ദിവസവും രാവിലെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിച്ചാൽ തടി കുറയുമോ? അറിയാം
രാവിലെ ചെറുചൂടുവെള്ളത്തിൽ അൽപം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഇത് ശീലമാക്കിയാൽ ശരീരഭാരം കുറയും എന്നൊരു പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്.
രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് വയറ്റിലെ കൊഴുപ്പ് ഉരുക്കിക്കളയും, ശരീരത്തിലെ വിഷാംശം നീക്കും എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മാന്ത്രിക വിദ്യയാണോ?
നാരങ്ങാവെള്ളത്തിലൂടെ ശരീരത്തിന് വെള്ളവും അല്പം വിറ്റാമിൻ സിയും ലഭിക്കുന്നു. അതല്ലാതെ നാരങ്ങയ്ക്ക് നേരിട്ട് കൊഴുപ്പ് കത്തിച്ചുകളയുന്ന കഴിവുണ്ടെന്നതിന് തെളിവില്ല. ഒരു നാരങ്ങയിൽ നിന്ന് ഏകദേശം 48 ഗ്രാം നീര് ലഭിക്കും. ഇതിൽ ഏകദേശം 18.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു 19 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് പ്രതിദിനം വേണ്ട വിറ്റാമിൻ സി പുരുഷന്മാർക്ക് 90 മില്ലിഗ്രാമും സ്ത്രീകൾക്ക് 75 മില്ലിഗ്രാമും ആണ്. അപ്പോൾ ഒരു നാരങ്ങ നീര് ശരീരത്തിന് വേണ്ടതിന്റെ നാലിലൊന്നോളം മാത്രമേ നൽകുന്നുള്ളൂ.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാനം നാരങ്ങയല്ല, മറിച്ച് വെള്ളം തന്നെയാണ്. 2024ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഭക്ഷണത്തിന് മുൻപ് ഏകദേശം 500 മില്ലി ലിറ്റർ വെള്ളം കുടിച്ചവരിൽ കൂടുതൽ ഭാരം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. നാരങ്ങാവെള്ളവും സാധാരണ വെള്ളവും തമ്മിൽ താരതമ്യം ചെയ്ത് ശരീരഭാരം കുറയുന്നത് പരിശോധിച്ച പഠനങ്ങൾ നിലവിലില്ല.
രാവിലെ കുടിക്കുന്ന പാനീയത്തിലൂടെ വയറ്റിലെ കൊഴുപ്പ് മാത്രം കുറയുമെന്ന് പലരും കരുതുന്നു. 2011ൽ നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ അഞ്ച് ദിവസം ആറ് ആഴ്ചത്തേക്ക് വയറിനായുള്ള വ്യായാമങ്ങൾ ചെയ്തവരിലും വയറ്റിലെ കൊഴുപ്പ് കുറഞ്ഞതായി കണ്ടെത്തിയിട്ടില്ല. ഏതെങ്കിലും പാനീയത്തിലൂടെ വയറ്റിലെ കൊഴുപ്പ് മാത്രം കുറയ്ക്കാൻ കഴിയുമെന്ന് തെളിവില്ല. നാരങ്ങാവെള്ളത്തിലെ വിറ്റാമിൻ സി ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് ശരീരഭാരം കുറയ്ക്കാനുള്ള വഴിയല്ല.
നാരങ്ങാനീരിൽ അസിഡിറ്റി ഉള്ളതിനാൽ പതിവായി കുടിക്കുന്നത് പല്ലുകളുടെ ഇനാമലിനെ ബാധിച്ചേക്കാം. സ്ട്രോ ഉപയോഗിച്ച് കുടിക്കുക, കുടിച്ച ശേഷം ശുദ്ധജലം കൊണ്ട് വായ കഴുകുക.



Click it and Unblock the Notifications
