കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ
കണ്ണട ഉപയോഗിക്കുന്നവർക്ക് അത് വൃത്തിയാക്കാനുളള തുണി കണ്ണട വാങ്ങിക്കുമ്പോൾ തന്നെ കിട്ടും. എന്നാൽ എത്ര പേർ അത് ഉപയോഗിക്കാറുണ്ട്. കണ്ണട വാങ്ങിയ ശേഷമുളള കുറച്ച് ദിവസങ്ങൾ ഉപയോഗിച്ചെന്ന് വരാം. പിന്നെ കണ്ണട വൃത്തിയാക്കുന്നത് ഷർട്ടിന്റെയോ സാരിയുടെയോ തുമ്പ് കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ ഒക്കെയാവും.
എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കണ്ണടയിലുളള നേർത്ത ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗ് നശിച്ച് പോകാൻ സാധ്യതയുണ്ട്. ഇതിൽ പോറലേൽക്കുകയോ പാളി ഇളകിപ്പോകുകയോ ചെയ്താൽ പിന്നെ അത് നന്നാക്കാൻ കഴിയില്ല. ലെൻസുകൾ പൂർണ്ണമായും മാറ്റുക മാത്രമാണ് വഴി.
നിങ്ങളുടെ കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. വീട്ടിലെ പല സാധനങ്ങളും വൃത്തിയാക്കാൻ വിനാഗിരി പോലുളളവ നാം ഉപയോഗിക്കാറുണ്ട്. വീര്യം കുറഞ്ഞത് ആണെങ്കിലും കണ്ണട നശിപ്പിക്കാൻ ഇത് മതിയാവും. വിനാഗിരിയിലെ അസിഡിറ്റി ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗിനെ പെട്ടെന്ന് നശിപ്പിക്കും.

പേപ്പർ ടവലുകൾ, ടിഷ്യൂ ഇതൊന്നും ഉപയോഗിച്ച് കണ്ണട തുടയ്ക്കരുത്. കാണാൻ മൃദു ആണെങ്കിലും കണ്ണടയെ സംബന്ധിച്ച് ഇവ പരുക്കനാണ്. നിങ്ങളുടെ കണ്ണടയിൽ ചെറിയ പൊടികളോ മറ്റോ ഉളളത് പേപ്പർ ടവ്വലോ ടിഷ്യൂവോ ഉപയോഗിച്ച് തുടയ്ക്കുന്നത് അത് അമർത്തി ഉരയ്ക്കുന്നത് പോലെയാണ്. ഇത് ലെൻസിൽ പോറലുകൾ ഉണ്ടാക്കും.
കണ്ണട തുടയ്ക്കാൻ മൈക്രോ ഫൈബർ തുണികൾ ഉപയോഗിക്കുന്നതാണ് നല്ലത്. അത് പോലെ ഷർട്ടും സാരിയും ഒക്കെ കണ്ണട തുടയ്ക്കാൻ ഉപയോഗിക്കുന്നതും അത്ര നല്ല ശീലമല്ല. എത്ര മൃദുവായ കോട്ടൺ വസ്ത്രമാണെങ്കിലും അതിൽ പൊടിയും ചെറിയ തരികളും പറ്റിപ്പിടിച്ചിട്ടുണ്ടാകും. ആ തുണികൊണ്ട് ലെൻസ് തുടയ്ക്കുമ്പോൾ ചെറിയ പോറലുകൾ വീഴാൻ സാധ്യതയുണ്ട്.
നല്ല ചൂടുളള വെളളം ഉപയോഗിച്ചും ഒരിക്കലും നിങ്ങളുടെ കണ്ണട വൃത്തിയാക്കാൻ നോക്കരുത്. അമിതമായ ചൂട് ചിലതരം ലെൻസുകളുടെ ആകൃതി മാറാനും കോട്ടിംഗ് പാളികൾ നശിക്കാനും കാരണമായേക്കും. ലെൻസുകൾ തുടയ്ക്കുന്നതിന് മുൻപ് കഴുകാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.



Click it and Unblock the Notifications
