Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ റെയിൽ പരിഗണിക്കാൻ ഇടയില്ലാത്ത വിഷയം, പെൻഷൻ തുക ഉയർത്തിയേക്കും'; ഡോ. ജോസ് സെബാസ്റ്റ്യൻ

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഇത്തവണത്തെ ബജറ്റിൽ ഉണ്ടായേക്കാവുന്ന നിർണായക പ്രഖ്യാപനങ്ങളും പദ്ധതികളും എന്തൊക്കെയാവും എന്നതിനെ കുറിച്ച് ചർച്ചകൾ സജീവമാണ്. ബജറ്റിൽ കേരളത്തിന് കാത്തുവച്ചിരിക്കുന്നത് എന്തെന്ന കാര്യം സസ്പെൻസ് ആണ്. ഇടക്കാല ബജറ്റിനെ അപേക്ഷിച്ച് കൂടുതൽ ബൃഹത്തായ പ്രഖ്യാപനങ്ങൾ ഇതിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നു. ഇപ്പോഴിതാ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ സാധ്യതകൾ എന്തൊക്കെ എന്ന വിഷയത്തിൽ തന്റെ അഭിപ്രായം വൺഇന്ത്യ മലയാളവുമായി പങ്കുവയ്ക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ.

ഈ സമ്പൂർണ ബജറ്റിൽ എന്താണ് കേരളം പ്രതീക്ഷിക്കേണ്ടത്?

കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്ന ഘടകം റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളാണ്. ശബരിമല സർവീസുമായി ബന്ധപ്പെട്ട സർവേക്ക് വേണ്ടി കൂടുതൽ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ട്. അതിന് പുറമെ നിലവിലെ റെയിൽവേ ലൈനിലെ വളവുകൾ നേരെയാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

drjosesebastianeconomist

ഇപ്പോഴത്തെ റെയിൽവേ ലൈനിന്റെ തന്നെ ഉത്‌പാദന ക്ഷമത കൂടുതൽ വർധിപ്പിക്കാൻ സിഗ്നൽ സംവിധാനം, വളവുകൾ നിവർത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ട്. എയിംസിനെ സംബന്ധിച്ച് ഒരു പ്രഖ്യാപനം ഒരുപക്ഷേ പ്രതീക്ഷിക്കാം. എന്നാൽ അതൊരിക്കലും കേന്ദ്രം മുൻഗണന കൊടുക്കുന്ന കാര്യമല്ല.

കേരളത്തിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പ്രധാന മേഖല നമ്മുടെ ഭക്ഷ്യ സംസ്‌കരണ മേഖലയാണ്. ഇത്തരം വ്യവസായങ്ങൾക്ക് ഇക്കുറി നല്ല പിന്തുണ കേന്ദ്രം നൽകാനിടയുണ്ട്. അത് കേരളത്തിനും പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫാർമർ പ്രൊഡ്യൂസർ കോർപറേറ്റിവ്സ് പോലെയുള്ള കാർഷിക മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുള്ള കാര്യങ്ങൾക്ക് ബജറ്റ് പരിഗണന നൽകിയേക്കും.

കെ റെയിൽ എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമോ?

കെ റെയിൽ എന്ന കേരളത്തിന്റെ ആവശ്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയില്ല. കേരളം ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നുപോവുന്ന സാഹചര്യത്തിൽ കെ റെയിൽ പോലെയുള്ള പദ്ധതികൾ കേന്ദ്രം ഏറ്റെടുത്ത് നടത്തുമെന്ന് കരുതുന്നില്ല. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം നിലവിലെ റെയിൽവേ ലൈനിനൊപ്പം മൂന്നാമതൊരു ലൈൻ കൂടി നൽകുക എന്നതിനാവും കൂടുതൽ പ്രാധാന്യം കൊടുക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ എന്തൊക്കെയാവും?

നിലവിലെ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് കിട്ടാനുള്ള സാധ്യതയുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രം പരിഗണിച്ചേക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി റെയിൽ, റോഡ് തുടങ്ങിയ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പരിഗണന നൽകിയേക്കും.

പെൻഷൻ തുകകൾ ഉയർത്താൻ സാധ്യത ഉണ്ടോ?

സാധാരണക്കാരുടെ പെൻഷൻ തുകകൾ ഉയർത്തുന്നതിന് ഭാഗമായി ഇതിനുള്ള ഫണ്ട് കൂടുതൽ അനുവദിക്കാൻ സാധ്യതയുണ്ട്. കേരളം പോലെ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ നിലയിൽ തുടരാൻ കഴിയില്ല, പ്രത്യേകിച്ച് നിലവിലെ ക്ഷേമ പെൻഷനിൽ വലിയൊരു ശതമാനവും സംസ്ഥാനം മുടക്കുന്ന സാഹചര്യത്തിൽ.

വൃദ്ധ ജനങ്ങൾക്ക് വേണ്ടിയുള്ള കേന്ദ്രത്തിന്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒരു വർധനവ് ഉണ്ടാവാൻ ഇടയുണ്ട്. ഇന്ത്യയിൽ 2050ഓട് കൂടി ഏകദേശം ഇന്നത്തേതിനേക്കാൾ വൃദ്ധ ജനങ്ങളുടെ എണ്ണം ഇരട്ടിയാകും. അതുകൊണ്ട് തന്നെ ഈ ബജറ്റിൽ ഇത്തരം മേഖലകൾക്ക് കൂടുതൽ തുക അനുവദിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഇടക്കാല ബജറ്റിന്റെ അതേപാത കേന്ദ്രം സമ്പൂർണ ബജറ്റിലും പിന്തുടരുമോ?

അതിന് യാതൊരു സാധ്യതയും നിലവിലില്ല. ഈ ബജറ്റ് വളരെ ഗൗരവമായി കേന്ദ്ര സർക്കാർ കാണുന്ന ഒന്നാണ്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കേന്ദ്രത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ കൂടുതൽ പദ്ധതികൾ എത്തിച്ചാൽ മാത്രമേ വ്യവസായവൽക്കരണം അടക്കമുള്ളയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയൂ എന്ന കാര്യം അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടാതെ അഭ്യസ്‌ത വിദ്യരുടെ തൊഴിലില്ലായ്‌മ ഉൾപ്പെടെ കുതിച്ചുയർന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ മുൻഗണനാ ക്രമം കാര്യമായ അഴിച്ചുപണിക്ക് വിധേയമാകുക തന്നെ ചെയ്യും.

ഗ്രാമീണ മേഖലയിലെ കർഷകർക്കുള്ള പദ്ധതികൾ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെടുത്തൽ എന്നിങ്ങനെ ഗ്രാമീണ മേഖലയിൽ കൂടുതൽ പണമൊഴുക്കുക എന്നതാവും കേന്ദ്ര നയമെന്ന് കരുതാം.സാധാരണ ജനങ്ങളുടെ ഉപഭോഗം വർധിച്ചാൽ മാത്രമേ വ്യവസായ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുകയുള്ളൂ എന്ന കാര്യം കേന്ദ്രത്തിന് നന്നായറിയാം. അതിനാൽ വ്യവസായവൽക്കരണം മെച്ചെപ്പടുത്താൻ ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം നൽകും.

കർഷക സമരം ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രതിഫലിക്കുമോ?

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് തന്നെയാവും ഇത്. കഴിഞ്ഞ ആറ് മാസത്തിനിടെ ആയിരത്തിലധികം കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്‌തത്. കർഷക ആത്മഹത്യ കുറയ്ക്കാനുള്ള പദ്ധതികൾ ഏത് വിധേനയും ബജറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാവുമെന്ന് തന്നെ കരുതാം. കർഷകർക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതികൾ, വില ഇൻഷുറൻസ്, താങ്ങുവില എന്നിങ്ങനെ എല്ലാ വിഭാഗത്തിലും മെച്ചപ്പെട്ട ബജറ്റ് ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.

റബ്ബർ താങ്ങുവിലയിൽ എന്തെങ്കിലും അത്ഭുതം പ്രതീക്ഷിക്കുന്നുണ്ടോ?

റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലും എനിക്ക് കാര്യമായ പ്രതീക്ഷയൊന്നുമില്ല. കാരണം റബ്ബർ വില അന്താരാഷ്‌ട്ര മാർക്കറ്റിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. അതുകൊണ്ട് തന്നെ ഇതിലൊരു മാറ്റം ഉണ്ടാവാനിടയില്ല. എങ്കിലും കേന്ദ്രം റബ്ബർ അധിഷ്‌ഠിത വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഇടയുണ്ട്. അല്ലാതെ താങ്ങുവിലയിൽ ഒരു അത്ഭുതം ഞാൻ പ്രതീക്ഷിക്കുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+