'ഇന്ത്യയ്ക്ക് മുൻപിൽ തലകുനിക്കാത്ത ഒരേയൊരു ടീം ന്യൂസിലൻഡാണ്'; സെമിയ്ക്ക് മുന്നോടിയായി നാസർ ഹുസൈൻ
ഏകദിന ലോകകപ്പ് സെമി ഫൈനൽ ഇന്ന് നടക്കാനിരിക്കെ ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച പോരാട്ടം കാഴ്‌ചവയ്ക്കാൻ കഴിയുന്ന ഒരു ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ തകർത്തെങ്കിലും ലോകകപ്പിൽ കിവീസിനോളം പോന്ന മറ്റൊരു എതിരാളി ഇന്ത്യയ്ക്കില്ലെന്നാണ് ഹുസൈൻ പറയുന്നത്.
വിഖ്യാതമായ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ന് ഇരുടീമുകളും മുഖാമുഖം വരുമ്പോൾ ഗ്രൗണ്ടിൽ തീപാറുമെന്ന് ഉറപ്പാണ്. അതിന് മുന്നോടിയായി മുൻ താരങ്ങളുടെ പ്രവചനങ്ങളും പ്രതീക്ഷകളും വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ അഭിപ്രായം പങ്കുവച്ചവരിൽ ഒരാളാണ് നാസർ ഹുസൈൻ.

'രണ്ട് അസാമാന്യ കഴിവുള്ള ടീമുകൾ, അതിൽ ഇന്ത്യയാണ് ഫേവറൈറ്റുകൾ എന്ന് പറയാതിരിക്കാൻ കഴിയില്ല, എന്നാൽ കരുത്തരായ ഇന്ത്യയ്ക്ക് മുൻപിൽ തലകുനിക്കാത്ത ഒരു കൂട്ടരുണ്ടെങ്കിൽ അത് ന്യൂസിലൻഡായിരിക്കും. അവർക്ക് പ്രതിഭാധനരായ ചില താരങ്ങളുണ്ട്. രചിൻ രവീന്ദ്രയെ പോലെയുള്ള യുവ താരങ്ങളുണ്ട്' നാസർ ഹുസൈനെ ഉദ്ധരിച്ച് സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്‌തു.
വാങ്കഡെയിലെ നിറഞ്ഞ കാണികൾക്ക് മുൻപിൽ വിരാട് കോഹ്‌ലി ബാറ്റിങിന് ഇറങ്ങുന്ന കാഴ്‌ച അവിസ്‌മരണീയമായിരിക്കും എന്നും നാസർ ഹുസൈൻ കൂട്ടിച്ചേർത്തു. മുപ്പത്തിയഞ്ചുകാരനായ വിരാട് കോഹ്‌ലി ലോകകപ്പിൽ ഇക്കുറി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യയ്ക്ക് നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ എതിരാളിയായി ലഭിച്ചു. മറ്റൊരു സെമിയിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.












Click it and Unblock the Notifications