശയം പ്രകടിപ്പിച്ച് പാക് മുൻ താരം ഹസൻ റാസ രംഗത്ത് വന്നിരുന്നു.
ഷമിയും, ഇന്ത്യൻ ടീമും ചതിക്കുകയാണെന്നും അവർക്ക് പ്രത്യേക ബോൾ നൽകുന്നുവെന്നും റാസ ആരോപിച്ചിരുന്നു. ലോകകപ്പിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഷമിയും, ബുമ്രയും അടക്കമുള്ള പേസർമാർ പവർ പ്ലേയിൽ എതിർ ടീമുകളെ വെള്ളം കുടിപ്പിച്ചിരുന്നു. പല ടീമുകൾക്കും എതിരെ പവർ പ്ലേയിൽ നേടിയ വിക്കറ്റുകളാണ് ഇന്ത്യയുടെ ജയത്തിന് മുതൽ കൂട്ടായത്.

എന്നാൽ ഇപ്പോഴിതാ റാസയുടെ ആരോപണത്തിന് മറുപടിയുമായി ഷമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാൻ താരങ്ങൾക്ക് തന്റെ വിജയം ദഹിക്കുന്നില്ലെന്നാണ് ഷമി ചൂണ്ടിക്കാണിക്കുന്നത്. റാസയുടെ ആരോപണം ഷമി നിഷേധിക്കുകയും ചെയ്‌തു. മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാൻ ശീലിക്കണമെന്ന ഉപദേശവും താരം ഹസൻ റാസയ്ക്ക് നൽകി.
'എന്റെ രീതിയിലുള്ള പ്രകടനവുമായി 10 ബൗളർമാർ എങ്കിലും വരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം ആസ്വദിക്കാൻ തുടങ്ങിയാൽ നിങ്ങളും ഒരു മികച്ച താരമാവും' ഷമി പ്യൂമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'അവർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഞങ്ങൾക്ക് പ്രത്യേക പന്തുകളാണ് കിട്ടിയതെന്നാണ് അവർ പറയുന്നത്. വസീം അക്രം ഭായ് പോലും ഇതിന് കൃത്യമായി മറുപടി കൊടുത്തു കഴിഞ്ഞു. ഒരു ഷോയിലൂടെ എങ്ങനെയാണു പന്ത് തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റ് കളിക്കാതെ ഒരാളിൽ നിന്നാണ് ഈ ആരോപണം വന്നതെങ്കിൽ മനസിലാക്കാം. എന്നാൽ നിങ്ങൾ മുൻ താരമാണെങ്കിൽ ഇത്തരം പരാമർശം നടത്തുന്നത് ഒട്ടും ഉചിതമല്ല' ഷമി ഹസൻ റാസയുടെ ആരോപണത്തിന് മറുപടി നൽകി.
അതേസമയം, ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ ഷമി കളിച്ചിരുന്നില്ല, ശാർദൂൽ താക്കൂറിനെ ആയിരുന്നു ഇന്ത്യ പരിഗണിച്ചത്. എന്നാൽ സ്‌റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ഷമിയുടെ തലവര തെളിഞ്ഞു.
പിന്നീട് കളത്തിൽ എത്തിയ ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കേവലം ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായാണ് ഷമി ലോകകപ്പ് ക്യാംപയിൻ അവസാനിപ്പിച്ചത്. മറ്റ് താരങ്ങളേക്കാൾ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച ഷമി വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications