ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾക്ക് മുൻപ് ഷമിയുടെ അമ്മ തളർന്നുവീണു; ചികിത്സയിലെന്ന് റിപ്പോർട്ട്
ലോകകപ്പ് ഫൈനലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഷമിയുടെ അമ്മ അനും ആരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ സഹഷ്പൂർ ഗ്രാമത്തിലെ ആശുപതിയിലാണ് അവരെ പ്രവേശിപ്പിച്ചത്.
മത്സരം കാണുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അവരെ ബന്ധുക്കൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് സൂചന.

ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് ഷമി മടങ്ങിയത്. കേവലം ഏഴ് മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് താരം നേടിയത്. ടൂർണമെന്റിന്റെ ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷമി ഹർദിക് പാണ്ട്യയുടെ പരിക്കിനെ തുടർന്നാണ് ടീമിലേക്ക് തിരികെ എത്തിയത്.
മൂന്നാം ലോക കിരീടം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ ഇന്നലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ തുടക്കം തന്നെ പാളി.ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ പരാജയപ്പെട്ടതോടെ രോഹിത് ശർമ്മയ്ക്ക് ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ട ഗതികേടായിരുന്നു.
ഇതോടെ സമ്മർദ്ദത്തിലായ താരം നീണ്ട ഇന്നിങ്‌സ് കളിക്കുന്നതിന് മുൻപ് തന്നെ പുറത്തായി. പിന്നാലെ വന്ന കോഹ്ലി വിക്കറ്റ് നഷ്‌ടപ്പെടാതെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെ ക്രീസിലെത്തിയ കെഎൽ രാഹുലാവട്ടെ സ്കോറിംഗ് വേഗത ഉയർത്താൻ ഒട്ടും താത്പര്യം കാണിച്ചതുമില്ല. ഒടുവിൽ ഇന്ത്യ അൻപത് ഓവറിൽ ഓസീസിന് മുൻപിൽ ഉയർത്തിയ ലക്ഷ്യം 241 റൺസായിരുന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ ആദ്യമൊന്ന് പരിഭ്രമത്തിലാഴ്ത്താൻ കഴിഞ്ഞെങ്കിലും അവർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രാവിസ് ഹെഡ് കീഴടങ്ങാതെ പൊരുതിയതോടെ ഓസീസിന്റെ നില കൂടുതൽ ഭദ്രമായി. ഒടുവിൽ മത്സരവും ആറാം ലോക കിരീടവും കൈപ്പിടിയിലാക്കിയാണ് പാറ്റ് കമ്മിൻസും സംഘവും മടങ്ങിയത്.












Click it and Unblock the Notifications