ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്‌ത് യുഎസ്
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്ക. യുഎൻ സുരക്ഷാ സമിതിയിലെ ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ച പ്രമേയം തടയാനാണ് യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചത്.
യുഎസ് നടപടിയെ ഖേദകരം എന്നാണ് പ്രമേയത്തിന്റെ വക്താക്കൾ വിശേഷിപ്പിച്ചത്. മേഖലയിലെ സംഘർഷം മൂന്നാം മാസത്തിലേക്ക് കടക്കവേ, വർധിച്ചു വരുന്ന സിവിലിയൻ മരണങ്ങൾക്കും മറ്റ് നാശ നഷ്‌ടങ്ങൾക്കും ഇത് കാരണമാവുമെന്നും അവർ ചൂണ്ടിക്കാട്ടി. പതിനഞ്ചംഗ സമിതിയിൽ 13-1 എന്ന നിലയിലാണ് വോട്ടിംഗ് നടന്നത്. യുകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഗാസയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർബാധം തുടരുന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ യുഎസും അതിന്റെ ഏറ്റവും അടുത്ത ചില സഖ്യകക്ഷികളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഭിന്നതയാണ് ഏറ്റവും പുതിയ സംഭവ വികാസം പ്രതിഫലിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. ഫ്രാൻസും ജപ്പാനും വെടിനിർത്തലിനുള്ള ആഹ്വാനത്തെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.
അതേസമയം, മേഖലയിൽ ഐക്യരാഷ്ട്രസഭ നടത്തിവന്നിരുന്ന സഹായ പ്രവർത്തനങ്ങളുടെ ഇപ്പോഴത്തെ നിലയിൽ അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ യുഎൻ മാനുഷിക സഹായ പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണെന്ന് സംഘടന വ്യക്തമാക്കി. വടക്കൻ ഗാസയുടെ നിയന്ത്രണം ഉറപ്പാക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളെയാണ് യുഎൻ ഇതിന്റെ കാരണമായി ഉയർത്തി കാട്ടുന്നത്.
ഏഴ് ദിവത്തോളം നീണ്ടുനിന്ന വെടിനിർത്തൽ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ഒരാഴ്‌ചയായി ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പലസ്‌തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വെള്ളിയാഴ്‌ച യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും പലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന ശാശ്വതമായ രാഷ്ട്രീയ പരിഹാരത്തിന് ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തണമെന്നും ആവശ്യപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
തെക്ക് ഭാഗത്ത് ഖാൻ യൂനിസ്, മധ്യഭാഗത്ത് നുസ്സെറാത്ത് ക്യാമ്പ്, വടക്ക് ഗാസ സിറ്റി എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം, വടക്കൻ ഗാസയിൽ ഇസ്രായേൽ ടാങ്ക് ആക്രമണം രൂക്ഷമായതായി മേഖലയിലെ താമസക്കാർ റിപ്പോർട്ട് ചെയ്‌തു. ഖാൻ യൂനിസ് പ്രദേശത്തെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒക്ടോബർ ഏഴിന് ആരംഭിച്ച സംഘർഷത്തിന് ശേഷം മേഖലയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയുടെ ഫലമായി ഇതുവരെ ഗാസയിൽ 17,400ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അവരിൽ എഴുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. ആകെ 46,000-ത്തിലധികം പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications