യുഎഇയില്‍ ജോലിക്കാരെ വേണം; അടുത്ത വര്‍ഷത്തോടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായേക്കും
അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷത്തോടെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. റോബര്‍ട്ട് ഹാഫ് പുറത്തിറക്കിയ 2025 ലെ സാലറി ഗൈഡ് അനുസരിച്ച് യുഎഇയിലെ അഞ്ച് ബിസിനസ് സംരംഭങ്ങളില്‍ മൂന്നെണ്ണവും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിച്ചേക്കും എന്നാണ് പറയുന്നത്. 2024 ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമാണ്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം മേയ് മാസത്തില്‍ പുറത്ത് വന്നിരുന്നു. അമേരിക്കയില്‍ നാളെയോടെ തിരഞ്ഞെടുപ്പ് കഴിയും. ഈ രണ്ട് രാജ്യങ്ങളിലേയും വ്യക്തമായ ചിത്രം ലഭിക്കുന്നത് വരെ വിപുലീകരണ പദ്ധതികളും റിക്രൂട്ട്മെന്റും നിര്‍ത്തിവയ്ക്കാന്‍ പല വന്‍കിട കമ്പനികളും നിര്‍ബന്ധിതരാകുകയായിരുന്നു. 2025-ല്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് 10-ല്‍ ഏഴ് ബിസിന് നേതാക്കളും ആത്മവിശ്വാസത്തിലാണ്.

12 മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് തൊഴിലുടമകള്‍ക്ക് ഇന്ന് നിയമനം നല്‍കുന്നത് എളുപ്പമാണെന്ന് റോബര്‍ട്ട് ഹാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളെ കണ്ടെത്തുന്നത് എളുപ്പമാണെങ്കിലും ശരിയായ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച പകുതിയോളം ബിസിനസ് നേതാക്കളും പറയുന്നത്. 65 ശതമാനം പേരും 2025 അവസാനിക്കുന്നതിന് മുമ്പ് പുതിയ ജോലി തേടുമെന്നാണ് പറയുന്നത്.
ഇതില്‍ 30 ശതമാനം പേരും വര്‍ധിച്ച് വരുന്ന ജീവിതച്ചെലവ് കാരണമാണ് തൊഴില്‍മാറ്റത്തിന് താല്‍പ്പര്യപ്പെടുന്നത്. യുഎഇയില്‍ ഉയര്‍ന്ന പണപ്പെരുപ്പം തുടരുന്നതിനാല്‍ മൂന്നിലൊന്ന് ജീവനക്കാരും തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതിന് ഉയര്‍ന്ന ശമ്പളം ആവശ്യമാണെന്ന് സമ്മതിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലസരം സൃഷ്ടിക്കുന്നത് യുഎഇ ആണ് എന്നാണ് കൂപ്പര്‍ ഫിച്ചിന്റെ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്.
മൂന്നാം പാദത്തില്‍ 8 ശതമാനം വളര്‍ച്ചയോടെ ജിസിസി രാജ്യങ്ങളില്‍ യുഎഇ ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സൗദി അറേബ്യയിലെ തൊഴിലവസരങ്ങളില്‍ 7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എണ്ണ, എണ്ണ ഇതര മേഖലകളുടെ ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ 2025-ലും ഈ നിയമന പ്രവണത തുടരുമെന്നാണ് റിക്രൂട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
മൂന്നാം പാദത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജിസിസി മൊത്തത്തില്‍ 6.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. 2024-ന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോള്‍ ജിസിസിയിലുടനീളമുള്ള തൊഴിലവസരങ്ങളിലെ ഉയര്‍ച്ചയെ ആണ് ഈ കണക്ക് പ്രതിനിധീകരിക്കുന്നത് എന്നും കൂപ്പര്‍ ഫിച്ച് പറയുന്നു.












Click it and Unblock the Notifications