മുംബൈ ഇന്ത്യൻസിൽ രോഹിതും ഹർദിക്കും തമ്മിൽ ക്യാപ്റ്റൻസി തർക്കം..? യുവരാജ് പറയുന്നത് ഇങ്ങനെ...
വരാനിരിക്കുന്ന ഐപിഎൽ സീസണിൽ വമ്പൻ മാറ്റങ്ങളുമായാണ് അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കളത്തിൽ ഇറങ്ങുന്നത്. ഇത്തവണ മുംബൈയെ നയിക്കുക മുതിർന്ന താരം രോഹിത് ശർമ്മയല്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. യുവനിരയെ വാർത്തെടുക്കാനുള്ള ഫ്രാഞ്ചൈസിയുടെ ശ്രമങ്ങളുടെ ഭാഗമായി ഗുജറാത്ത് ടീമിൽ നിന്ന് മോഹവിലയ്ക്ക് ടീമിൽ എത്തിച്ച ഹർദിക് പാണ്ഡ്യയ്ക്ക് ആയിരിക്കും ഇക്കുറി കപ്പിത്താന്റെ ചുമതല.
എന്നാൽ ഇതിന് പിന്നാലെ വിവാദങ്ങളും തലപൊക്കിയിരുന്നു. അഞ്ച് വട്ടം ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിതിനെ മുന്നറിയിപ്പില്ലാതെ മാറ്റിയത് ശരിയായില്ലെന്നും, പണ്ട് പണത്തിന് വേണ്ടി ടീമിനെ ഉപേക്ഷിച്ച ഹർദിക് പാണ്ഡ്യയെ തിരികെ എത്തിച്ചത് തെറ്റായ തീരുമാനം ആയിരുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. രോഹിത് ശർമ്മയോട് മുംബൈ കാട്ടിയത് നീതികേട് ആയിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇരു താരങ്ങളും തമ്മിൽ ഈഗോ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കേണ്ടത് ആത്യാവശ്യം ആണെന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് പറയുന്നത്. "താരങ്ങൾ ഒരുമിച്ച് കളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. അവർക്ക് തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർ തീർച്ചയായും അതിനെക്കുറിച്ച് തുറന്ന് സംസാരിക്കണം." യുവരാജ് പറഞ്ഞു.
"മുംബൈ ഇന്ത്യൻസിനായി കളിച്ചപ്പോഴെല്ലാം ഹാർദിക്കിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ രോഹിത് എല്ലായ്‌പ്പോഴും വളരെ നിർണായക സ്ഥാനം വഹിച്ചിരുന്നു, പ്രത്യേകിച്ച് താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാനുള്ള ബൗളിംഗിന്റെ കാര്യത്തിൽ." ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ച യുവരാജ് ചൂണ്ടിക്കാട്ടി.
"ഡെത്ത് ഓവർ സമയത്ത് ഹർദിക് എല്ലായ്‌പ്പോഴും ബാറ്റിംഗിൽ മികച്ചതാണ്. ഗുജറാത്തിനായി നാലാം നമ്പറിൽ ഇറങ്ങിയ അദ്ദേഹം ഒരു സ്പെഷ്യലിസ്‌റ്റ് ബാറ്ററെപ്പോലെയാണ് ബാറ്റ് ചെയ്‌തത്" യുവരാജ് പറയുന്നു. എന്തെങ്കിലും തരത്തിലുള്ള ഭിന്നതകൾ ഉണ്ടെങ്കിൽ ഇരുവരും തമ്മിൽ സംസാരിച്ച് തീർക്കണം എന്ന് തന്നെയാണ് യുവരാജ് അഭിപ്രായപ്പെടുന്നത്.
അതേസമയം, ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് പാണ്ഡ്യ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാണ്ഡ്യയെ ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.












Click it and Unblock the Notifications