ഇന്ത്യയുടെ യശസ് ഉയർത്തിയ ജയ്‌സ്വാൾ; പാനിപുരി വിൽപ്പനയിൽ നിന്ന് കോടീശ്വരനിലേക്ക്, ആസ്‌തി 16 കോടിയോ?
ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് കിരീടത്തിന് ശേഷം ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിലാണ് ഇപ്പോൾ കളിക്കുന്നത്. എന്നാൽ കോച്ചായി ചുമതലയേറ്റെടുത്ത് കേവലം മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഒട്ടേറെ മോശം റെക്കോർഡുകൾ ഇന്ത്യൻ ടീം നേടുന്നത് ഗംഭീറിന് സാക്ഷിയാകേണ്ടി വന്നിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് ശേഷം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹമാവുമായി എത്തിയ ഇന്ത്യയെ ന്യൂസിലാൻഡ് വരിഞ്ഞു മുറുക്കിയപ്പോഴും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ച താരങ്ങളിൽ ഒരാളായിരുന്നു യശസ്വി ജയ്‌സ്വാൾ.
തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയിലൂടെ ആരാധകരെ കൈയിലെടുക്കുക മാത്രമല്ല ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കുകയും താരം ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു റെക്കോർഡ് കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു കലണ്ടർ വർഷം ഇന്ത്യക്ക് വേണ്ടി ആയിരം റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിലപ്പെട്ട റെക്കോർഡാണ് യുപിയിൽ നിന്നുള്ള ഈ യുവതാരം സ്വന്തമാക്കിയത്.

ഇന്ത്യയുടെ മുൻകാല ഇതിഹാസ താരം ദിലീപ് വെങ്‌സർക്കാർ സ്ഥാപിച്ച റെക്കോർഡാണ് യശസ്വി ജയ്‌സ്വാൾ പഴങ്കഥയാക്കിയത്. 23ആം വയസിൽ 1979ലാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയതെങ്കിൽ ജയ്‌സ്വാളിന് ഇപ്പോൾ പ്രായം 22 മാത്രമാണ്. ഇതോടെ വീണ്ടും യശസ്വി ജയ്‌സ്വാളിന്റെ പ്രകടന മികവിനെ കുറിച്ച് ചർച്ചകൾ സജീവമാണ്, ഒപ്പം ഈ ചെറിയ പ്രായത്തിൽ തന്നെ താരം ഉണ്ടാക്കിയെടുത്ത സമ്പാദ്യത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
യശസ്വി ജയ്‌സ്വാൾ: പ്രായം കുറഞ്ഞ കോടീശ്വരൻ
നിലവിലെ ഇന്ത്യൻ ടെസ്‌റ്റ് ടീമിലെ പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ് ജയ്‌സ്വാൾ. എന്നാൽ അതൊന്നും താരത്തിന്റെ സമ്പാദ്യത്തിൽ പ്രതിഫലിക്കുന്നില്ല. ഈ കുറഞ്ഞ പ്രായത്തിലും വൻ പ്രതിഫലമാണ് ഇന്ത്യൻ ദേശീയ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നുമൊക്കെ താരം വാങ്ങിക്കൂട്ടുന്നത്. അതിൽ ഐപിഎൽ പ്രതിഫലം വളരെ ഉയർന്ന സംഖ്യയാണ്.
കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി പേരെടുത്ത ജയ്‌സ്വാൾ നിലവിൽ ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. മാത്രമല്ല താരത്തിന് ബി ലിസ്‌റ്റ് വാർഷിക കരാറുമുണ്ട് ബിസിസിഐയുമായി. ഇതിൽ നിന്ന് മൂന്ന് കോടിയോളം രൂപ വാർഷിക പ്രതിഫലം ലഭിക്കും. ഐപിഎല്ലിൽ ആവട്ടെ കഴിഞ്ഞ സീസൺ വരെ നാല് കോടിയോളം രൂപയാണ് രാജസ്ഥാൻ റോയൽസ് താരത്തിന് നൽകിയത്.
എന്നാൽ ഇത്തവണ അതിലും ഉയരാനാണ് സാധ്യത. ഇതൊക്കെയും കണക്ക് കൂട്ടുമ്പോൾ നിലവിൽ യശസ്വി ജയ്‌സ്വാളിന്റെ ആസ്‌തി ഏകദേശം പതിനാറ് കോടിയോളം രൂപയാണ്. ദേശീയ ടീമിലെ മാച്ച് ഫീ, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഫലം എന്നിവയ്ക്ക് പുറമേ താരത്തിന് വിവിധ ബ്രാൻഡുകളുമായി ഉള്ള പങ്കാളിത്തത്തിലൂടെ വൻ തുക ലഭിക്കുന്നുണ്ട്. നിലവിൽ ഫയർബോൾട്ട് ഉൾപ്പെടെയുള്ള കമ്പനികളുമായി താരത്തിന് പങ്കാളിത്തമുണ്ട്.
ഇത്രയും ഉയർന്ന സാമ്പത്തിക സ്ഥിതിയിൽ എത്തിയെങ്കിലും താരം ഇപ്പോഴും എളിമയോടെ തന്നെയാണ് ജീവിക്കുന്നത്. നേരത്തെ പഠന കാലത്ത് പണം സമ്പാദിക്കാനായി പാനി പുരി വിറ്റ് നടന്ന യശസ്വിയുടെ മുന്നേറ്റം അതുകൊണ്ട് തന്നെ ഒട്ടേറെ യുവതാരങ്ങൾക്ക് വലിയ പ്രചോദനം തന്നെയാണ്. അത് ക്രിക്കറ്റിലേക്ക് വരാനിരിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ സ്വാധീനിക്കും എന്നുറപ്പാണ്.












Click it and Unblock the Notifications