ധോണിയോ കോലിയോ രോഹിതോ, ആരാണ് കേമൻ? യുവരാജ് തിരഞ്ഞെടുത്തത് ഈ പേര്, കാരണം ഇതാണ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ തുല്യനായ താരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കളിക്കാരനാണ് യുവരാജ് സിംഗ്. അതുകൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. ഒരു കാലത്തെ യുവാക്കളുടെ ഹരമായിരുന്ന യുവി ഇപ്പോൾ മത്സര രംഗത്തില്ല. എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ആകാംഷയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലെ യുവരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളായ വിരാട് കോലി, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവരുമായി ബന്ധപ്പെട്ട ചോദ്യത്തിന് യുവരാജിന്റെ ബുദ്ധിപരമായ മറുപടിയാണ് ആരാധകർ ഏറ്റെടുത്തത്. ഈ മൂന്ന് സൂപ്പർ താരങ്ങളിൽ ആരെ ടീമിൽ കളിപ്പിക്കും, ആരെ ബെഞ്ചിൽ ഇരിപ്പിക്കും, ആരെ വിൽക്കും എന്നായിരുന്നു ചോദ്യം.

മുൻപ് തന്നെ ഒരു രോഹിത് ശർമ്മ ആരാധകനായ യുവരാജ് സിംഗ് തന്റെ കളിപ്പിക്കാൻ ഏറ്റവും യോഗ്യനായി കണ്ടത് രോഹിത് ശർമ്മയെ തന്നെയാണ്. ഒരു സുഹൃത്ത് എന്നതിലുപരി രോഹിത് ശർമ്മയുടെ കടുത്ത ആരാധകനാണ് യുവരാജ് എന്ന് പലവട്ടം തുറന്ന് പറഞ്ഞതാണ്. തന്റെ മറുപടിയുടെ യുവരാജ് അത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്‌തത്.
ധോണി, കോലി, രോഹിത് എന്നീ മൂന്ന് പേരിൽ നിന്ന് ഹിറ്റ്മാനെ തിരഞ്ഞെടുക്കാൻ യുവരാജിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതാണ് രസകരമായ കാര്യം. എന്നാൽ പിന്നീടുള്ള ഓപ്‌ഷനുകൾ താരത്തെ ശരിക്കും വലയ്ക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ യുവി നൽകിയ മറുപടി ആരെയും ചിരിപ്പിക്കും.
ഒരു താരമെന്ന നിലയിൽ രോഹിത് ശർമ്മയെ തന്നെ ഞാൻ തിരഞ്ഞെടുക്കും. അദ്ദേഹം മികച്ചൊരു നായകനും മത്സരം ഏത് വിധേനയും തന്റെ വരുതിയിൽ വരുത്താൻ കെൽപ്പുള്ള താരവുമാണെന്ന് യുവരാജ് പറയുന്നു. എന്നാൽ ആരെ വിൽക്കും എന്ന് ചോദിച്ചപ്പോൾ മറ്റ് രണ്ട് സൂപ്പർതാരങ്ങളുടെയും പേര് പറയാതെ തന്റെ പേര് പറഞ്ഞുകൊണ്ടാണ് യുവരാജ് വിവാദങ്ങളിൽ നിന്ന് മാറി നിന്നത്.
വിരാടിനും ധോണിക്കും ഇടയിൽ നിന്ന് ഒരാളെ ഞാൻ ഇതിനായി തിരഞ്ഞെടുത്താൽ നാളെ അത് പ്രധാന വാർത്തയും തലക്കെട്ടും ഒക്കെയായിരിക്കും. അതുകൊണ്ട് ഞാൻ എന്നെ തിരഞ്ഞെടുക്കുകയാണ്. നമ്മളൊക്കെയും സാമാന്യ ബുദ്ധിയുള്ളവരാണ് അതിനാൽ ആര് ബെഞ്ചിൽ ഇരിക്കണം എന്ന കാര്യം മനസിലാക്കാൻ നമുക്ക് കഴിവുണ്ടെന്നും യുവി പറഞ്ഞു.
ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്ത് യുവരാജും മറ്റ് മൂന്ന് താരങ്ങളും ഒരുമിച്ച് ടീമിലുണ്ടായിരുന്നു. നിലവിൽ ക്രിക്കറ്റിൽ സജീവമല്ലെങ്കിലും ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ താരരാജാവ് തന്നെയായിരുന്നു യുവരാജ്. അണ്ടർ 19 ലോകകപ്പ്, 2007 ടി20 ലോകകപ്പ്, 2011 ലോകകപ്പ് എന്നിവയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവരാജ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങ്ങിലും ഒരുപോലെ ശോഭിച്ച ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു യുവി.












Click it and Unblock the Notifications