ചിങ്ങമെത്തി; ഇക്കുറി ഓണത്തിന് ട്രെന്‍ഡാകാന്‍ നമ്മുടെ അമ്മമാരുടെ പുളിയിലക്കര സെറ്റും മുണ്ടും
ഓണത്തിന്റെ വരവ് അറിയിച്ച് ചിങ്ങം എത്തി. ഓണത്തിന്റെ ആഘോഷങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ആരംഭിച്ചു കഴിഞ്ഞു. സ്ത്രീകളെ സംബന്ധിച്ച് ആ ദിവസങ്ങളില്‍ കോളജിലും ഓഫീസിലുമൊക്കെ എന്ത് ഉടുക്കും എന്ന ചര്‍ച്ചകളാണ് മുന്നില്‍ നില്‍ക്കുന്നത്. മലയാളി മങ്ക ആകാന്‍ സെറ്റ് സാരി വേണോ സെറ്റ് മുണ്ട് വേണോ എന്ന കണ്‍ഫ്യൂഷനാണ് ആദ്യം ഉണ്ടാവുക.
ഒരുപാട് ഡിസൈനുകളില്‍ സെറ്റും മുണ്ടും കസവ് സാരിയും ഒക്കെ വിപണിയില്‍ ഉണ്ടെങ്കിലും പുതു തലമുറ പഴയ ഫാഷന്‍ സങ്കല്‍പ്പങ്ങളിലേക്ക് തിരിച്ചു മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സമീപകാലത്തായി ഓണനാളുകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റാകുന്നത് പുളിയിലക്കര സെറ്റും മുണ്ടും ആണ്. പല നിറങ്ങളില്‍ നേര്‍ത്ത കരയുള്ള ഈ സെറ്റും മുണ്ടും പഴമയുടെ പ്രൗഡിയും ഭംഗിയും നല്‍കുന്നതാണ്.

നമ്മുടെ അമ്മമാരും അമ്മൂമ്മമാരും ഒക്കെ ധരിച്ചിരുന്ന പുളിയിലക്കര സെറ്റും മുണ്ടും ശരീരത്തിനും ഏറെ സുഖപ്രദമാണ്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് കൃഷ്ണകുമാറും കുടുംബവും ഓണക്കാലത്ത് നടത്തിയ ഫോട്ടോഷൂട്ടില്‍ പുളിയിലക്കര സെറ്റും മുണ്ടും അണിഞ്ഞാണ് എത്തിയത്. അതിമനോഹരമായ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ യുവതലമുറയും ഈ പുളിയിലക്കര സെറ്റും മുണ്ടും ഏറ്റെടുത്തു.
ലാളിത്യമാണ് ഈ സെറ്റും മുണ്ടിന്റെയും ഭംഗി. പഴയ സിനിമകളിലെ നായികമാരുടെ വസ്ത്രങ്ങളില്‍ പുളിയിലക്കര സെറ്റും മുണ്ടിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇതില്‍ തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് അധികം ഡിസൈനുകള്‍ ഇല്ലാത്ത പുളിയിലക്കര സെറ്റും മുണ്ടും ആണ്. പുളിയിലക്കര ഡിസൈനുകളും ഇപ്പോള്‍ ലഭ്യമാണ്.
ഇപ്പോള്‍ വളരെ ട്രെന്‍ഡിങ് ആണ് ഈ വിഭാഗത്തിലുള്ള സാരികള്‍. കേരളത്തിന്റെ പൈതൃകവും ലാളിത്യവും ചേരുന്ന ഈ വസ്ത്രം കാലാതീതമാകുന്ന കാഴ്ച്ചയാണ് കാണുന്നത്. അതില്‍ തന്നെ കറുത്ത കരയുള്ള സെറ്റിനും മുണ്ടിനുമാണ് ഏറ്റവും ഡിമാന്‍ഡുള്ളത്.
പുളിയിലക്കര സെറ്റും മുണ്ടും ഏത് പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമാണ്. ഒറ്റ നിറത്തിലുള്ള് ബ്ലൗസും ഡിസൈനര്‍ ബ്ലൗസും ഇതിന് അനുയോജ്യമാണ്. അജ്റക്, മിറര്‍ വര്‍ക്ക്, പോള്‍ക്ക ഡോട്ട്, ബ്രൊക്കെയ്ഡ്, കലംകാരി തുടങ്ങിയ കോണ്‍ട്രാസ്റ്റ് ബ്ലൗസുകളാണ് ഈ സെറ്റിനും മുണ്ടിനും ഒപ്പം അണിയുന്നത്.
പുളിയിലയുടെ വീതിയിലുള്ള കരയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. പണ്ട് അമ്പലങ്ങളില്‍ പോകാനും മറ്റുമാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഓണക്കാലത്താണ് പുളിയിലക്കര സെറ്റും മുണ്ടും ട്രെന്‍ഡിങ്ങാകുന്നത്.












Click it and Unblock the Notifications