ഭക്ഷണത്തിന് ശേഷം വയറ് വീർക്കലും ദഹനക്കേടും പതിവാണോ? ഈ ആയുർവേദ ഗുണമുള്ള വസ്‌തുക്കൾ സഹായിക്കും
ദഹനക്കുറവും വയറ്റിലെ ഗ്യാസും ഏതൊരാളുടെയും ദിനചര്യയെയും സാധാരണ ജീവിതത്തെയും സ്വാധീനിക്കാം. എന്നാൽ, ആയുർവേദം ലളിതമായ ചില ഭക്ഷണരീതികളിലൂടെയും അടുക്കളയിലെ ചേരുവകളിലൂടെയും മികച്ച ദഹനം ഉറപ്പാക്കാൻ സഹായിക്കുന്നു. അതിന് ഉത്തമമായ അഞ്ച് പ്രധാന ചേരുവകളാണ് അയമോദകം , ജീരകം, പെരുംജീരകം, ഇഞ്ചി, സംഭാരം എന്നിവ. ഈ അടുക്കളയിലെ നിത്യോപയോഗ വസ്‌തുക്കൾ വയറുവീർപ്പും ആഹാരശേഷമുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കും.
വയറ്റിലെ ഗ്യാസിനുള്ള പരമ്പരാഗത പ്രതിവിധികളിൽ ഒന്നാണ് അയമോദകം. പക്കോറ പോലുള്ള എണ്ണമയമുള്ള ഭക്ഷണം കഴിച്ച ശേഷം പല ഇന്ത്യൻ വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന 'തൈമോൾ' എന്ന ഘടകം ദഹനരസങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് വറുത്ത് ചവയ്ക്കുകയോ, പൂരി, പറാട്ട, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയിൽ ചേർക്കുകയോ ചെയ്യാം.

ദഹനത്തെ സഹായിക്കുന്ന മറ്റൊരു പ്രധാന ചേരുവയാണ് ജീരകം. ഗ്യാസ്, വയറുവേദന, നേരിയ അസിഡിറ്റി എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്. ആയുർവേദം നിർദ്ദേശിക്കുന്നത് ആഹാരത്തിന് മുൻപോ ശേഷമോ ജീരക വെള്ളം കുടിക്കാനാണ്. ഒരു ടീസ്‌പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് തണുത്ത ശേഷം സാവധാനം കുടിക്കുക. ഇത് ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താനും വയറിന് കുളിർമ നൽകാനും സഹായിക്കുന്നു.
റെസ്‌റ്റോറന്റുകളിൽ ഭക്ഷണം കഴിച്ച ശേഷം പെരുംജീരകം (സൗംഫ്) സാധാരണയായി നൽകാറുണ്ട്. ഇതിന് മധുരമുള്ള രുചിയും സൗമ്യമായ ഫലവുമാണ്. ദഹനനാളത്തെ വിശ്രമിപ്പിക്കാനും കുടുങ്ങിക്കിടക്കുന്ന ഗ്യാസ് പുറന്തള്ളാനും പെരുംജീരകം സഹായിക്കുന്നു. ഇത് പച്ചയായി ചവയ്ക്കുകയോ, വറുത്ത് കഴിക്കുകയോ, അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുകയോ ചെയ്യാം.
ആയുർവേദത്തിലെ മറ്റൊരു പ്രധാന ദഹനസഹായിയാണ് ഇഞ്ചി. ഇത് ആഹാരത്തെ ദഹനനാളത്തിലൂടെ സുഗമമായി നീക്കാൻ സഹായിക്കുന്നു. കല്ലുപ്പ് ചേർത്ത് പച്ച ഇഞ്ചി കഴിക്കുന്നത് പഴമക്കാരുടെ പതിവാണ്. പരിപ്പ് കറികളിലോ, ചായയിലോ ഇഞ്ചി ചേർക്കാം. എണ്ണമയമുള്ള ഭക്ഷണം കഴിച്ചതിനുശേഷം നേർത്ത ഇഞ്ചി ചായ കുടിക്കുന്നവരും നിരവധിയാണ്.
ഉച്ചഭക്ഷണത്തോടൊപ്പം കുടിക്കുന്ന സംഭാരം നല്ല ഗുണങ്ങൾ നൽകും. വെള്ളം, തൈര്, ലഘുവായ മസാലകൾ എന്നിവ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. വയറ്റിലെ ചൂടും ഗ്യാസും സന്തുലിതമാക്കാൻ സംഭാരം മികച്ചതാണെന്ന് ആയുർവേദം പറയുന്നു. വറുത്ത ജീരകപ്പൊടി, കറുത്ത ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് ഇത് തയ്യാറാക്കാം. ചൂടുള്ള ഇന്ത്യൻ ഉച്ചനേരങ്ങളിൽ ഇത് കുടിക്കുന്നത് നല്ല ഉന്മേഷവും നൽകുന്നു.
അതുപോലെ എപ്പോൾ, എങ്ങനെ ഭക്ഷണം കഴിക്കണം എന്നതിനും ആയുർവേദം വലിയ പ്രാധാന്യം നൽകുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, ദീർഘനേരം വയറു കാലിയാക്കരുത്. ഓരോ പിടി ഭക്ഷണവും നന്നായി ചവച്ചരച്ച് കഴിക്കുകയും, ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. വളരെ വൈകിയുള്ള അത്താഴം ദഹനത്തെ ബുദ്ധിമുട്ടിലാക്കും. ലഘുവായ, നേരത്തെയുള്ള അത്താഴം വയറു നിറഞ്ഞ അവസ്ഥ ഒഴിവാക്കാനും സുഖകരമായ പ്രഭാതത്തിനും സഹായിക്കും.
യുവാക്കളുടെ മാറിയ ജീവിത ശൈലി പലപ്പോഴും ചിട്ടയില്ലാത്ത ആഹാരരീതിക്ക് കാരണമാകാറുണ്ട്. എന്നാൽ, ഈ അഞ്ച് ആയുർവേദ സൂപ്പർഫുഡുകൾക്ക് അധിക ചെലവോ സമയമോ ആവശ്യമില്ല. ഹോസ്‌റ്റൽ അടുക്കളകളിലും, അപ്പാർട്ട്‌മെന്റുകളിലും, ഓഫീസിലെ ടിഫിൻ സമയത്തും ഇവ എളുപ്പത്തിൽ ഉപയോഗിക്കാം. ഈ ചെറിയ നുറുങ്ങ് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും, തിരക്കിട്ട ദിനചര്യകളിൽ ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കുന്നു.
എങ്കിലും ദീർഘകാലത്തെ വയറുവേദനയോ മറ്റ് ദഹന പ്രശ്‌നങ്ങളോ ഉള്ളവർ ഒരു ഡോക്‌ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ആയുർവേദം ഒരു പ്രത്യേക ചികിത്സാ രീതിക്ക് പകരമല്ല, മറിച്ച് ശരിയായ വൈദ്യോപദേശത്തോടൊപ്പം ഉപയോഗിക്കുമ്പോൾ മികച്ച ഫലം നൽകുന്നു. വേദന, ശരീരഭാരം കുറയുക, രക്തസ്രാവം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.












Click it and Unblock the Notifications