പാകിസ്ഥാൻ തിരഞ്ഞെടുപ്പ്; ഏറ്റവും വലിയ ഒറ്റക്കക്ഷി, പിഎംഎൽ-എൻ വിജയിച്ചുവെന്ന അവകാശവാദവുമായി നവാസ് ഷെരീഫ്
ന്യൂഡൽഹി: പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന അവകാശവാദവുമായി നവാസ് ഷെരീഫ് രംഗത്ത്. ദേശീയ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെന്നാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചത്.
എന്നാൽ തന്റെ പാർട്ടി എത്ര സീറ്റുകൾ നേടിയെന്ന് ഷെരീഫ് വെളിപ്പെടുത്തിയിട്ടില്ല, വോട്ടെടുപ്പ് നടന്ന 265 സീറ്റുകളിൽ അവസാനത്തെ കുറച്ച് സീറ്റുകളിൽ ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) 42 സീറ്റുകൾ നേടിയെന്നാണ്.

എന്നാൽ രാജ്യത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാൻ ആവശ്യമായ 133 സീറ്റുകൾ എന്ന ഭൂരിപക്ഷത്തിനും വളരെ താഴെയാണത്. അതേസമയം, ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ തന്റെ പ്രതിനിധികൾ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തുമെന്നും നവാസ് ഷെരീഫ് അറിയിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയാണ് പിഎംഎൽ-എൻ എന്നായിരുന്നു ഷെരീഫ് ലാഹോറിൽ അണികളെ അഭിസംബോധന ചെയ്യവേ ഇന്ന് വ്യക്തമാക്കിയത്.
രാജ്യത്തെ പ്രയാസകരമായ സമയങ്ങളിൽ നിന്ന് പാർട്ടി കരകയറ്റി, അത് വീണ്ടും ചെയ്യും. ഒരു സർക്കാർ രൂപീകരിക്കാൻ എല്ലാ പാർട്ടികളും ഒത്തുചേരണം, പ്രതിസന്ധിയിൽ നിന്ന് പാകിസ്ഥാനെ സഹായിക്കാനും ഒപ്പം ചേർന്ന് പ്രവർത്തിക്കാനും പിഎംഎൽ-എൻ അവരെ ക്ഷണിക്കുന്നുവെന്നും നവാസ് ഷെരീഫ് അറിയിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ലഭിച്ച ജനവിധിയെ താൻ മാനിക്കുന്നുവെന്നും ഷെരീഫ് പറയുകയുണ്ടായി. അതേസമയം, ഏറ്റവും ഒടുവിൽ ലഭ്യമായ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇമ്രാൻ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ 88 പേരാണ് വിജയിച്ചത്. നവാസ് ഷെരീഫിന്റെ പാർട്ടിക്ക് 61 സീറ്റുകൾ നേടാനായി. പിപിപി 50 സീറ്റുകൾ നേടിയെന്നും, മറ്റുള്ളവർ 18 സീറ്റുകൾ നേടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്തിന്റെ മധ്യഭാഗത്തും ഖൈബർ-പഖ്തൂൺഖ്വ, പഞ്ചാബ് ജില്ലകളിലും പിടിഐ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്നതായി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാർട്ടിയുടെ ഇൻഫർമേഷൻ സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications