ഷൂസ് ഊരിയാൽ സഹിക്കാനാകാത്ത ദുർഗന്ധമാണോ? ഇത് മാറ്റി ഫ്രഷ് ആക്കാൻ അടുക്കളയിലെ പൊടിക്കൈ
ആളുകളുടെ മുന്നിൽ നിന്ന് ഷൂ അഴിക്കുമ്പോൾ പലപ്പോഴും നമ്മൾ നാണംകെട്ട് പോകാറുണ്ട്. കാരണം ഷൂവിൽ നിന്നും സഹിക്കാൻ പറ്റാത്ത തരത്തിലുളള ദുർഗന്ധം ചിലപ്പോൾ വരും. ചിലപ്പോൾ ഷൂ നനഞ്ഞാലും ഇത് പോലുളള ദുർഗന്ധം വരാറുണ്ട്.
മറ്റുളളവരുടെ മുന്നിൽ ഈ നാണക്കേട് ഒഴിവാക്കാൻ ഷൂ കളയേണ്ട കാര്യമില്ല. നിങ്ങളുടെ അടുക്കളയിൽ തന്നെയുളള ചില വസ്തുക്കൾ ഉപയോഗിച്ച് ഷൂവിലെ ദുർഗന്ധം മാറ്റാൻ സാധിക്കും.
നിങ്ങൾ കാലിൽ ധരിക്കുമ്പോൾ വായു കടക്കാതെ അടഞ്ഞ് ഇരിക്കുന്നതും വിയർപ്പ് തങ്ങി നിൽക്കുന്നതും കാരണം ഷൂസിൽ ബാക്ടീരിയകൾ വളരാൻ ഏറ്റവും കൂടുതൽ അനുയോജ്യമായ ഇടമാണ്. അത് തന്നെയാണ് ദുർഗന്ധത്തിനും കാരണം. അത് മാറ്റാനുളള പൊടിക്കൈ ആണ് ബേക്കിംഗ് സോഡ.

ബേക്കിംഗ് സോഡ ഇടുന്നതിന് മുൻപ് ഷൂസ് പൂർണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തുക. നനഞ്ഞ ഷൂസിൽ ഇട്ടാൽ ഇത് കുഴമ്പ് രൂപത്തിലാവുകയും ഷൂസിന്റെ മെറ്റീരിയലിന് കേടുപാടുകൾ വരുത്തുകയും ചെയ്യും. ഓരോ ഷൂസിലും ഒന്നുമുതൽ മൂന്ന് ടേബിൾസ്പൂൺ വരെ ബേക്കിംഗ് സോഡ ഇടുക. ഷൂവിന്റെ ഉൾഭാഗത്തും മുൻവശത്തുമെല്ലാം പൊടി എത്തുന്ന രീതിയിൽ നന്നായി കുലുക്കുക.
ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ ഇത് ഇങ്ങനെ തന്നെ വെക്കുക. കടുത്ത ദുർഗന്ധമുള്ള ഷൂസാണെങ്കിൽ 24 മണിക്കൂർ വരെ വെക്കാവുന്നതാണ്. രാവിലെ ഷൂവിലെ പൊടി കളയുക. ഷൂസിനുളളിലേക്ക് നേരിട്ട് പൊടി ഇടാൻ താൽപര്യം ഇല്ലെങ്കിൽ കോട്ടൺ തുണിയിലോ മറ്റോ ബേക്കിംഗ് സോഡ ഇട്ട് കെട്ടി ഷൂസിനകത്ത് വെച്ചലും മതി. വേണമെങ്കിൽ സുഗന്ധത്തിനായി ഇതിൽ ഒന്നോ രണ്ടോ തുള്ളി എസ്സെൻഷ്യൽ ഓയിൽ കൂടി ചേർക്കാവുന്നതാണ്.
സാധാരണയായി ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ ദുർഗന്ധം തുടങ്ങുന്നു എന്ന് തോന്നുമ്പോഴോ ഇത് ചെയ്യാം. സോക്സ് ഇടാതെ ഷൂ ധരിക്കുന്നവരാണെങ്കിൽ ദിവസവും ഇത് ചെയ്യേണ്ടി വന്നേക്കാം. പലതവണ ചെയ്തിട്ടും ദുർഗന്ധം മാറുന്നില്ലെങ്കിൽ ഷൂ നന്നായി കഴുകി ഇൻസോൾ ഊരിമാറ്റി തണലത്ത് ഉണക്കുക.



Click it and Unblock the Notifications
