ക്രിസ്തുമസിന് വെള്ള ഷർട്ടിൽ വൈൻ വീണ് കറ പിടിച്ചോ? വൈൻ കറ എളുപ്പത്തിൽ മാറ്റാനുളള വഴികളിതാ
ക്രിസ്തുമസും പുതുവർഷവുമെല്ലാം ഇങ്ങ് അടുത്ത് എത്തിക്കഴിഞ്ഞു. ഇനി നമ്മുടെ വീട്ടിലെ തീൻ മേശകളിൽ വൈനും കേക്കുമെല്ലാം ഇടം പിടിക്കും. വൈൻ എല്ലാവർക്കും ഇഷ്ടമൊക്കെ ആണെങ്കിലും ആളൽപം കുഴപ്പക്കാരനാണ്. എങ്ങാനും വെളുത്ത വസ്ത്രത്തിലോ കാർപെറ്റിലോ മറ്റോ വീണ് പോയാൽ കറ പിടിക്കും.
ഈ കറയാകട്ടെ എളുപ്പത്തിൽ ഉണങ്ങിപ്പിടിക്കുകയും ചെയ്യും. പക്ഷേ പേടിക്കേണ്ടതില്ല. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വൈൻ കറ എളുപ്പത്തിൽ മാറ്റാൻ സാധിക്കും.
വൈൻ വസ്ത്രത്തിൽ വീണാൽ കറ പറ്റിയ ഭാഗം ഉരച്ചു കഴുകുകയാണ് ആദ്യം എല്ലാവരും ചെയ്യുക. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ കറ ആഴ്ന്നിറങ്ങാനും കൂടുതൽ ഭാഗത്തേക്ക് പടരാനും ഇടയുണ്ട്. ആദ്യം വേണ്ടത് വൃത്തിയുള്ള തുണി കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ മൃദുവായി ഒപ്പിയെടുക്കുകയാണ്.

വൈൻ കറ പൂർണ്ണമായി പോകുന്നതുവരെ വസ്ത്രം ഡ്രൈയറിലോ കടുത്ത വെയിലിലോ ഇട്ട് ഉണക്കരുത്. കാരണം ചൂട് തട്ടിയാൽ കറ സ്ഥിരമായി വസ്ത്രത്തിൽ പിടിച്ചിരിക്കും. ഇനി കറ എങ്ങനെ കളയുമെന്ന് നോക്കാം. കറ വീണ ഭാഗത്ത് ഉടൻ തന്നെ കുറച്ച് ഉപ്പ് വിതറുക. ഈർപ്പവും കറയും ഉപ്പ് വലിച്ചെടുക്കും. കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഡിറ്റർജന്റ് ഉപയോഗിച്ച് അലക്കാം.
മറ്റൊരു വഴി ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും ചേർത്ത് കുഴമ്പുരൂപത്തിലാക്കി കറയിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം വൃത്തിയായി കഴുകിക്കളയാം. കറ പറ്റിയ ഭാഗം ഒരു പാത്രത്തിന് മുകളിൽ വലിച്ച് പിടിച്ച് പിന്നിലൂടെ തിളച്ച വെള്ളം ഒഴിക്കുന്ന രീതിയും ചില തുണികളിൽ ഫലപ്രദമാണ്. കറ മാറിയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം വസ്ത്രം സാധാരണ രീതിയിൽ അലക്കുക. പഴകിയ കറയാണെങ്കിൽ അലക്കുന്നതിന് മുൻപ് കുറച്ചുനേരം തണുത്ത വെള്ളത്തിൽ കുതിർത്തു വെക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
