ഇന്ത്യയുടെ ലോകകപ്പ് ടീം മികച്ചതാണോ, കപ്പടിക്കുമോ? എംഎസ് ധോണിയുടെ മറുപടി വൈറല്‍
ബെംഗളൂരു: ഇന്ത്യന്‍ ടീം ലോകകപ്പില്‍ മിച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും ടീം വിജയിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങള്‍ വിജയിച്ച ഏക ടീമും ഇന്ത്യ തന്നെയാണ്. അതേസമയം ഇന്ത്യയുടെ മുന്‍ താരവും ഇതിഹാസ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ടീം ലൈനപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയുടേത് വളരെ മികച്ച ടീമാണെന്ന് ധോണി പറയുന്നു.
ടീം ബാലന്‍സ് വളരെ നന്നായി വന്നിട്ടുണ്ട്. എല്ലാ കളിക്കാരും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും മികച്ചതാണെന്നും ധോണി പറഞ്ഞു. ആദ്യമായിട്ടാണ് ഇത്തവണത്തെ ലോകകപ്പ് ടീമിനെ കുറിച്ച് ധോണി പ്രതികരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ടീമിനെ കുറിച്ച് കൂടുതലൊന്നും താന്‍ പറയില്ല. ബുദ്ധിമാന്‍മാര്‍ക്ക്, ഞാന്‍ പറഞ്ഞതിന്റെ പൂര്‍ണമായ അര്‍ത്ഥം എന്താണെന്നും, ഉദ്ദേശിച്ചത് എന്താണെന്നും മനസ്സിലാവുമെന്നും ധോണി പറഞ്ഞു.

ഇന്ത്യന്‍ ആരാധകരുടെ മനസ്സിലെ വേദനയായ 2019ലെ ലോകകപ്പിനെ കുറിച്ചും ധോണി മനസ്സ് തുറന്നു. സെമി ഫൈനലില്‍ റണ്ണൗട്ടായതോടെ ഇത് തന്റെ അവസാന മത്സരമാണെന്ന് ഉറപ്പിച്ചിരുന്നുവെന്നും ധോണി പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം വന്ന ഇത്തരമൊരു മത്സരത്തില്‍ വികാരങ്ങളെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് നിങ്ങള്‍ തോല്‍ക്കുമ്പോള്‍ മറ്റൊന്നും മുന്നിലുണ്ടാവില്ലെന്നു ധോണി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.
മനസ്സില്‍ ഞാന്‍ എന്റെ കരിയര്‍ പ്ലാനിംഗും എല്ലാം അവസാനിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് വേണ്ടി അവസാനം ക്രിക്കറ്റ് കളിച്ച ദിവസമായിരുന്നു അത്. ഒരു വര്‍ഷം കഴിഞ്ഞാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പക്ഷേ സത്യമെന്തെന്നാല്‍ തോല്‍വിയോടെ ഞാന്‍ വിരമിച്ചിരുന്നു. എന്നാല്‍ മത്സര ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു.
അത്രയും കാലം ഫിറ്റ്‌നെസ് നോക്കാനുള്ള മെഷീന്‍ അദ്ദേഹം എന്നോട് കൈവശം വെക്കാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് അതിന്റെ ആവശ്യമില്ലെന്ന് ഞാനെങ്ങനെ പറയും. അതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപനം വൈകിയത്. ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് വിരമിക്കലോടെ നഷ്ടപ്പെട്ടത്. ഒരുപാട് പേര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനാവൂ എന്നും ധോണി വ്യക്തമാക്കി.
ബോളിവുഡില്‍ തകര്‍ത്തോടാന്‍ തേജസ്; കങ്കണ വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ??
അതേസമയം ഇന്ത്യന്‍ ടീമിനെ കുറിച്ച് ഹര്‍ഭജന്‍ സിംഗും തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. 2011ല്‍ ലോകകപ്പ് നേടിയ ടീമിനേക്കാള്‍ ഐക്യം ഇപ്പോഴത്തെ ടീമില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. രണ്ട് ടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അന്ന് ഞങ്ങളെല്ലാം ഒന്നായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വേണ്ടി ആ കപ്പ് നേടണമായിരുന്നു. ഒരുപാട് ബഹുമാനം സച്ചിന് ടീമില്‍ നിന്ന് ലഭിച്ചിരുന്നു. ഈ ടീമിനെ കുറിച്ച് അങ്ങനെ തോന്നുന്നില്ല. എത്ര പേര്‍ക്ക് വിരാട് കോലിക്ക് വേണ്ടി ലോകകപ്പ് നേടണമെന്ന് തോന്നുന്നുണ്ട്. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കപ്പ് നേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.












Click it and Unblock the Notifications