ഓസീസിനെ കണ്ടപ്പോൾ കളി മറന്നതല്ല; ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ ഇതാ..
മൂന്നാം ലോക കിരീടം തേടി ഇറങ്ങിയ ഇന്ത്യയുടെ വഴിമുടക്കി ഓസ്‌ട്രേലിയ വീണ്ടും ചാമ്പ്യന്മാരായപ്പോൾ തകർന്നുവീണത് കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകളാണ്. ഫൈനലിന് മുൻപ് മുൻപ് വരെ ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നു അവർ. എന്നാൽ ഐസിസി ടൂർണമെന്റുകളുടെ അവസാന ലാപ്പിൽ കലമുടയ്ക്കുന്ന കാലങ്ങളായുള്ള പതിവ് തെറ്റിക്കാൻ ഇന്ത്യ കൂട്ടാക്കാതെ വന്നതോടെ ഇന്നത്തെ പ്രഭാതവും യാതൊരു പ്രത്യേകതകളുമില്ലാതെ കടന്നുപോയി.
ടോസ് മുതൽ അങ്ങോട്ട് ഇന്ത്യയ്ക്ക് പ്രതികൂലമായാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. പത്ത് മത്സരങ്ങൾ ജയിച്ച ഇന്ത്യ കൂറ്റൻ സ്‌കോറുകൾ പടുത്തുയർത്തിയാണ് പല്ലപ്പോഴും എതിർ ടീമുകളെ വെല്ലുവിളിച്ചത്. എന്നാൽ മഹാഭാരത യുദ്ധത്തിലെ കർണ്ണനെ പോലെ താൻ അഭ്യസിച്ച വിദ്യകളെല്ലാം ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ മറന്നുപോവുന്ന ശാപത്തിന്റെ ഗതികേട് ഇന്ത്യൻ ടീമിനും ഉണ്ടോ എന്ന് തോന്നിപ്പോവുന്ന തരത്തിലായിരുന്നു അവരുടെ ഫൈനലിലെ പ്രകടനം.

അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുൻപിൽ സമ്മർദ്ദം ഇന്ത്യയ്ക്ക് വിനയായെന്ന് വേണം കരുതാൻ. എങ്കിലും ഫൈനലിലെ തോൽവിയിൽ താരങ്ങളെ നമുക്ക് വ്യക്തിപരമായി കുറ്റപ്പെടുത്താൻ കഴിയില്ല. ലോകകപ്പിൽ അവർ പൂർണമായും ആത്മാർത്ഥതയോടെ സർവവും നൽകി തന്നെയാണ് കളിച്ചതെന്ന് നമുക്ക് തറപ്പിച്ചു പറയാൻ കഴിയും. എങ്കിലും ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ ഇവയൊക്കെയാണ്....
ഗില്ലിന്റെ പരാജയം
ലോകകപ്പിന് മുൻപ് ഫോമിന്റെ കൊടുമുടിയിൽ നിന്നിരുന്ന യുവതാരം ശുഭ്മാൻ ഗിൽ ടൂർണമെന്റിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനമല്ല പുറത്തെടുത്തത്. പൊതുവെ വേഗത കുറഞ്ഞ അഹമ്മദാബാദിലെ പിച്ചിൽ സ്ട്രോക്ക് പ്ലേ നടത്താൻ താരം നന്നേ ബുദ്ധിമുട്ടി. കഴിഞ്ഞ പത്ത് മത്സരങ്ങളിലും കെട്ടുറപ്പുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയായിരുന്നു ഇന്ത്യയുടെ വിജയരഹസ്യം, അത് ഇന്നലെ നടപ്പായില്ല.
മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക്
ഗിൽ തുടക്കത്തിലേ പുറത്തായിട്ടും പതറാതിരുന്ന രോഹിത് ശർമ്മ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ബാറ്റ് വീശി സ്കോറിംഗ് ഉയർത്തി. എന്നാൽ ക്യാപ്റ്റൻ പുറത്തായതിന് പിന്നാലെ ഇറങ്ങിയ നാലാം നമ്പർ ബാറ്റർ ശ്രേയസ് അയ്യർ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ കഷ്‌ടകാലം തുടങ്ങി. പത്തോവറിൽ വിക്കറ്റിന് 80 റൺസ് എന്ന നിലയിൽ ശ്രേയസ് പുറത്തായതോടെ ഇന്ത്യ മുടന്തൻ തുടങ്ങി. യഥാർത്ഥത്തിൽ മത്സരഫലം നിർണയിച്ചത് അടുത്ത 20 ഓവറുകളായിരുന്നു. ഈ ഘട്ടത്തിലെ മെല്ലെപ്പോക്ക് ഇന്ത്യൻ സ്കോറിനെ സാരമായി ബാധിച്ചു.
സൂര്യകുമാർ യാദവിനെ വൈകി ഇറക്കിയത്
റൺറേറ്റിൽ പിന്നിലേക് പോയ ഇന്ത്യയെ തിരികെ കൊണ്ട് വരാൻ കഴിയുന്ന താരമായിരുന്നു സൂര്യകുമാർ യാദവ്. എന്നാൽ വിരാട് കോഹ്‌ലി അർധ സെഞ്ച്വറി നേടി പുറത്തായതിന് പിന്നാലെ ജഡേജയെ ഇറക്കാനുള്ള ടീമിന്റെ തന്ത്രം പാളി. ജഡേജയ്ക്ക് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാനായില്ല എന്ന് മാത്രമല്ല പിന്നാലെ വന്ന സൂര്യക്ക് അത് കൂടുതൽ സമ്മർദ്ദമാവുകയും ചെയ്‌തു.
സിറാജിന്റെ സ്‌പെൽ
ഇത്തവണ ബൗളർമാർ മികച്ച പ്രകടനം കാഴ്‌ചവച്ചത് കൊണ്ടാണ് ഇന്ത്യ ഫൈനലിലെത്തിയതെന്ന് എല്ലാവർക്കും അറിയാം. അതിൽ എടുത്ത് പറയേണ്ടത് സിറാജിന്റെയും ബുമ്രയുടെയും തുടക്കത്തിലെ ഓവറുകളാണ്. എന്നാൽ ഇന്നലെ രോഹിത് ശർമ്മ ഷമിയെയും, ബുമ്രയെയും വെച്ചാണ് ബൗളിംഗ് ആരംഭിച്ചത്. ഇതിൽ ഉണ്ടായ വീഴ്‌ച എന്താണെന്നാൽ സിറാജിന് ന്യൂബോൾ നന്നായി പന്തെറിയാൻ അറിയാം. എന്നാൽ ഇന്നിംഗ്‌സ് പുരോഗമിക്കവേ മധ്യ ഓവറുകളിൽ ബോൾ പഴകുമ്പോൾ സിറാജിന് പരിമിതികളുണ്ട്. ഇതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
അക്രമണാത്മക സമീപനത്തിന്റെ കുറവ്
ഓസീസ് ഇന്നിംഗ്‌സ് ആരംഭിച്ചതിന് ശേഷം തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ആ മൊമന്റം നിലനിർത്താൻ അവർ ശ്രമിച്ചില്ല. അൽപ്പം കൂടി സമ്മർദ്ദം ഓസീസ് താരങ്ങൾക്ക് മേൽ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മറ്റൊന്നായേനേ.












Click it and Unblock the Notifications