അയാളേക്കാൾ മികച്ചതായി മറ്റാരുമില്ല; കിങ് കോഹ്‌ലിയ്ക്ക് വില്ലിച്ചായന്റെ പ്രശംസ
ഇന്ത്യൻ സ്‌റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ പ്രശംസിച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലിയെന്നായിരുന്നു വില്യംസൺ പറഞ്ഞത്. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോട് 70 റൺസിന് തോറ്റതിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു വില്യംസൺ ഇന്ത്യൻ ഇതിഹാസത്തെ പ്രശംസ കൊണ്ട് മൂടിയത്.

കോഹ്ലിയാണ് ആധുനിക ക്രിക്കറ്റിലെ മികച്ച താരമെന്നും, എന്നാൽ പോലും അദ്ദേഹം ഓരോ തവണയും കൂടുതൽ മെച്ചപ്പെടുകയാണെന്നും വില്യംസൺ ചൂണ്ടിക്കാട്ടി. ടീമിന് വേണ്ടിയാണ് കോഹ്‌ലി എന്നും നിലകൊള്ളുന്നതെന്നും വില്യംസൺ പറഞ്ഞു. അദ്ദേഹം ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്നത് എതിർ ടീമുകളെ ഭയപ്പെടുത്തുന്നുവെങ്കിലും അത് അംഗീകരിക്കാതെ വയ്യെന്നും വില്യംസൺ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഈ ലോകകപ്പിൽ മൂന്ന് സെഞ്ച്വറികളാണ് കോഹ്‌ലി നേടിയത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിന്റെ റെക്കോർഡും താരം മറികടന്നു. 2003ൽ സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച 673 റൺസെന്ന നേട്ടമാണ് കോഹ്‌ലി മറികടന്നത്. ഇതിന് പുറമെ ഒരു ലോകകപ്പ് എഡിഷനിൽ 700 റൺസിലേറെ നേടുന്ന താരമായും കോഹ്‌ലി മാറി.
ഇതിനെല്ലാം പുറമെയാണ് ഏകദിന സെഞ്ചുറികളിൽ സച്ചിന്റെ റെക്കോർഡ് താരം മറികടന്നത്. സെമി ഫൈനലിന് മുൻപ് സച്ചിനും കോഹ്ലിയും 49 സെഞ്ചുറികളുമായി ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിൽ വാങ്കഡെയിൽ ഇന്ത്യൻ ഇന്നിംഗ്‌സ് പകുതി പിന്നിട്ടപ്പോഴേക്കും കോഹ്‌ലി അൻപത് സെഞ്ചുറികൾ എന്ന മാന്ത്രിക സംഖ്യയിലേക്ക് നടന്നടുത്തിരുന്നു.
സെമി ഫൈനലിൽ കോഹ്ലിയുടെയും, ശ്രേയസ് അയ്യറുടെയും സെഞ്ചുറികളുടെ കരുത്തിൽ 397 റൺസ് സ്‌കോർ ബോർഡിൽ ചേർത്ത ഇന്ത്യയ്ക്ക് മുഹമ്മദ് ഷമിയുടെ മികവാണ് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം മുതലാക്കിയാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ് വീശിയത്, പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ചെയ്യേണ്ടി വന്നെങ്കിലും 80 റൺസുമായി ഗില്ലും തിളങ്ങി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിലേ പതറി. തന്റെ ആദ്യ സ്പെൽ എറിയാനെത്തിയ ഷമി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ബുമ്രയുടെ കണിശതയാർന്ന ബൗളിംഗ് കൂടി ചേർന്നതോടെ കിവീസ് ബാറ്റർമാർ വിയർത്തു. എന്നാൽ ഡാരിൽ മിച്ചലും, വില്യംസണും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ലക്ഷ്യത്തിന് 70 റൺസകലെ അവർ വീണു. ഏഴ് വിക്കറ്റുമായി ഷമി തന്നെയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്.












Click it and Unblock the Notifications