Get Updates
Get notified of breaking news, exclusive insights, and must-see stories!

''മോദിക്ക് തിരഞ്ഞെടുപ്പ് കാലത്ത് ഭയം, ഇഡിക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി'', എംഎ ബേബി വൺഇന്ത്യയോട്

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ ശക്തമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ നടന്നിരുന്ന പതിവ് പോരാട്ടത്തിലേക്ക് ഇത്തവണ ബിജെപിയും ചേരുന്നുണ്ട്. ഏപ്രിൽ 26ന് ജനവിധി വരാനിരിക്കെ എന്താണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെന്നും, കേന്ദ്ര നിലപാടുകൾ ഏത് തരത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും വൺഇന്ത്യ മലയാളത്തോട് മനസ് തുറക്കുകയാണ് മുതിർന്ന സിപിഎം നേതാവും പോളിറ്റ്ബ്യൂറോ മെമ്പറുമായ എംഎ ബേബി.

ഇത്തവണ എൽഡിഎഫിന് മേൽക്കൈ നൽകുന്ന ഘടകങ്ങൾ എന്തൊക്കെ?

ഇന്ത്യയിൽ ഒരു ഇടതുപക്ഷ സർക്കാർ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ട് ഈ സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന നയങ്ങളാണ് കേന്ദ്രം എക്കാലവും ചെയ്‌തു കൊണ്ടിരിക്കുന്നത്. അതിന്റെ ചില പ്രയാസങ്ങൾ പെൻഷൻ കൊടുക്കുന്നതിൽ ഒക്കെ ഉണ്ടായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ കൃത്യമായി പെൻഷൻ കൊടുത്തതാണ്. മാത്രമല്ല യുഡിഎഫ് കാലത്ത് 600 രൂപയായിരുന്നത് ഇപ്പോൾ 1600 ആയി വർധിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ ആ ബുദ്ധിമുട്ടുകൾ മാറി പെൻഷൻ കൊടുത്തു വരികയാണ്. പാവങ്ങൾക്ക് ആശ്വാസം പകരുന്ന സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. എന്നാൽ അതിനെതിരായി ബിജെപിയും കോൺഗ്രസും ഒരുമിച്ച് നിന്ന് കള്ളപ്രചാര വേല നടത്തുന്നുണ്ട്.

mababycpm

രാഹുൽ ഗാന്ധി ഫാക്‌ടർ ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയത് പോലെയുള്ള ഒരു ഉത്സാഹമൊന്നും കോൺഗ്രസുകാരിലോ ജനങ്ങളിലോ ഇത്തവണ ഇല്ല. കോൺഗ്രസിന്റെ പരിമിതികളെ കുറിച്ച് ജനങ്ങൾ ബോധവന്മാരാണ്. ആളുകൾ ചോദിക്കുന്നുണ്ട് ഇവിടെ ബിജെപിയെ തടുത്തു നിർത്താൻ ഇടതുപക്ഷമുള്ള സമയത്ത് ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള ഇടതുപക്ഷത്തിന് എതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അവരുടെ മുൻഗണന എന്തിനാണ് എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്.

കോൺഗ്രസിന്റെ അസ്ഥിത്വമില്ലായ്‌മ ഇടതിന് ഗുണം ചെയ്യുമോ?

കേരളത്തിൽ മാത്രമല്ല, കോൺഗ്രസിന്റെ അസ്ഥിത്വമില്ലായ്‌മ പുറത്തും പ്രകടമാണ്. അറുപത് സീറ്റിൽ 44 സീറ്റുകൾ കോൺഗ്രസിന് ഉണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. അവിടെ മുഖ്യമന്ത്രി സഹിതം 43 പേർ ബിജെപിയിലേക്ക് പോയി. അവിടെ ഇപ്പോൾ ഇലക്ഷൻ നടക്കുകയാണ്. 10 സീറ്റിൽ ബിജെപി എതിരില്ലാതെ ജയിക്കുകയാണ്, അതും ഒരു അസംബ്ലി ഇലക്ഷനിൽ. കോൺഗ്രസിന് അവിടെ സ്ഥാനാർത്ഥികളെ പോലും നിർത്താൻ കഴിഞ്ഞിട്ടില്ല.

കോൺഗ്രസ് വളരെ ദുർബലപ്പെട്ടു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ഇന്നുള്ളവർ നാളെ ബിജെപിയിലേക്ക് പോവുകയാണ്. കേരളത്തിലും വലിയ പ്രശ്‌നങ്ങളുണ്ട്. എങ്കിലും വലിയ രീതിയിൽ ബാധിക്കാത്തത് ഇടതുപക്ഷം ഇവിടെ ശക്തമായതിനാലാണ്. ഇടതുപക്ഷം കരുത്തുറ്റതായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ എന്ന പോലെ ഇവിടെ ബിജെപിക്ക് ഉയർന്നുവരാനും പ്രവർത്തിക്കാനും കഴിയുന്നില്ല.

മറിച്ചായിരുന്നെങ്കിൽ ഇവിടെ പല കോൺഗ്രസുകാരും ബിജെപി പാളയത്തിൽ ഉണ്ടായിരുന്നേനെ. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങൾ എന്നും അവർക്കൊരു ഭീഷണി തന്നെയാണ്. കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ പത്രസമ്മേളത്തിൽ എത്താൻ വൈകിയതിന് സംബോധന ചെയ്‌ത രീതി സമൂഹത്തിൽ എല്ലാവരും കേട്ടതാണ്.

ഇഡിയെ മുൻനിർത്തി കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുകയാണോ?

ഇലക്ഷൻ ഡ്യൂട്ടി ഫോർ ബിജെപി എന്ന നിലയിലാണ് ഇഡിയുടെ ഇപ്പോഴത്തെ പ്രവർത്തനം. അതിന് പുറമെ എക്‌സ്‌റ്റോർഷൻ ഡ്യൂട്ടി കൂടി അവർ ചെയ്യുന്നുണ്ട്. ഇപ്പോൾ ഇലക്ട്രൽ ബോണ്ട് വിവരങ്ങളെല്ലാം സിപിഎമ്മും അസോസിയേഷൻ ഫോർ ദി ഡെമോക്രറ്റിക് റിഫോംസും നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് പുറത്തുവന്നത്. മോദി സർക്കാർ ഈ കണക്കുകൾ എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവിടാമെന്നുള്ള നിലപാടിലായിരുന്നു. അങ്ങനെയാണ് അവർ എസ്‌ബിഐയെ കൊണ്ട് പറയിപ്പിച്ചത്. എന്നാൽ സുപ്രീം കോടതി അതല്ല പെട്ടെന്ന് വേണമെന്നാണ് പറഞ്ഞത്. ഓരോ ഇലക്ട്രൽ ബോണ്ടിനും നമ്പറുണ്ട്, ആരാണ് വാങ്ങിയതെന്നും അറിയാൻ കഴിയും. അത് പുറത്തുവിടാൻ കോടതി ആവശ്യപ്പെട്ടു.

ഇതിൽ വെളിപ്പെട്ട കാര്യം കൊറേ കമ്പനികൾ 700 കോടി രൂപ ഇലക്ട്രൽ ബോണ്ടായി ബിജെപിക്ക് കൊടുത്തു. അപ്പൊ അവരെ ഇഡി പോയി പിടികൂടി. ബിജെപിയ്ക്ക് 700 കോടി കൊടുത്തവരെയാണ് എന്നോർക്കണം. കൂടുതൽ കിട്ടാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്‌തത്‌. അങ്ങനെ 4000 കോടി കൊടുത്തു. ഇതിന്റെയൊക്കെ രേഖകളുണ്ട്. അതുകൊണ്ടാണ് ഞാൻ ഇഡിയെ ബിജെപിക്ക് വേണ്ടി പണം പിടിച്ചുകൊടുക്കുന്ന എക്‌സ്‌റ്റോർഷൻ കമ്പനികൾ എന്ന് വിളിച്ചത്.

തിരഞ്ഞെടുപ്പിൽ വിഷയം ശക്തമായി ഉന്നയിക്കേണ്ട കോൺഗ്രസിന് അതിന് കഴിയുന്നുണ്ടോ?

ഈ തിരഞ്ഞെടുപ്പ് കാലത്തും ഇതിനെ നഖശിഖാന്തം എതിർക്കേണ്ട കോൺഗ്രസ് പാർട്ടിക്ക് അതിന് ധാർമ്മികമായി ഒരിക്കലും കഴിയില്ല. കാരണം അവരും 1500 കോടി വാങ്ങിച്ചിട്ടുണ്ട്. കാര്യം നിങ്ങളിതിന്റെ ഗുണങ്ങൾ അനുഭവിച്ചു എന്ന് പറയുമ്പോൾ നാണമില്ലാതെ അവർ അത് പോയി വാങ്ങിച്ചു. സിപിഎമ്മാണ് തുടക്കത്തിലേ ഇലക്ട്രൽ ബോണ്ട് വാങ്ങില്ലെന്ന നിലപാട് പ്രഖ്യാപിച്ചത്. കോൺഗ്രസിനെ ഒരുവിധത്തിൽ ബിജെപി ഇതിൽ കുടുക്കുകയാണ് ചെയ്‌തത്‌. കുടുങ്ങുന്ന വിഡ്ഢികളാണ് കോൺഗ്രസ്. അതുകൊണ്ട് ഇതിനെതിരെ അവർക്ക് സംസാരിക്കാൻ കഴിയില്ല.

അന്ന് തന്നെ എതിർത്തിരുന്നെങ്കിൽ ഇന്ന് മൂവായിരം കോടിയുടെ ആദായ നികുതി നോട്ടീസ് കിട്ടിയപ്പോഴും അവർക്ക് പറയാമായിരുന്നു. അത് പറയാനുള്ള ധാർമ്മികത ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി. ആദായ നികുതി വകുപ്പ് കോൺഗ്രസിനെതിരെ പറയുന്ന ആരോപണങ്ങൾ മുഴുവൻ ബിജെപിയും ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമാണ്. ഒരേ തെറ്റ് ചെയ്‌താൽ ബിജെപിയ്ക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ കോൺഗ്രസിനും സിപിഎമ്മിനും സിപിഐക്കുമൊക്കെ പ്രശ്‌നമാണ്, അതും ഓരോ തോതിൽ. സിപിഎം ഈ വിഷയത്തിൽ കോടതിയെ സമീപിച്ചു.

അങ്ങനെ ഈ ഉത്തരവ് സ്‌റ്റേചെയ്‌തു. ഞങ്ങൾ എല്ലാ രേഖകളും ഹാജരാക്കി. കേവലം സാങ്കേതിക പിഴവാണ് സംഭവിച്ചത്. അതൊരു നീണ്ട നിയമ യുദ്ധത്തിലേക്ക് നീങ്ങും. സിപിഎമ്മിനെ പണം അടയ്ക്കാൻ കോടതിക്ക് നിർബന്ധിക്കാൻ കഴിയില്ല. കോൺഗ്രസിന്റെ പ്രവർത്തനം പോലും അവതാളത്തിലാക്കുന്ന തരത്തിലുള്ള ഈ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്ന നിലപാടാണ് സിപിഎമ്മിന്. ആ തരത്തിൽ തന്നെ അതിനെ വിമർശിക്കും.

കെജ്രിവാളിന്റെ അറസ്‌റ്റ് തിരഞ്ഞെടുപ്പിന് മുൻപ് നൽകുന്ന സന്ദേശമെന്ത്?

നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പ് കാലത്ത് വലിയ ഭയം ഉള്ളത് കൊണ്ടാണല്ലോ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറിനെ ചരടുവലിയിലൂടെ എൻഡിഎയിൽ എത്തിച്ചത്. ഇഡിയെ കാട്ടി ഭയപ്പെടുത്തിയാണ് നിതീഷിനെ മറുകണ്ടം ചാടിച്ചത്. അറസ്‌റ്റ് ചെയ്യാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ പട്ടിക തന്നെ നിതീഷിന് മുൻപിൽ വച്ചിരുന്നു.

അതോടെയാണ് നിതീഷ് കളംമാറിയത്. എന്നാൽ ഈ നടപടി ബിജെപിയുടെ വിനാശകാലേ വിപരീത ബുദ്ധി ആയി മാത്രമേ കാണാൻ കഴിയൂ. അത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം. ബീഹാറിൽ നിതീഷിന്റെ വിശ്വാസ്യത ഇടിയുകയാണ്. ഇടത് പാർട്ടികൾ നല്ല രീതിയിൽ മുന്നേറുകയാണ് അഞ്ചോളം സീറ്റുകളിൽ അവർ മത്സരിക്കുന്നുണ്ട്. അതും ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+