എമിറേറ്റ്‌സില്‍ ക്യാബിന്‍ ക്രൂ, ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍ ഒഴിവുകള്‍; ശമ്പളവും ആനുകൂല്യങ്ങളും കേട്ടോ?
ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍ നൂറിലധികം തൊഴിലവസരങ്ങള്‍ പുറത്തിറക്കി. മേഖലയിലെ സമീപകാല സംഘര്‍ഷങ്ങള്‍ക്കിടയിലും, തങ്ങള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും, ഈ പ്രതിസന്ധി ഘട്ടത്തിലും നിയമന നടപടികള്‍ തുടരുന്നുണ്ടെന്നും എമിറേറ്റ്സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
എയര്‍ലൈനുകള്‍ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തുകയും വിമാനത്താവളങ്ങള്‍ തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2033-ഓടെ രാജ്യത്തിന് ഏകദേശം 22000 പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്സ് വളര്‍ച്ചയുടെ പാതയില്‍ തുടരുന്നതിനാല്‍, പുതിയ നിയമനങ്ങളും തുടരുകയാണ്. ക്യാബിന്‍ ക്രൂ, ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാബിന്‍ ക്രൂ
ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പോസിറ്റീവായ മനോഭാവം, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളുമായി ഇടപഴകിക്കൊണ്ട്, ഒരു ടീമിന്റെ ഭാഗമായി മികച്ച സേവനം നല്‍കാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകര്‍ കുറഞ്ഞത് പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കണം.
ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം. കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരവും, കാല്‍വിരലുകളില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ 212 സെന്റീമീറ്റര്‍ വരെ എത്താനുള്ള കഴിവും ഉണ്ടായിരിക്കണം. ശരീരത്തില്‍ പുറമെ കാണാവുന്ന ടാറ്റൂകള്‍ പാടില്ല. യുഎഇയുടെ എംപ്ലോയ്മെന്റ് വിസ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്നവരായിരിക്കണം. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നികുതിരഹിത ശമ്പളമാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്.
അടിസ്ഥാന ശമ്പളം പ്രതിമാസം 4,980 ദിര്‍ഹമായിരിക്കും. ഇത് കൂടാതെ മണിക്കൂറിന് 69.60 ദിര്‍ഹം ഫ്‌ലൈയിംഗ് പേ ലഭിക്കും. പ്രതിമാസം ശരാശരി 80-100 മണിക്കൂര്‍ പറക്കുന്നതായി കണക്കാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ശരാശരി മൊത്തം പ്രതിമാസ വരുമാനം 11,244 ദിര്‍ഹമായിരിക്കും.
ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍
മള്‍ട്ടി-ക്രൂ, മള്‍ട്ടി-എഞ്ചിന്‍ വിമാനങ്ങളില്‍ കുറഞ്ഞത് 7,000 മണിക്കൂര്‍ പറന്ന പരിചയമുള്ള ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍മാരെയാണ് എമിറേറ്റ്‌സ് തേടുന്നത്. ആകെ കുറഞ്ഞത് 7,000 മണിക്കൂര്‍ ഫ്‌ലൈയിംഗ് സമയം (P3, റോട്ടറി വിമാനങ്ങള്‍, സിംഗിള്‍/മള്‍ട്ടി-എഞ്ചിന്‍ പിസ്റ്റണ്‍ എയര്‍ക്രാഫ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല) ഉണ്ടായിരിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ എയര്‍ബസ് FBW വിമാനങ്ങളില്‍ ക്യാപ്റ്റനായി കുറഞ്ഞത് 150 മണിക്കൂര്‍ പറന്ന പരിചയം
സാധുതയുള്ള ICAO ATPLഉം അതിന് അനുയോജ്യമായ 'അതോറിറ്റി ക്ലാസ് 1' മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ICAO ഇംഗ്ലീഷ് ലെവല്‍ 5 അല്ലെങ്കില്‍ അതിനു മുകളിലുള്ള യോഗ്യത ഉള്ളവരായിരിക്കണം.
എയര്‍ബസ് FBW വൈഡ്-ബോഡി (A330/A340/A350/A380) വിമാനങ്ങളില്‍ ക്യാപ്റ്റനായി കുറഞ്ഞത് 3,000 മണിക്കൂര്‍ പറന്ന പരിചയം. നിലവില്‍ എയര്‍ബസ് FBW വൈഡ്-ബോഡി വിമാനങ്ങളില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. നികുതിരഹിതമായ വാര്‍ഷിക പാക്കേജ് 1.185 ദശലക്ഷം ദിര്‍ഹം വരെയായിരിക്കും. പ്രതിവര്‍ഷം 575,000 ദിര്‍ഹം കൈയില്‍ ലഭിക്കും.
ഇതില്‍ അടിസ്ഥാന ശമ്പളവും ഫ്‌ലൈയിംഗ് പേയും ഉള്‍പ്പെടുന്നു. താമസ സൗകര്യം കമ്പനി നല്‍കും. 3 കുട്ടികള്‍ക്ക് വരെ പ്രൈമറി വിദ്യാഭ്യാസത്തിന് 52,250 ദിര്‍ഹവും, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് 79,750 ദിര്‍ഹവും അനുവദിക്കും. വര്‍ഷത്തില്‍ 42 കലണ്ടര്‍ ദിവസങ്ങള്‍ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വാര്‍ഷിക അവധിക്കാല യാത്രയ്ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ലഭിക്കും.
എമിറേറ്റ്സ് പ്ലാറ്റിനം കാര്‍ഡ് വഴി റീട്ടെയില്‍, വിനോദം, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രത്യേക ഇളവുകള്‍, ജീവനക്കാര്‍ക്കും അര്‍ഹരായ ആശ്രിതര്‍ക്കും എല്ലാ ക്ലാസ് ക്യാബിനുകളിലും യാത്ര ചെയ്യുമ്പോള്‍ പ്രത്യേക യാത്രാ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പദ്ധതിയിലേക്ക് തൊഴിലുടമയുടെ വിഹിതം, സമഗ്രമായ മെഡിക്കല്‍, ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉണ്ടായിരിക്കും.
കൂടാതെ കമ്പനിയുടെ പ്രവര്‍ത്തനമികവിനെ അടിസ്ഥാനമാക്കി വാര്‍ഷിക ലാഭവിഹിതം ലഭിക്കാനുള്ള അര്‍ഹതയും ഈ തസ്തികകളില്‍ ഉണ്ടായിരിക്കും.





Click it and Unblock the Notifications
